തൃശൂർ: ലാലൂർ എന്ന പേര് കേൾക്കുമ്പോൾ പഴയ തൃശൂരുകാരന്റെ മൂക്കിൽ ഇന്നും ഒരു ദുർഗന്ധം അടിച്ചുകയറും. നഗരത്തിന്റെ മാലിന്യമെല്ലാം പേറി ശ്വാസം മുട്ടി മരിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ പേരായിരുന്നു ലാലൂർ. എന്നാൽ ഇന്ന് ലാലൂർ ശ്വസിക്കുന്നത് ശുദ്ധവായുവാണ്. അവിടെ കുന്നുകൂടിക്കിടന്ന മാലിന്യമലകൾക്ക് മുകളിൽ ഇന്ന് കുട്ടികൾ പന്തുതട്ടുന്നു. ഐ.എം വിജയന്റെ പേരിൽ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് ഉയർന്നുനിൽക്കുന്നു. ഈ മാറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല; ഭരണകൂടത്തിന്റെ ലാത്തിക്കും രാഷ്ട്രീയ ഭീഷണികൾക്കും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന ഒരു പറ്റം മനുഷ്യരുടെ ചോരയും കണ്ണീരും ആ മണ്ണിലുണ്ട്. ആ പോരാട്ടത്തിന്റെ നടുനായകമായിരുന്നു ടി.കെ. വാസു എന്ന 'വാസുവേട്ടൻ'.
മൃതപ്രായരായ ഒരു ജനതയുടെ മോചനം
മുക്കാൽ നൂറ്റാണ്ടോളം തൃശൂർ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടായിരുന്നു ലാലൂർ. മനുഷ്യമലം മുതൽ ആശുപത്രികളിലെ അവശിഷ്ടങ്ങൾ വരെ ഇവിടെ വന്നു വീണു. പട്ടിയും കാക്കയും ആ മാലിന്യങ്ങൾ വീടിന്റെ മുറ്റത്തെത്തിച്ചു. ദുഷിച്ച വായു ശ്വസിച്ചും കെട്ടവെള്ളം കുടിച്ചും ലാലൂരിലെ മനുഷ്യർ വ്യാധികൾക്കിരയായി. ത്വഗ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ആ പ്രദേശത്തെ കോളനികളെ വിഴുങ്ങി.
"ലാലൂരിലേക്ക് ഇന്ന് ഒറ്റലോഡ് മാലിന്യം പോലും എത്തുന്നില്ല," വാസുവേട്ടൻ പറയുന്നു. മുക്കാൽ നൂറ്റാണ്ടിന്റെ നരകയാതനയ്ക്ക് അറുതി വരുത്തിയത് രാഷ്ട്രീയ പിൻബലമില്ലാത്ത ജനകീയ സമരമായിരുന്നു. കുഞ്ഞുണ്ണി മാഷും, പവനനും, മുല്ലനേഴിയും, നടൻ തിലകനും, യേശുദാസും അണിനിരന്ന ആ സമരമുഖം ലോകശ്രദ്ധ പിടിച്ചുപറ്റി.
ഒറ്റയാൻ പോരാട്ടവും രാഷ്ട്രീയ വേട്ടയാടലും
ലാലൂർ സമരത്തെ രാഷ്ട്രീയത്തിനതീതമായ തലത്തിലെത്തിച്ചത് വാസുവേട്ടന്റെ കണിശതയായിരുന്നു. പഴയ നക്സലൈറ്റ് എന്ന പട്ടം ചാർത്തിക്കിട്ടിയതിനാൽ രാഷ്ട്രീയ ഭീഷണികൾ നിരന്തരമായിരുന്നു. പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭാഗത്തുനിന്ന്.
"സമര സമിതിയുമായി സഹകരിച്ചതിന്റെ പേരിൽ 20-ലധികം പേരെയാണ് ബി.പി.എൽ ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റിയത്. സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചു," വാസുവേട്ടൻ പഴയ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെക്കുന്നു. സമരരംഗത്തുണ്ടായിരുന്ന വനിതകൾ പോലും കടുത്ത രാഷ്ട്രീയ സമ്മർദ്ദത്താൽ പിൻവാങ്ങുന്നത് അദ്ദേഹത്തിന് നോക്കിനിൽക്കേണ്ടി വന്നു.
വാസുവേട്ടന്റെ പേരിൽ മാത്രം 23 ക്രിമിനൽ കേസുകളാണ് പോലീസ് ചുമത്തിയത്. മൂന്ന് തവണ ജയിൽവാസം അനുഭവിച്ചു. 1997-ൽ കോടതി അദ്ദേഹത്തിന് ലാലൂരിൽ പ്രവേശിക്കുന്നതിന് 'ഊരുവിലക്ക്' വരെ ഏർപ്പെടുത്തി. സ്വന്തം മണ്ണിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത നേതാവ്! ആ പോരാട്ട സ്മരണകളിൽ അദ്ദേഹം ഇന്ന് നിശബ്ദനാകുന്നു.
ദാരിദ്ര്യത്തിന്റെ കയ്പ്പും മരപ്പണിയുടെ വിയർപ്പും
സീതാറാം മിൽ തൊഴിലാളികളായിരുന്ന അച്ഛന്റെയും അമ്മയുടെയും മകനായി ദാരിദ്ര്യത്തിലാണ് വാസുവേട്ടൻ വളർന്നത്. അച്ഛൻ കടുത്ത കമ്മ്യൂണിസ്റ്റായിരുന്നു. സമരം ചെയ്തതിന്റെ പേരിൽ അച്ഛന് ജോലി നഷ്ടമായി. അമ്മ അയൽവീടുകളിൽ പണിയെടുത്താണ് മക്കളെ വളർത്തിയത്. നാലര ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള വാസു, കുടുംബം പുലർത്താൻ കുലത്തൊഴിലായ മരപ്പണി തിരഞ്ഞെടുത്തു.
"ചിരട്ട ശേഖരിച്ച് വെള്ളത്തിലിട്ട് കൈലുകുത്തി (മരത്തവി) ജയ്ഹിന്ദ് മാർക്കറ്റിൽ വിൽക്കുമായിരുന്നു. ആ പണം അമ്മയ്ക്ക് നൽകും," ആ വാക്കുകളിൽ ഇന്നും ഒരിടർച്ചയുണ്ട്. പിന്നീട് കോയമ്പത്തൂരിലേക്ക് വണ്ടികയറി. അവിടെ മരപ്പണിക്കിടയിലും പാർട്ടി പ്രവർത്തനം തുടർന്നു. ഒരു താലികെട്ടോ രജിസ്ട്രേഷനോ ഇല്ലാതെ ഐഷയെ ജീവിതസഖിയായി കൂടെക്കൂട്ടി. ഇന്നും തന്റെ സമരജീവിതത്തിന് കരുത്തായി ഐഷ കൂടെയുണ്ടെന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.
ലാലൂരിലെ 'കറുത്ത 1995'
90-കളിൽ തണുത്തുപോയ ലാലൂർ സമരം വീണ്ടും ആളിക്കത്തിയത് മൂന്ന് യുവാക്കളുടെ ദാരുണമായ അന്ത്യത്തോടെയാണ്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ബേബി, ശ്രീകുമാർ, ഫ്രാൻസീസ് എന്നിവർ ദുഷിച്ച വായു ശ്വസിച്ച് കിണറ്റിൽ വീണു മരിച്ചു. ഈ സംഭവം ലാലൂരിനെ വീണ്ടും പ്രക്ഷുബ്ധമാക്കി. വാസുവേട്ടന്റെ നേതൃത്വത്തിൽ സമരം ശക്തിപ്പെട്ടു. പത്ത് കിണറുകൾ ഉപയോഗശൂന്യമായി സീൽ ചെയ്തിരുന്നത് 2008-ൽ നാൽപ്പതായും ഇന്ന് എൺപത്തിയഞ്ചായും ഉയർന്നു. വായുവും വെള്ളവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി വാസുവേട്ടൻ വീണ്ടും തെരുവിലിറങ്ങി.
വിജയം പൂർണ്ണമാണോ?
ലാലൂർ ഇന്ന് പഴയതുപോലെയല്ല. മാലിന്യമലകൾക്ക് മുകളിൽ സ്റ്റേഡിയം വന്നു. പക്ഷേ, വിജയം പൂർണ്ണമാണെന്ന് വാസുവേട്ടൻ വിശ്വസിക്കുന്നില്ല.
"ഭൂമിക്കടിയിൽ ഏഴുമീറ്റർ ആഴത്തിലും മുകളിൽ 40 മീറ്റർ ഉയരത്തിലും പടുകൂറ്റൻ മാലിന്യമല ഇപ്പോഴും അവിടെയുണ്ട്. അത് നീക്കം ചെയ്യുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല," അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഇന്നും തൃശൂരിന്റെ ഏത് ജനകീയ സമരമുഖത്തും വാസുവേട്ടന്റെ സാന്നിധ്യമുണ്ട്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും കോർപ്പറേറ്റുകൾ നാട് വിഴുങ്ങുന്നതിനെക്കുറിച്ചും എഴുപതാം വയസ്സിലും അദ്ദേഹത്തിന് ആശങ്കകളുണ്ട്. മഴ പെയ്താൽ ചോരുന്ന ഒരു ചെറിയ വീട്ടിൽ ഇരുന്നുകൊണ്ട് അദ്ദേഹം പറയുന്നു, "അവർക്ക് എന്റെ സാന്നിധ്യം ഇന്നും ആവശ്യമാണ്."
ലാലൂർ ഇപ്പോൾ ശ്വസിക്കുന്നത് ശുദ്ധവായുവായിരിക്കാം, പക്ഷേ ആ വായുവിന് വേണ്ടി പോരാടിയ ടി.കെ വാസു എന്ന മനുഷ്യൻ ഇന്നും തന്റെ ശ്വാസം നിലയ്ക്കും വരെ പോരാടാനുള്ള ഒരുക്കത്തിലാണ്. കാരണം, നീതി കിട്ടാത്ത മനുഷ്യർ എവിടെയുണ്ടോ, അവിടെ വാസുവേട്ടന്റെ ശബ്ദമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates