തിരുവനന്തപുരം: ഒരു മണിക്കൂറിനിടെ പെയ്ത പെരുമഴയിൽ വെള്ളത്തിനടിയിലായി തിരുവനന്തപുരം നഗരം. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒൻപത് സെന്റീമീറ്റർ (91 മില്ലിമീറ്റർ) മഴയാണ് നഗരത്തിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് തമ്പാനൂരിലും കിഴക്കേക്കോട്ടയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തുലാവർഷ സമയത്ത് സാധാരണ ലഭിക്കുന്ന ശക്തമായ മഴയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തമ്പാനൂർ എസ്എസ് കോവിൽ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചില ഇരുചക്രവാഹനങ്ങൾ വെള്ളത്തിന്റെ ഒഴുക്കിൽ മറിഞ്ഞുവീണു. തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണ്ണമായി വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു. ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് നൂറുകണക്കിന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്.
പ്രദേശത്തെ കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം ഇരച്ചുകയറിയത് വലിയ നാശനഷ്ടമുണ്ടാക്കി. എസ്.എസ്. കോവിൽ റോഡിലെ ആയുർവേദ മെഡിക്കൽ സ്റ്റോറിലും ഡ്രെയിനേജ് വെള്ളം കയറിയതോടെ ജീവനക്കാർക്കും ഡോക്ടർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കവിഞ്ഞൊഴുകി റോഡുകളിലേക്ക് എത്തിയത് ദുരിതം ഇരട്ടിയാക്കി.
ഓടകൾ വൃത്തിയാക്കുകയും റെയിൽവേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒറ്റ മണിക്കൂറിലെ മഴയിൽ നഗരം വെള്ളക്കെട്ടിലായത് ജനങ്ങളെ കടുത്ത പ്രതിഷേധത്തിലാക്കിയിട്ടുണ്ട്. ചെറിയ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴ തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന്റെ രൂക്ഷത ഒരിക്കൽ കൂടി തുറന്നുകാട്ടി.
വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരസഭക്കെതിരെ സിപിഎം രംഗതെത്തി. നഗരത്തിലെ വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ ബിജെപി ഭരിക്കുന്ന നഗരസഭയുടെ "വികസിത തിരുവനന്തപുരം ബ്ലൂ പ്രിന്‍റ് എന്ന ചോദ്യവുമായി മുൻ മന്ത്രി വി ശിവൻക്കുട്ടി രംഗതെത്തി. ഇരുമ്പ് അടുപ്പിന്റെ പുറകെ നടക്കാതെ നഗരത്തിലെ ഓടകളും മറ്റും യഥാസമയം വൃത്തിയാക്കാൻ ശ്രമിക്കൂ ബഹു മേയറെ എന്നായിരുന്നു മുൻ എംഎൽഎ വികെ പ്രശാന്തിൻറെ പരിഹാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates