പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 6-ന് പാലക്കാട് ജില്ലയിലെ ബാധിത മേഖലകളിൽ സംയുക്ത കിസാൻ മോർച്ച ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജൂലൈ 27-ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലും കേരളം നേരത്തെ ഉന്നയിച്ച ആശങ്കകൾ പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണ്ണമായി ഒഴിവാക്കി വനമേഖല മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ള ശാസ്ത്രീയമായ പഠനവും തിരുത്തലുകളും നടത്തണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
പുതിയ വിജ്ഞാപനപ്രകാരം പാലക്കാട് ജില്ലയിലെ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ അട്ടപ്പാടിയും നെല്ലിയാമ്പതിയും പൂർണമായും ഉൾപ്പെടുന്നു. അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, മുതലമട ഒന്ന്, നെല്ലിയാമ്പതി, പാലക്കയം, മലമ്പുഴ ഒന്ന്, പുതുശ്ശേരി ഈസ്റ്റ്, പുതുപ്പരിയാരം, കിഴക്കഞ്ചേരി ഒന്ന് എന്നിവയാണ് ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള വില്ലേജുകൾ. അന്തിമ വിജ്ഞാപനം നിലവിൽ വരുന്നതോടെ കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്തംഭിക്കുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഓരോ വില്ലേജിലെയും ഉൾപ്പെട്ട സർവേ നമ്പറുകൾ വിജ്ഞാപനത്തിലെ മാപ്പിൽ വ്യക്തമല്ലെന്നും സംഘടന ചൂണ്ടിക്കാണിച്ചു. ബാധിത പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്തി വനമേഖലയെ വനമായും ജനവാസ മേഖലകളെ ജനവാസ മേഖലയായും വേർതിരിച്ചു കാണിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വനസംരക്ഷണത്തിന്റെ പേരിൽ സാധാരണക്കാരുടെ ജനജീവിതം ബലികൊടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും കൃഷിയും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുകയും ചെയ്യുക എന്ന ആവശ്യമുയർത്തിയാണ് നവംബർ 6-ന് ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ, ചെയർമാൻ എം.ആർ. മുരളി, കൺവീനർ മണികണ്ഠൻ പൊറ്റശ്ശേരി, സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates