തൃശൂർ: നാലോണനാളിൽ സാംസ്കാരിക നഗരിയുടെ വീഥികളിലൂടെ ചുവടുവെച്ച് ജനമനസ്സുകൾ കീഴടക്കാൻ അയ്യന്തോൾ ദേശത്തിന്റെ പുലിയൊരുക്കം തുടങ്ങി. പുലിമടയായ അയ്യന്തോൾ സ്കൂൾ അങ്കണത്തിലാണ് പുലിവേഷം കെട്ടുന്ന കലാകാരന്മാർക്കായി ചിട്ടയായ പരിശീലനവും പ്രത്യേക മാർഗ്ഗനിർദ്ദേശ യോഗവും സംഘടിപ്പിച്ചത്.
ദേശം പ്രസിഡന്റ് അഡ്വ. റോബ്സൺ പോൾ, സെക്രട്ടറി സുനിൽഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിയൊരുക്കത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായത്. നാലോണപ്പുലിക്കളി നാൾ വരെ പുലിച്ചുവടുകൾക്കും പുലിക്കൊട്ടിനുമായുള്ള ചിട്ടയായ പരിശീലനങ്ങൾ സ്കൂൾ അങ്കണത്തിൽ സജീവമായി തുടരും. പുതിയ പുലിചമയങ്ങൾ കലാകാരന്മാർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, ദേശത്തിന്റെ പ്രകടനം കൂടുതൽ മനോഹരമാക്കാൻ പുലികളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചത് പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി.
ഇത്തവണയും തൃശൂർ റൗണ്ടിലെ കാഴ്ചക്കാരുടെ മനംകവരാൻ പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ഒരുക്കുന്ന കൂറ്റൻ ടാബ്ലോ അയ്യന്തോൾ ദേശത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ചടങ്ങിൽ അഡ്വ. റോബ്സൺ പോൾ, ഗോപിനാഥൻ വിളക്കപ്പള്ളി, ഉണ്ണികൃഷ്ണൻ കരാട്ട്, ജോയിന്റ് ട്രഷറർ അരുൺകുമാർ, പുലി കോ-ഓർഡിനേറ്റർ എൻ.ആർ. ഡേവിസ്, രാജേഷ് പട്ടയത്ത് തുടങ്ങിയവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates