പാലക്കാട്: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ഏറ്റവും കൂടുതൽ ഡാമുകളുള്ള പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പും ജാഗ്രതാ നിർദ്ദേശങ്ങളും പുറത്തുവന്നു. ഇന്നലെ ജില്ലയിലുടനീളം പെയ്ത അതിശക്തമായ മഴ വലിയ ആശങ്ക സൃഷ്ടിച്ചുവെങ്കിലും പ്രധാന ഡാമുകളിൽ പലതിലും ആശങ്കപ്പെടേണ്ട രീതിയിൽ ജലനിരപ്പ് ഉയർന്നുവന്നിട്ടില്ല. താരതമ്യേന സംഭരണശേഷി കുറഞ്ഞ കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ കനത്ത മഴയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഇന്നലെത്തന്നെ തുറന്നിരുന്നു.
പാലക്കാടിന് പുറമെ തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിലേക്കും കുടിവെള്ളവും ജലസേചനവും എത്തിക്കുന്ന ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴ ഡാമിൽ ഞായറാഴ്ച രാവിലെ 8 മണിയിലെ കണക്കനുസരിച്ച് 107.27 മീറ്ററാണ് (351.95 അടി) ജലനിരപ്പ്.
പൂർണ്ണ സംഭരണശേഷി: 115.06 മീറ്റർ
നിലവിലെ സംഭരണ ശതമാനം: 35.40%
കഴിഞ്ഞ വർഷം ഇതേദിവസത്തെ ജലനിരപ്പ്: 112.32 മീറ്റർ
ഡാമുകൾ തുറക്കുന്നതിനുള്ള ഔദ്യോഗിക ചട്ടങ്ങൾ പ്രകാരം ജലനിരപ്പ് 112.99 മീറ്ററിലേക്ക് ഉയർന്നാൽ മാത്രമേ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം വരൂ. അതിനാൽ നിലവിൽ മലമ്പുഴ ഡാം തുറക്കേണ്ട യാതൊരു അടിയന്തര സാഹചര്യവുമില്ല. അതേസമയം, കഴിഞ്ഞ വർഷം ഇതേദിവസം ഡാം വൃഷ്ടിപ്രദേശത്ത് 1.7 മില്ലീമീറ്റർ മഴ മാത്രം ലഭിച്ചപ്പോൾ ഇന്നലെ 78.8 മില്ലീമീറ്റർ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
പോത്തുണ്ടി ഡാം: നിലവിലെ ജലനിരപ്പ് 99.21 മീറ്റർ (പൂർണ്ണ സംഭരണശേഷി: 108.204 മീറ്റർ). ഡാമിന്റെ 46.78% ജലമുണ്ട്.
വാളയാർ ഡാം: നിലവിലെ ജലനിരപ്പ് 196.60 മീറ്റർ (പൂർണ്ണ സംഭരണശേഷി: 203.00 മീറ്റർ). സംഭരണം 31.55%.
മീങ്കര ഡാം: നിലവിലെ ജലനിരപ്പ് 151.31 മീറ്റർ (പൂർണ്ണ സംഭരണശേഷി: 156.36 മീറ്റർ). സംഭരണം 23.05%.
ചുള്ളിയാർ ഡാം: നിലവിലെ ജലനിരപ്പ് 144.48 മീറ്റർ (പൂർണ്ണ സംഭരണശേഷി: 154.08 മീറ്റർ). സംഭരണം 17.25%.
മൂലത്തറ റെഗുലേറ്റർ: നിലവിലെ ജലനിരപ്പ് 112.99 മീറ്റർ (പൂർണ്ണ സംഭരണശേഷി: 186.00 മീറ്റർ).
തമിഴ്‌നാട്ടിലെ ആളിയാർ ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ചാണ് ഇവിടുത്തെ ഷട്ടറുകൾ ക്രമീകരിക്കുന്നത്. മഴ തുടർന്നും ശക്തമാവുകയാണെങ്കിൽ മുൻകരുതൽ എന്ന നിലയിൽ റവന്യൂ, ജലസേചന വകുപ്പ് അധികൃതർ സാഹചര്യം വിലയിരുത്തി ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates