ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു. പകൽ സമയങ്ങളിൽ പോലും പുലി വീടുകളുടെ മുറ്റത്തും അടുക്കള ഭാഗത്തും എത്തുന്നത് പതിവായതോടെ ഭയന്നുവിറച്ചാണ് ഇവിടുത്തെ നിവാസികൾ കഴിയുന്നത്. തലനാരിഴയ്ക്കാണ് പലപ്പോഴും കുട്ടികളടക്കമുള്ളവർ രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉന്നതിയിലെ ഊരുമൂപ്പൻ മോഹനന്റെ വീടിന് സമീപം പുലിയെത്തി. ചായ കുടിച്ചിരിക്കുകയായിരുന്ന മൂപ്പന്റെ ഭാര്യ ഉഷയും മകൾ മൃദുലയും അടുക്കള ഭാഗത്ത് പുലിയെ കണ്ട് ഉടൻ തന്നെ മുറിക്കകത്ത് കയറി വാതിലടച്ചതിനാലാണ് രക്ഷപ്പെട്ടത്.
അന്ന് വൈകുന്നേരവും പുലി വീണ്ടും ഇതേ സ്ഥലത്തെത്തി. വളർത്തുനായയുടെ കുര കേട്ട് ഊരുമൂപ്പൻ പുറത്തിറങ്ങി നോക്കിയപ്പോൾ വീടിന് സമീപത്തെ മരത്തിൽ നിന്ന് കുരങ്ങിനെ പിടികൂടി കൊണ്ടുപോകുന്ന പുലിയെയാണ് കണ്ടത്. പുലിയുടെ നിരന്തരമായ സാന്നിധ്യം കാട്ടി വനംവകുപ്പിന്റെ ഷോളയാർ റേഞ്ച് ഓഫീസിൽ പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോളനിവാസികൾ ആരോപിക്കുന്നു.
പുലിക്ക് പുറമെ കാട്ടാന, കരടി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. 72 കുടുംബങ്ങളിലായി ഇരുനൂറോളം പേരാണ് പെരുമ്പാറ കോളനിയിൽ താമസിക്കുന്നത്.
വന്യമൃഗശല്യം കാരണം വീടിന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്നും, അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനംവകുപ്പ് തയാറാകണമെന്നും കോളനി നിവാസികൾ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates