കോഴിക്കോട്: കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപം 38-കാരനായ ബിജു കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ബിജുവിന്റെ മൃതദേഹത്തിൽ കഴുത്തിന്റെ മുൻപിലും പുറകിലുമായി ആകെ 45-ഓളം മാരകമായ വെട്ടുകളും കുത്തുകളുമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകം ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിനു പിന്നിൽ പ്രദേശത്തെ ലഹരിസംഘമാണെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി.
ഞായറാഴ്ച പുലർച്ചെയാണ് പാളയം ബസ് സ്റ്റാൻഡിന് സമീപമുള്ള ഒറ്റമുറി വീട്ടിനുള്ളിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പാൽ ഡയറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ബിജു നടത്തിയിരുന്നത്. പതിവുപോലെ ജോലികൾക്കായി വിളിക്കാൻ എത്തിയ അമ്മ, മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചെറിയ സ്റ്റീൽ കത്തി ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലും വയറ്റിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം. ആദ്യത്തെ ആക്രമണത്തിൽ തന്നെ ബിജു നിലത്തുവീണിരിക്കാമെന്നും എന്നാൽ മരണം ഉറപ്പാക്കുന്നത് വരെ അക്രമി തുടരെത്തുടരെ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നുവെന്നും പൊലീസ് കരുതുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം,
ബിജുവിന് വ്യക്തിപരമായി ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്നാണ് അമ്മയും സഹോദരിയും മൊഴി നൽകിയിട്ടുള്ളത്. എങ്കിലും പ്രദേശത്ത് തമ്പടിക്കുന്ന ലഹരിസംഘങ്ങളെ നിരന്തരം ചോദ്യം ചെയ്തിരുന്നു. ബിജുവിന്റെ വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടം കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പനയും ഉപയോഗവും അദ്ദേഹം ചോദ്യം ചെയ്യുകയും സംഘവുമായി പലതവണ തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ വിലയിരുത്തൽ.
അതേസമയം ബിജു പൊലീസിനോ എക്‌സൈസിനോ ലഹരിസംഘങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്ന 'തൂഫാൻ വാരിയറോ' ഇൻഫോർമറോ ആയിരുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിജുവിന്റെ വീടിന് മുൻപിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. എന്നാൽ പ്രദേശത്തേക്കുള്ള പ്രധാന റോഡുകളിലെ കടകളിലെയും ഹോട്ടലുകളിലെയും ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ക്യാമറ നിരീക്ഷണം ഇല്ലാത്ത ഇടവഴികൾ വ്യക്തമായി അറിയാവുന്ന ആളാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. ബിജുവിൻറെ ദൈനംദിന നീക്കങ്ങൾ നിരീക്ഷിച്ച് ഉറപ്പുവരുത്തിയാകാം ആക്രമണം നടത്തിയത്.
കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി എ.പി ഷൗക്കത്തലി സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. കസബ പൊലീസും പ്രത്യേക അന്വേഷണ സംഘവും ബന്ധുക്കൾ, അയൽവാസികൾ, ലഹരിസംഘങ്ങളുമായി ബന്ധമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates