തൃശ്ശൂർ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവിന് പരിക്ക്. തൃശ്ശൂർ വരന്തരപ്പിള്ളി വേലൂപ്പാടത്താണ് സംഭവം. നെഞ്ചിൽ വെടിയേറ്റ വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുൺ (43) മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ (37) വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വേലൂപ്പാടത്തുള്ള പ്രിയന്റെ വീട്ടിലായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രിയന്റെ ബൈക്ക് ഓടിക്കാൻ തരണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് വിട്ടുനൽകാൻ പ്രിയൻ തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ക്ഷുഭിതനായ അരുൺ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് പ്രിയന്റെ തലയ്ക്കടിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റതോടെ പ്രകോപിതനായ പ്രിയൻ വീട്ടിനുള്ളിലേക്ക് ഓടിക്കയറി അവിടെ സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് അരുണിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. നെഞ്ചിൽ വെടിയേറ്റ അരുണിനെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെടിവെപ്പ് നടത്തിയ ഉടൻ പ്രിയൻ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ അരുണിന്റെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ കലവറക്കുന്ന് പ്രദേശത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച എയർഗൺ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates