മഴയറിയാൻ മരോട്ടിച്ചാൽ
മഴ കൊണ്ടുപിടിച്ചിരിക്കുന്ന ഈ കാലം പുറത്തിറങ്ങാൻ മടിതോന്നുന്ന ഒന്നാണ്. എന്നാൽ, അല്പം മഴനനയാനും ഒരല്പം സാഹസികതയ്ക്കും തയ്യാറാണെങ്കിൽ സഞ്ചാരികളുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ, മാലിന്യം തൊട്ടുതീണ്ടാത്ത ഒരിടമുണ്ട്. അത് ഈ മഴക്കാലത്തു തന്നെ കാണണം. മഴക്കാലത്തു മാത്രം കാഴ്ചയുടെ വിരുന്നൊരുക്കുന്ന തൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാൽ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതുമായ മനോഹര വെള്ളച്ചാട്ടങ്ങളുമാണത്. കണ്ണിന് കുളിർമയും ഹൃദയത്തിന് ആനന്ദവും തരുന്ന അനുഭവമാണ് ഈ സുന്ദര വനഭൂമി.
എത്തിച്ചേരാൻ വഴികൾ
എറണാകുളം-പാലക്കാട് നാഷണൽ ഹൈവേയിൽ കുട്ടനെല്ലൂരിൽ നിന്നും മാന്ദമംഗലം-മരോട്ടിച്ചാൽ റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ചാൽ മരോട്ടിച്ചാലിൽ എത്താം.
പാലക്കാട് നിന്നും വരുന്നവർക്ക്: മണ്ണുത്തി - നടത്തറ - കുട്ടനെല്ലൂർ വഴി ഇവിടെയെത്താം.
തൃശ്ശൂരിൽ നിന്നും വരുന്നവർക്ക്: മിഷൻ ഹോസ്പിറ്റൽ - അഞ്ചേരി - കുട്ടനെല്ലൂർ വഴി എത്തിച്ചേരാം.
യാത്രയ്ക്ക് മുൻപ് ഇതറിയുക
മരോട്ടിച്ചാലിൽ വളരെ കുറച്ചു കടകൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഭക്ഷണം കൂടെ കരുതണം. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥലനാമം സൂചിപ്പിക്കുന്ന ബോർഡ് ഒഴികെ ഏതെങ്കിലും നിർദ്ദേശങ്ങൾ കിട്ടാനും ബുദ്ധിമുട്ടാണ്. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് റോഡരികിൽ തന്നെയാണ്. ഇവിടെ അപകടസാധ്യത ഉള്ള സ്ഥലമാണ്. പാറകളിലെ കുഴികളിൽ കുടുങ്ങി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അപരിചിതമായ വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ ശ്രദ്ധവേണം.
ഓലക്കയത്തിന്റെ നാദം
റോഡരുകിലെ കനാലിൻ കരയിലൂടെ അല്പം നടക്കുമ്പോൾ തന്നെ ആദ്യ വെള്ളച്ചാട്ടമായ ഓലക്കയം വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികൾക്ക് കുളിരായി തഴുകിയെത്തും. കുടുംബമായി വരുന്നവർ സാധാരണയായി ഈ ആദ്യത്തെ വെള്ളച്ചാട്ടത്തിൽ കുളിച്ചു മടങ്ങുകയാണ് ചെയ്യാറുള്ളത്.
കാട്ടിലൂടെ 4 കിലോമീറ്റർ
ഇനി അല്പം റിസ്കെടുക്കാൻ തയ്യാറാണെങ്കിൽ മുന്നോട്ട് നടക്കാം. പോകുന്ന വഴിക്ക് ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ധാരാളം കാണാം. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ ഇലഞ്ഞിപ്പാറയിലേക്ക് കാട്ടിലൂടെ 4 കിലോമീറ്റർ നടക്കണം. കെട്ടുപിടിച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളിൽ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കും. റോഡരുകിൽ നിന്നും ഉദ്ദേശം 2 മണിക്കൂറോളം കാട്ടിലൂടെയുള്ള ഈ യാത്ര ഒരിക്കലും മറക്കാനാവില്ല. ഒച്ചയും ബഹളവും ഒഴിവാക്കി അച്ചടക്കത്തോടെ നടന്നാൽ മാനുകളെയും കാട്ടുപന്നികളെയും കാണാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്
അത്ഭുതപ്പെടുത്തുന്ന 'കുത്ത്'
പാറക്കെട്ടുകളിലൂടെ നടന്നുകയറിക്കഴിയുമ്പോഴാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലുതും മനോഹരവുമായ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ദൃശ്യമാകുക. ഈ നാട്ടുകാരുടെ ഇടയിൽ 'കുത്ത്' എന്നാണ് ഇത് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിനെ പല സ്ഥലങ്ങളിൽ നിന്ന് കാണാൻ പ്രകൃതി തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു എന്നത് വിസ്മയകരമാണ്. നല്ല മഴപെയ്താൽ ഇതിന്റെ ഭംഗി വിവരണാതീതമാണ്; അതേസമയം മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്കരവുമാണ്.
ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ടൂറിസം മാപ്പിൽ ഇനിയും മരോട്ടിച്ചാൽ ഇടംപിടിച്ചിട്ടില്ലാത്തതിനാൽ ഈ പ്രദേശം ഇനിയും മലിനപ്പെട്ടിട്ടില്ല. പ്രകൃതിയുടെ മടിത്തട്ടിൽ ഇപ്പോഴും നിങ്ങൾക്ക് ചേർന്നിരിക്കാം, നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാം. അതിനുള്ള ചിലവ് വെറും 'പൂജ്യം' രൂപ മാത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates