കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഇരുപത്തിയെട്ട് കിലോമീറ്റർ ദൈർഘ്യമുള്ള, പുതുതായി വികസിപ്പിച്ച കോഴിക്കോട് ആറുവെരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സിറ്റി പോലീസുമായി ചേർന്ന് കർശനമായി നടപ്പാക്കാൻ തുടങ്ങി. ആറുവരി പാത തുറന്നതുമുതൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും മിക്ക വാഹനയാത്രക്കാരും ഇത് പൂർണ്ണമായി അവഗണിക്കുകയായിരുന്നു. ഓവർടേക്കിംഗിനായി മാത്രം മാറ്റിവെച്ചിരിക്കുന്ന മൂന്നാം ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് പതിവ് കാഴ്ചയായിരുന്നു. കാലവർഷം ആരംഭിച്ചതോടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പദം സിംഗിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് നിയമലംഘകർക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഔദ്യോഗിക അനുമതി ലഭിച്ചതായും ബൈപ്പാസിന്റെ എല്ലാ എൻട്രി പോയിന്റുകളിലും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ദേശീയപാതാ ശൃംഖലയിലെ അതിവേഗ കൂട്ടിയിടികൾ ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സീറോ ടോളറൻസ് സമീപനമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികവാസികളായ ഇരുചക്ര വാഹനയാത്രക്കാർക്ക് അവരുടെ ദൈനംദിന യാത്രകൾക്കായി ബൈപ്പാസിന് സമാന്തരമായുള്ള ഫ്ലൈഓവറുകൾ, അടിപ്പാതകൾ, പാലങ്ങൾ, സർവീസ് റോഡുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഇതോടൊപ്പം തന്നെ പ്രധാന ആറുവരി പാതയിലും അതിനോട് ചേർന്നുള്ള സർവീസ് റോഡുകളിലും നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുരക്കാട്ടിരി പാലത്തിന് സമീപമുള്ള തൊണ്ടയാട്, കുടിൽത്തോട്, പാലോറമല തുടങ്ങിയ പ്രധാന സ്ഥലങ്ങൾ വലിയ ടാങ്കർ ലോറികളുടെയും ചരക്ക് ട്രക്കുകളുടെയും അനധികൃത പാർക്കിംഗ് കേന്ദ്രങ്ങളായി ദീർഘകാലമായി മാറിയിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കുകൾക്കും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള അപ്രതീക്ഷിത അപകടങ്ങൾക്കും കാരണമായിരുന്നു. ഇനി മുതൽ സാങ്കേതിക തകരാറുകൾ മൂലം വാഹനം കേടാവുന്ന സാഹചര്യങ്ങളിൽ മാത്രമായിരിക്കും റോഡരികിൽ നിർത്താൻ അനുവദിക്കുക.
ഹൈവേ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പെട്ടെന്നുണ്ടായ കർശന നിലപാട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. മുൻപ് ആറുവരി പാതകളിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ശക്തമായി രംഗത്തുവന്ന യുഡിഎഫ് സർക്കാരിന്റെ പെട്ടെന്നുള്ള നയമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates