ദേശീയപാതയിൽ കേടായി കിടന്ന തടി ലോറിയുടെ പിന്നിലേക്ക് ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവറായ കണ്ണൂർ സ്വദേശി സിദ്ദീഖിന്റെ കാലിനാണ് സാരമായ പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ നാട്ടിക സെന്ററിന് സമീപമായിരുന്നു അപകടം.
സാങ്കേതിക തകരാറിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന തടി ലോറിയുടെ പിന്നിലേക്ക് അമിതവേഗതയിൽ എത്തിയ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻഭാഗവും ഡ്രൈവിംഗ് കാബിനും പൂർണ്ണമായി തകർന്നു. കാബിൻ ഉള്ളിലേക്ക് ഞെരുങ്ങി അമർന്നതോടെ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ സിദ്ദീഖ് കാലുകൾ കുടുങ്ങിയ നിലയിലായി.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടിക പൊലീസും ഫയർഫോഴ്‌സ് സംഘവും ചേർന്ന് ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കട്ടറുകൾ ഉപയോഗിച്ച് കാബിന്റെ തകർന്ന ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്തം വാർന്ന നിലയിലായിരുന്ന ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഇദ്ദേഹത്തെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates