കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാടിന് സമീപം ചിറ്റാരിയിൽ നടക്കുന്ന പാറഖനനം പ്രദേശവാസികളിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നു. വലിയ തോതിലുള്ള നിയമലംഘനങ്ങൾ നടത്തിയാണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആരോപണം. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനവും നേരത്തെ അനുമതി നിഷേധിച്ചിരുന്നെങ്കിലും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷം ഹൈക്കോടതിയിൽ നിന്ന് പ്രത്യേക പൊലീസ് സംരക്ഷണ ഉത്തരവും സമ്പാദിച്ചാണ് ഉടമകൾ വൻകിട യന്ത്രങ്ങളുമായി ഖനനം പുനരാരംഭിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞെങ്കിലും ഏകദേശം ഒരു കിലോമീറ്ററോളം കുത്തനെയുള്ള മല കയറിയാണ് സംഘം ഖനന മേഖലയിലെത്തിയത്.
പാറ പൊട്ടിക്കൽ നടക്കുന്നതിനിടെ നടത്തിയ പരിശോധനയിൽ, വിലങ്ങാട് പുഴയിലേക്കും തിരിക്കക്കയം വെള്ളച്ചാട്ടത്തിലേക്കും ഒഴുകുന്ന നാല് സ്വാഭാവിക നീർച്ചാലുകൾ റോഡ് നിർമ്മാണത്തിനായി മണ്ണിട്ട് നികത്തിയതായി സംഘം കണ്ടെത്തി. ഇതോടെ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. സമീപത്തെ ആദിവാസി കോളനികളിലെ ജനങ്ങൾ നേരിടുന്ന ആശങ്ക ചൂണ്ടിക്കാട്ടിയ സർവ്വകക്ഷി സംഘം, ഖനനം നിർത്തിവെപ്പിക്കാൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു.
"ജനങ്ങൾ വലിയ ഭീതിയിലും ആശങ്കയിലുമാണ്. ആദിവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. ചോദ്യം ചെയ്യാൻ ആരുമുണ്ടാകില്ലെന്ന് കരുതിയാണ് ഇവർ ഈ സ്ഥലം തിരഞ്ഞെടുത്തത്," പഞ്ചായത്ത് പ്രസിഡന്റ് ടി പ്രവീൺകുമാർ പറഞ്ഞു. പഞ്ചായത്തിന്റെ അധീനതയിലുള്ള നീർച്ചാലുകൾ നികത്താൻ ആരാണ് അനുമതി നൽകിയതെന്ന് ചോദിച്ച അദ്ദേഹം, നിയമപരമായി പോകാവുന്ന അങ്ങേയറ്റം വരെ പോകാൻ പഞ്ചായത്ത് തീരുമാനിച്ചതായും വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിറ്റാരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ദുരന്തസാധ്യതയുള്ള മേഖലയിൽ അധികൃതർ പ്രകടമായ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വിലങ്ങാട് ഉരുൾപൊട്ടലിനെത്തുടർന്ന് വിലങ്ങാട് 9, 10 വാർഡുകളിലും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലും സ്വകാര്യ ഭൂമിയിൽ പോലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്.
എന്നാൽ, ഇതിനോട് ചേർന്നുകിടക്കുന്നതും സർക്കാർ നിക്ഷിപ്ത വനഭൂമിയുമായി അതിർത്തി പങ്കിടുന്നതുമായ പരിസ്ഥിതി ലോല പ്രദേശമായ ചിറ്റാരിമലയിൽ പാറഖനനത്തിന് അനുമതി നൽകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഖനനം സമീപത്തെ സർക്കാർ സ്ഥാപനങ്ങൾക്കും ജനവാസ മേഖലകൾക്കും ഭീഷണിയാണെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates