Thrikkannad costal belt Special Arrangement
Kasargod

കള്ളക്കടൽ ഭീതിയിൽ തൃക്കണ്ണാട് തീരം; സംസ്ഥാനപാതയും ക്ഷേത്രവും സംരക്ഷിക്കാൻ അരക്കോടിയുടെ കരിങ്കൽ ഭിത്തി നിർമ്മാണം തുടങ്ങി

കടലും സംസ്ഥാനപാതയും തമ്മിലുള്ള ദൂരം 35 മീറ്ററിൽ താഴെയായി ചുരുങ്ങി. ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതി ഇനിയും യാഥാർത്ഥ്യമായില്ലെന്ന് ആക്ഷേപം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: കള്ളക്കടൽ പ്രതിഭാസം മൂലം തീരപ്രദേശങ്ങൾ വ്യാപകമായി കടലെടുത്തുകൊണ്ടിരിക്കുന്ന കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയോട് ചേർന്ന തൃക്കണ്ണാട് തീരം സംരക്ഷിക്കുന്നതിനുള്ള അടിയന്തിര പ്രവൃത്തികൾക്ക് തുടക്കമായി. നിലവിൽ ഈ ഭാഗത്ത് സംസ്ഥാനപാതയും പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മതിലും കടലും തമ്മിലുള്ള ദൂരം വെറും 35 മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തീരത്ത് 140 മീറ്റർ നീളത്തിൽ 3708.88 മെട്രിക് ടൺ വലിയ കരിങ്കല്ലുകൾ നിരത്തി ശക്തമായ പ്രതിരോധ ഭിത്തി തീർക്കാനാണ് തീരുമാനം. നിലവിൽ കരിങ്കൽ ഭിത്തിയുള്ള തെക്കേ ഭാഗത്തുനിന്ന്‌ വടക്കേ ഭാഗത്തേക്ക് 128 മീറ്റർ നീളത്തിൽ കല്ലുകൾ നിരത്തുന്നതിനായുള്ള വലിയ കുഴികൾ എടുത്തു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ജലസേചന വകുപ്പ് 50 ലക്ഷം രൂപ വകയിരുത്തി ഈ പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടെ തീരം 30 മീറ്ററോളം കടലെടുത്ത് സംസ്ഥാനപാതയുടെ അരികിലേക്ക് തിരമാലകൾ അടിച്ചുകയറുന്ന അവസ്ഥയിലാണ്. റോഡിന്റെ ഒരു വശത്തെ മൺതിട്ട പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു. റോഡിന് തൊട്ടപ്പുറത്താണ് തൃക്കണ്ണാട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുള്ള കൊടുങ്ങല്ലൂരമ്മ മന്ദിരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം കടലെടുത്തിരുന്നു. രണ്ട് വർഷം മുൻപ് മഴക്കാലത്തുണ്ടായ ശക്തമായ തിരയിളക്കത്തിൽ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പുറകിലെ മുറി കടലിൽ പതിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ വലയും യന്ത്രങ്ങളും സൂക്ഷിച്ചിരുന്ന ഈ മുറി കഴിഞ്ഞവർഷം പൂർണ്ണമായും കടലെടുത്തു. ഇതിനുപുറമെ തൃക്കണ്ണാട് ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപവും കടലാക്രമണത്തിൽ നശിച്ചിരുന്നു. ഇത് സംരക്ഷിക്കാൻ ജലസേചന വകുപ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ജിയോ ബാഗ് കടൽഭിത്തിയും തിരമാലകളിൽ തകർന്നുപോയി. കടലേറ്റം ഇതേപടി തുടർന്നാൽ വൈകാതെ സംസ്ഥാനപാതയും കടലെടുക്കുമെന്ന ഭീതിയിലാണ് അധികൃതർ ഈ അടിയന്തിര നടപടി സ്വീകരിച്ചത്.

ക്ഷേത്രത്തിന് മുൻപിൽ നിന്നും ഭക്തർക്ക് കടലിലേക്ക് ഇറങ്ങാനും മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വള്ളങ്ങൾ സുരക്ഷിതമായി കയറ്റാനും ഇറക്കാനുമായി 15 മുതൽ 20 മീറ്റർ വരെ വീതിയിൽ തീരത്ത് മണ്ണിനടിയിൽ മാത്രമായിരിക്കും കല്ല് നിരത്തുക. ഈ ഭാഗത്ത് ഭൂനിരപ്പിന് മുകളിലേക്ക് കല്ല് നിരത്തേണ്ടതില്ലെന്നാണ് നാട്ടുകാരുമായുള്ള ധാരണ. കടൽത്തീരത്ത് മണ്ണിനടിയിലും മുകളിലുമായി ആകെ മൂന്നര മീറ്റർ ഉയരത്തിൽ കല്ല് നിരത്തുന്നതിനാണ് നിലവിൽ കരാറായിരിക്കുന്നത്. ഇതിനായി ഒരു കല്ലിന് 300 മുതൽ 1000 കിലോ വരെ തൂക്കമുള്ള വലിയ തരം കരിങ്കല്ലുകളാണ് ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന മൺസൂൺ കാലം ശക്തമാകുന്നതിന് മുൻപ് തന്നെ നിർമ്മാണം പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി വിശദീകരിക്കുന്നതിനായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി രാജേന്ദ്രൻ, വാർഡ് മെമ്പർ ശംഭു ബേക്കൽ, ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ വി ആർ വിദ്യാസാഗർ, ഭാർഗവൻ കോട്ടിക്കുളം തുടങ്ങിയവർ പങ്കെടുത്തു.

ടെട്രാപോഡ് പദ്ധതി എങ്ങുമെത്തിയിട്ടില്ല

തൃക്കണ്ണാട്ട് അരക്കോടിയുടെ താൽക്കാലിക കരിങ്കൽ ഭിത്തി നിർമ്മാണം നടക്കുമ്പോഴും ഉദുമയുടെ പടിഞ്ഞാറൻ തീരങ്ങൾ സംരക്ഷിക്കാനായി വിഭാവനം ചെയ്ത ചെല്ലാനം മോഡൽ ടെട്രാപോഡ് (Tetrapod) പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ലെന്ന പരാതി ശക്തമാണ്. തൃക്കണ്ണാട് 2200 മീറ്ററും ഉദുമ കൊപ്പൽ, കൊവ്വൽ, ജന്മ കടപ്പുറങ്ങളിൽ 1500 മീറ്ററും നീളത്തിൽ ടെട്രാപോഡ് സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള വലിയൊരു പദ്ധതി ജലസേചന വകുപ്പ് മുൻപ് തയ്യാറാക്കിയിരുന്നു. എന്നാൽ ഭീമമായ തുക ആവശ്യമായി വരുന്ന ഈ വലിയ പദ്ധതിയെക്കുറിച്ച് പിന്നീട് യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്ന് തീരദേശവാസികൾ പറയുന്നു. തൃക്കണ്ണാട്, തമ്പുരാൻ വളപ്പ്, കോട്ടിക്കുളം, ചിറമ്മൽ, കൊപ്പൽ, കൊവ്വൽ, ജന്മ എന്നീ കടപ്പുറങ്ങളിലെ നിരവധി കുടുംബങ്ങളും കൃഷിയിടങ്ങളും നിലവിൽ വലിയ കടലാക്രമണ ഭീഷണിയിലാണ്. കടലേറ്റ ദുരിതത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കഴിഞ്ഞ മഴക്കാലത്ത് കളക്ടറേറ്റ് വളഞ്ഞ് ശക്തമായ സമരം നടത്തിയിരുന്നു.

In response to severe coastal erosion triggered by the "Kallakkadal" phenomenon, the Kerala Irrigation Department has launched a Rs 50 lakh emergency project to construct a 140-metre-long granite seawall using 3,708 tonnes of massive boulders to protect the Kasaragod-Kanhangad State Highway and the historic Trikkannad Trayambakeshwara Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയൻറെ അറസ്റ്റ് അനിവാര്യം, ജയിലിൽ പോകേണ്ടി വരും; സിഎംആർഎൽ കേസിൽ പിണറായിയും മകളും തുല്യകുറ്റക്കാരെന്ന് ഷോൺ ജോർജ്

മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് 5 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

'കാട്ടാളനി'ല്‍ ഉണ്ണി മുകുന്ദനില്ല, ഒരു യൂണിവേഴ്‌സിലുമില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുഎംഎഫ്

കോടാലിയും ഇടിവളയും കൊണ്ട് മർദ്ദനം, ജനനേന്ദ്രിയത്തിലും കണ്ണിലും മുളകുപൊടി കലക്കിയൊഴിച്ചു; 3 പേർ അറസ്റ്റിൽ

'ഹൈഡ്രേറ്റായിരിക്കുക, അസ്വസ്ഥതകള്‍ അവഗണിക്കരുത്'; വെന്തുരുകി ഉത്തരേന്ത്യ; ജാഗ്രതാ നിര്‍ദേശവുമായി പ്രധാനമന്ത്രി

SCROLL FOR NEXT