Aaradhya 
Thrissur

വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ

ചരിത്രത്തിലാദ്യമായി പുലിക്കളി സംഘത്തിന് പെൺനായകത്വം; 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പത്തൊന്ന് പുലികൾക്ക് മുന്നിൽ പത്തുകാരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: നാലോണ നാളിൽ സ്വരാജ് റൗണ്ടിൽ കുലുങ്ങിച്ചിരിച്ച് ചുവടുവെക്കുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പുലിക്കളിയിൽ ഇക്കുറി പുതിയൊരു ചരിത്രം കുറിക്കപ്പെടുന്നു. ശക്തന്റെ തട്ടകത്തിൽ ആവേശപ്പെരുമഴ തീർക്കാൻ എത്തുന്ന അയ്യന്തോൾ ദേശത്തിന്റെ 51 പുലികളെ നയിക്കുന്നത് ആരാധ്യ എന്ന പത്ത് വയസ്സുകാരിയായ 'പെൺപുലി'. ചരിത്രത്തിലാദ്യമായാണ് പുലിക്കളിയിൽ ഒരു പെൺകുട്ടി ഒരു ദേശത്തിന്റെ മുഴുവൻ പുലിപ്പടയുടെയും നായകത്വം ഏറ്റെടുത്ത് പട നയിക്കുന്നത്.

2016-ൽ ചരിത്രത്തിൽ ആദ്യമായി പെൺപുലികളെ കളത്തിലിറക്കിയും, 2021-ൽ ട്രാൻസ്‌ജെൻഡർ പുലിയെ അവതരിപ്പിച്ചും മാറ്റങ്ങൾക്ക് തുടക്കമിട്ട അയ്യന്തോൾ ദേശം ഇക്കുറി മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പിനാണ് ഒരുങ്ങുന്നത്.

അച്ഛന്റെ ശിക്ഷണത്തിൽ 'പുലിത്തലൈവി'

കഴിഞ്ഞ 16 വർഷമായി അയ്യന്തോളിനായി പുലിവേഷം കെട്ടുന്ന പ്രശസ്ത പുലിക്കളി കലാകാരൻ രമേഷിന്റെ ശിക്ഷണത്തിലാണ് ആരാധ്യ ചുവടുകൾ അഭ്യസിച്ചത്. 41 ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ആരാധ്യ അരങ്ങിലെത്തുന്നത്. നാളുകൾ നീണ്ട ചിട്ടയായ പരിശീലനം കണ്ടതോടെ ആരാധ്യയെ ഇത്തവണത്തെ 'പുലിത്തലൈവി'യായി നിയോഗിക്കാൻ അയ്യന്തോൾ ദേശം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് പ്രസിഡന്റ് അഡ്വ. റോബ്‌സൺ പോൾ വ്യക്തമാക്കി. പുലി തെരഞ്ഞെടുപ്പ് കമ്മിറ്റി പൂർണ്ണ മനസ്സോടെയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് സെക്രട്ടറി സുനിൽഘോഷും അറിയിച്ചു.

ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ സർവ്വരും നെഞ്ചിലേറ്റുന്ന തൃശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളിയിൽ, ഒരു പെൺകുട്ടി സംഘത്തെ മുഴുവൻ മുന്നിൽ നിന്ന് നയിക്കുന്നത് ഇതാദ്യമായാണ്.

കുടുംബത്തിന്റെ പൂർണ്ണ പിന്തുണ

തലൂർ ചിറ്റിശ്ശേരി മരോട്ടിക്കൽ വീട്ടിൽ രമേഷിന്റെയും ധന്യയുടെയും രണ്ടാമത്തെ മകളാണ് ആരാധ്യ. തലൂർ സെന്റ് തെരേസിറ്റാസ് യു.പി സ്കൂളിലെ വിദ്യാർഥിയാണ്. നഴ്സിങ് വിദ്യാർഥിയായ ചേച്ചി അമൃതയും മൂന്നാം ക്ലാസ് വിദ്യാർഥിയായ അനിയത്തി ആർദ്രയും ആരാധ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. അയ്യന്തോളിന്റെ അമ്പത്തൊന്ന് ലക്ഷണമൊത്ത പുലികൾ താളത്തിനൊത്ത് അരങ്ങുതകർക്കുമ്പോൾ, കുട്ടിപ്പുലിയുടെ ഗർജ്ജനവും ചുവടുകളും കാണാൻ നാടൊന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Scripting a historic chapter in Thrissur's world-renowned Pulikali tradition, Ayyanthole Desham is set to be led by a 10-year-old girl, Aradhya, during the upcoming fourth-Onam festivities in the cultural capital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോയ്ക്ക് ഫിറ്റ്നസ് നൽകിയില്ല; എംവിഡിക്കെതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; നാലംഗ സംഘം പിടിയിൽ

'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ

'ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ എനിക്ക് പേടിയാണ്; നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം അറിയുന്നുണ്ട്'

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!