പാലക്കാട്: പാലക്കാട് മലമ്പുഴ റോഡിലെ 100 ഫീറ്റ് റോഡിൽ അമൃത് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച സൈക്കിൾ ട്രാക്കിന്റെയും നടപ്പാതയുടെയും നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കവേ, പദ്ധതിയുടെ പ്രധാന ഫയൽ നഗരസഭയിൽ നിന്ന് കാണാതായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആം ആദ്മി പാർട്ടി. നിർമ്മാണം പൂർത്തിയായതായി ഔദ്യോഗിക രേഖകളിലുണ്ടെങ്കിലും സൈക്കിൾ ട്രാക്ക് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും, നിർമ്മിച്ച പല ഭാഗങ്ങളിലും വിള്ളലുകൾ വീണ് തകർന്ന നിലയിലാണെന്നും എ.എ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ ആരോപിച്ചു.
പദ്ധതിയിലെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 6-നാണ് വേണുഗോപാൽ വിജിലൻസിന് പരാതി നൽകിയത്. തുടർന്ന് മാർച്ച് 5-ന് കൂടുതൽ തെളിവുകൾ സഹിതം ഉപപരാതിയും നൽകി. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ, പരാതിക്കാരന് മുഖ്യമന്ത്രിയുടെ ജനപരാതി പരിഹാര പോർട്ടൽ വഴി നഗരസഭ നൽകിയ മറുപടിയിലാണ് പദ്ധതിയുടെ മൂലഫയൽ കണ്ടെത്താനായിട്ടില്ലെന്ന് അറിയിച്ചത്. ഫയൽ കാണാതായതിനെ തുടർന്ന് മെയ് 4-ന് നഗരസഭാധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്ന ഒരു വൻകിട പദ്ധതിയുടെ ഫയൽ നഗരസഭയിൽ നിന്ന് കാണാതായത് സുതാര്യതയെയും ഉത്തരവാദിത്തത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് എഎപി കുറ്റപ്പെടുത്തി. ഫയൽ എപ്പോൾ, എങ്ങനെ കാണാതായി, അത് അവസാനമായി ആരുടെ കസ്റ്റഡിയിലായിരുന്നു, പോലീസ് അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ എന്താണ്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് പുതിയ പരാതി നൽകി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭയും ചേർന്ന് 50:30:20 എന്ന അനുപാതത്തിലാണ് 6.27 കോടി രൂപയുടെ അമൃത് പദ്ധതിക്ക് 2017 സെപ്റ്റംബർ 27-ന് ഭരണാനുമതി നൽകിയത്. 2019 ജൂലൈ 2-ന് ആരംഭിച്ച നിർമ്മാണം 2020 ഒക്ടോബർ 3-ന് പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാണ് കാലതാമസത്തിന് കാരണമായി നഗരസഭ വ്യക്തമാക്കിയത്. പണി പൂർത്തിയായ ശേഷമാണ് കോൺക്രീറ്റ് ക്യൂബ് സ്ട്രെങ്ത് ടെസ്റ്റ് നടത്തിയത് എന്നതും കരാറുകാരനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് എഎപി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates