തൃശ്ശൂർ: ദക്ഷിണ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സാധ്യതയായി ചർച്ച ചെയ്യപ്പെട്ടിരുന്ന നിർദ്ദിഷ്ട കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. യാത്രാ, ചരക്ക് ഗതാഗത സാധ്യതകൾ തുച്ഛമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ മന്ത്രാലയം പദ്ധതി തള്ളിയത്. പാർലമെന്റിൽ കെ. രാധാകൃഷ്ണൻ എംപി ഉന്നയിച്ച നോട്ടീസിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലങ്കോടിനെയും തൃശ്ശൂരിനെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് 59 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയ്ക്കായി പ്രാഥമിക സാധ്യതാ പഠനം നടത്തിയിരുന്നു. എന്നാൽ ഈ പാതയിലൂടെ പ്രതീക്ഷിക്കുന്ന യാത്രാ സാന്നിധ്യവും ചരക്കുനീക്കവും പദ്ധതിക്ക് അനുമതി നൽകാൻ തക്കവിധം പര്യാപ്തമല്ലെന്നാണ് പഠനത്തിൽ വ്യക്തമായതെന്ന് റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാട്ടി. വൻ തുക മുടക്കി പുതിയ പാത നിർമ്മിക്കുന്നതിന് തക്കതായ സാമ്പത്തിക അല്ലെങ്കിൽ ഗതാഗത നേട്ടം പദ്ധതി നൽകുന്നില്ലെന്നാണ് റെയിൽവേയുടെ നിഗമനം.
കൊല്ലങ്കോടും തൃശ്ശൂരും പാലക്കാട്, ഷൊർണ്ണൂർ വഴിയുള്ള നിലവിലെ റെയിൽ ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം മറുപടിയിൽ ഓർമ്മിപ്പിച്ചു. അതിനാൽ പുതിയൊരു നേരിട്ടുള്ള ലൈൻ സാങ്കേതികമായി ആവശ്യമില്ലെന്ന നിലപാടിലാണ് മന്ത്രാലയം. ദീർഘകാലമായി മലബാർ, മധ്യകേരള മേഖലകളിലെ യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്ന പ്രധാന വികസന പദ്ധതികളിലൊന്നായിരുന്നു ഇത്. എന്നാൽ പദ്ധതിയിൽ നിന്ന് റെയിൽവേ മന്ത്രാലയം പിന്മാറിയതോടെ പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പാണ് നിരാശയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates