1846 ഒക്ടോബര്‍ 16, വെള്ളിയാഴ്ച അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെ മാസച്ചൂസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍. അവിടെ ഹാളില്‍ തിങ്ങിനിറഞ്ഞ കാണികള്‍, വേദനകൊണ്ടും ഭയംകൊണ്ടും പുളയുന്ന ഒരു രോഗിയെ രണ്ടുമൂന്ന് പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുവരുകയാണ്. എല്ലാവര്‍ക്കും കാണാവുന്ന രോഗിയെ അവര്‍ ഒരു വലിയ മേശമേല്‍ കിടത്തി. വലിയ ശബ്ദത്തില്‍ നിലവിളിക്കുന്ന രോഗി. ശരീരം കീറി മുറിക്കുന്ന കത്തി പ്രയോഗത്തിനായി പ്രശസ്ത സര്‍ജന്‍ ഡോക്ടര്‍ ജോണ്‍ വാരന്‍ എത്തി. ശ്വാസം അടക്കിപ്പിടിച്ചാണ് കാഴ്ചക്കാരുടെ നില്‍പ്പ്. എന്നാല്, ഡോക്ടര്‍ വാരന്‍ കാത്തിരിക്കുന്നത് മറ്റൊരാളെയാണ്. കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവില്‍ ഡോക്ടര്‍ വാരന്റെ ക്ഷമ നശിച്ചു.
ഒടുവില്‍ കാണികളെ നോക്കി വാരന്‍ നിരാശയോടെ ഉറക്കെ പറഞ്ഞു. ''വരാമെന്നേറ്റ ആ ഡോക്ടര്‍ വില്യം ടി.ജി. മോര്‍ട്ടന്‍ ഇതുവരെ എത്തിയിട്ടില്ല. എന്റെ പണി ഞാന്‍ തന്നെ തുടങ്ങാം''. ശരീരത്തില്‍ പച്ചയ്ക്കു കത്തി കയറ്റുന്ന അതിഭയങ്കര വേദനയോര്‍ത്തു നിലവിളിച്ചുകൊണ്ട് പിടയുന്ന രോഗിയുടെമേല്‍ പിടിമുറുക്കപ്പെട്ടു. കത്തിയുമായി ഡോക്ടര്‍ വാരന്‍ മേശയുടെ അടുത്തേയ്ക്ക് ചാഞ്ഞു, അടുത്തനിമിഷം അയാള്‍ പ്രത്യക്ഷപ്പെട്ടു- ഡോക്ടര്‍ മോര്‍ട്ടന്‍. ഡോക്ടര്‍ മോര്‍ട്ടന്‍ രംഗപ്രവേശം ചെയ്തതും വാരന്‍ പുറകോട്ട് തെല്ലൊന്ന് മാറിനിന്നു. മേശമേല്‍ കിടന്ന് പിടയുന്ന രോഗിയെ ചുണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇതാ നിങ്ങളുടെ രോഗി'' കാണികളില്‍ ചിലര്‍ നിശ്വസിച്ചു, ചിലര്‍ അമ്പരപ്പിന് ആക്കം കൂട്ടി കയ്യില്‍ ഇരുന്ന ഒരു ഗ്ലാസ് ഉപകരണം ഉയര്‍ത്തിക്കാട്ടി ഒരു മാന്ത്രികനെപ്പോലെ മോര്‍ട്ടന്‍ രോഗിയെ സമീപിച്ചു, ഉപകരണം രോഗിയുടെ മുഖത്തോട് ചേര്‍ത്തുവെച്ചു, ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വാരനെ നോക്കി, നിലവിളികള്‍ നിലച്ചു നിശ്ചലനായ ആ രോഗിയെ ചൂണ്ടി, ഒളിപ്പിച്ച ഒരു കുസൃതി പുഞ്ചിരിയോടെ മോര്‍ട്ടന്‍ പറഞ്ഞു: ''ഇതാ നിങ്ങളുടെ രോഗി'' ഡോക്ടര്‍ വാരന്‍ കത്തിയുമായി കര്‍മ്മനിരതനായി,
പച്ചമാംസത്തില്‍ കീറിമുറിക്കപ്പെടുമ്പോള്‍ ഒന്ന് പിടയാതെ, ഒന്ന് ഞരങ്ങാതെപോലും കിടക്കുന്ന രോഗിയെ കണ്ടു കാണികള്‍ അത്ഭുതസ്തബ്ധരായി, പിന്നെയും മിനിട്ടുകള്‍ കടന്നുപോയി. രോഗിയുടെ (ജോര്‍ജ് അബട്ട് എന്നായിരുന്നു അയാളുടെ പേര്) കഴുത്തില്‍നിന്നും ഒരു ട്യൂമര്‍ മുറിച്ചുമാറ്റിയ ശേഷം അവരെ നോക്കി ഡോ.വാരന്‍ പറഞ്ഞു:
''പ്രിയരെ... ഇതൊരു തട്ടിപ്പ് അല്ല'' ഡോ. മോര്‍ട്ടന്‍ തന്റെ സുഹൃത്തിനേയും കാണികളേയും നോക്കി അഭിമാനത്തോടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശിരോരേഖ മാറ്റിമറിച്ച അനെസ്തീസ്യായുടെ പിറവിക്ക് സാക്ഷികളാവുകയായിരുന്നു അവര്‍. അന്ന് അങ്ങനെ ഒരു വിളിപ്പേര് ഇല്ലാതിരുന്നതിനാല്‍ ആയിരുന്നില്ല ' തട്ടിപ്പ് വിദ്യ അല്ല'' എന്ന് ഡോംവാരന്‍ അപ്പോള്‍ പറഞ്ഞത്. അതില്‍ ഒളിഞ്ഞിരിക്കുന്നതാകട്ടെ, അനെസ്തീസ്യായുടെ ഉദ്വേഗജനകമായ ചരിത്രം.
ലഹരി ദായിനി, വേദന സംഹാരി എന്നീ നിലകളില്‍ അനേക വര്‍ഷത്തെ പാരമ്പര്യമുള്ള ചില ജൈവരാസവസ്തുക്കള്‍ ബോധക്ഷയ കാരകങ്ങള്‍ അഥവാ അനസ്തീറ്റിക്സ് എന്ന പദവിയിലേക്ക് ഉയരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മാത്രമാണ്. അതിനുമുന്‍പ് യൂറോപ്യന്‍ വൈദ്യശാസ്ത്ര മേഖലയിലെ ശസ്ത്രക്രിയകള്‍ അതിവിരളമോ അതിപൈശാചിക സംഭവങ്ങളോ ആയിരുന്നു. ഡോ. വില്യം തോമസ് ഗ്രീന്‍ മോര്‍ട്ടന്‍ എന്ന ദന്തഡോക്ടര്‍ 1846 ല്‍ ഈഥര്‍ എന്ന വാതകം ഒരു രോഗിയില്‍ ഉപയോഗിച്ച് ബോധംകെടുത്തിയുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തി തെളിയിച്ചതോടെ, മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വലിയ വരമായി മാറി. വീഞ്ഞില്‍ സല്‍ഫ്യുറിക് ആസിഡ് ചേര്‍ത്താല്‍ കിട്ടുന്നതെന്ന് ജര്‍മന്‍ സസ്യശാസ്ത്രജ്ഞന്‍ വലെരിയാസ് കോര്‍ഡസ് 1540-ല്‍ കണ്ടെത്തിയതും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചില്ലറ കിക്ക് കിട്ടുന്നതിന് രഹസ്യമായി ശ്വസിച്ചിരുന്നതുമായ വാതകമായിരുന്നു ഇത്. പിന്നീട് താല്‍ക്കാലികമായും നിയന്ത്രണവിധേയമായും ബോധം സ്തംഭിപ്പിക്കാന്‍ അത്ഭുതശക്തിയുള്ള, 'അനെസ്തെറ്റിക്' എന്ന് പിന്നീട് വിളിക്കപ്പെട്ട ചില വസ്തുക്കളായിരുന്നു അത്.
യഥാര്‍ത്ഥത്തില്‍ മോര്‍ട്ടന്‍ സൃഷ്ടിച്ച ശരീരാവസ്ഥയെ വിളിക്കാന്‍ ഒരു പേരില്ലായിരുന്നു. ശരീരത്തിന്റെ പ്രതികരണ നിരാസം സാധ്യമാക്കുന്ന വസ്തു എന്ന് അര്‍ത്ഥം വരുന്ന അനെസ്തെറ്റിക് എന്ന വാക്കും, താല്‍ക്കാലികമായി പ്രജ്ഞാസ്തംഭനം ഉണ്ടാകുന്ന അത്തരം അവസ്ഥയെ അനെസ്തേഷ്യ എന്നും നിര്‍ദ്ദേശിച്ചത് പ്രശസ്തനായിരുന്ന ഡോ. ഒളിവര്‍ വെണ്ടെല്‍ ഹോംസാണ്.
ഒരു ദുരന്തനായകന്‍
വില്ല്യം മോര്‍ട്ടന്‍ ഈഥര്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ഒരു ദുരന്ത കഥയുണ്ട്. ഈഥര്‍ പ്രയോഗത്തില്‍ വരുന്നതിനു മുന്‍പ്, 'ചിരിപ്പിക്കുന്ന വാതകം' എന്ന് പേരുള്ള നൈട്രസ് ഓക്സൈഡ് ഉപയോഗിച്ച് ദന്തഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ കാര്യമായി വിജയിച്ചില്ല. വേദനാസംഹാരി എന്ന നിലയിള്‍ ഈഥറിന്റെ കഴിവ് പല്ല് എടുക്കുമ്പോള്‍ ഉള്ള തീവ്രവേദന മാറ്റാന്‍ പ്രയോജനപ്പെടുത്തുവാനായുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയത് രസതന്ത്രത്തില്‍ വൈദഗ്ദ്ധ്യം ഉണ്ടായിരുന്ന ഡോ. ചാള്‍സ് ജാക്സണ്‍ ആയിരുന്നു.
ഇദ്ദേഹം ഡോ.മോര്‍ട്ടന്റെ സുഹൃത്തായിരുന്നു. തന്റെ വീട്ടിലെ പട്ടിയില്‍ നടത്തിയ ഈഥര്‍ പരീക്ഷണം വിജയിച്ചതോടെ സ്വന്തം ശരീരത്തിലും കൂടി അത് പ്രയോഗിച്ചു. വിജയിച്ചെന്ന് ബോധ്യം വന്നതിനു ശേഷം എബന്‍ ഫ്രോസ്റ്റ് എന്ന ദന്തരോഗിയില്‍ ഈ വിദ്യയുടെ ഫലപ്രാപ്തി തെളിയിച്ച ആളായിരുന്നു ഡോ. ജാക്സണ്‍. 1846 സെപ്റ്റംബറില്‍ നടന്ന ഈ സംഭവം, ദന്തവൈദ്യനായി തുടരുന്നതിനൊപ്പം ഹര്‍വാര്‍ഡ് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠനം നടത്തിയിരുന്ന ഡോ. മോര്‍ട്ടനെ മറ്റൊരു വഴിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇവിടെയാണ് അനെസ്തീസ്യയുടെ കഥയിലെ ദുരന്തനായകന്‍ കടന്നുവരുന്നത്.
വേദനാസംഹാരിയായി പ്രവര്‍ത്തിക്കാന്‍ നൈട്രസ് ഓക്സൈഡ് എന്ന വാതകത്തിന് കഴിവുണ്ടെന്ന വസ്തുത 1800-ല്‍ സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തി സര്‍ ഹംഫ്രി ഡേവി തെളിയിച്ച് നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം, ഒരാളുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. ''വേദന പിടിച്ചുകെട്ടുവാന്‍ നൈട്രസ് ഓക്സൈഡിനുള്ള കഴിവ് അധിക രക്തസ്രാവം സംഭവിക്കാത്തതരം സര്‍ജറികളില്‍ പ്രയോജനപ്പെടുത്താം'' എന്ന് ഇംഗ്ലണ്ടിലെ ഒരു ജേര്‍ണലില്‍ ഹംഫ്രി ഡേവി എഴുതിയത് അവിടെയുള്ള ഡോകടര്‍മാരിലാരും തന്നെ ശ്രദ്ധിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നില്ല. ചിരിപ്പിക്കുന്ന വാതകം എന്ന പേരും ചിരിവാതകം പ്രയോഗിച്ച് ആളുകളെ കൃത്രിമമായി ചിരിപ്പിച്ച് കാശുണ്ടാക്കാം എന്ന ചിലരുടെ കണ്ടെത്തലും - ഇതില്‍ പ്രമുഖനായിരുന്ന സാമുവല്‍ കോള്‍ട്ട്, തന്റെ പിതാവിന്റെ തുണി ഫാക്ടറിയിലെ കെമിസ്റ്റില്‍നിന്നും ലഭിച്ച അറിവ് ഉപയോഗിച്ച്, അമേരിക്കയിലെമ്പാടും വര്‍ഷങ്ങളോളം ചിരിവാതക പ്രദര്‍ശനങ്ങള്‍ നടത്തി കിട്ടിയ കാശുകൊണ്ട്, പിന്നീട് ലോകപ്രശസ്തമായ 'കോള്‍ട്ട് റിവോള്‍വര്‍' ഫാക്ടറി നിര്‍മ്മിച്ചു-ഇതിനു കാരണമായിട്ടുണ്ടാകാം.
പക്ഷേ, അമേരിക്കയിലെ ഹാര്‍ട്ട്ഫോഡില്‍ (കണക്ടിക്കട്ടിന്റെ തലസ്ഥാനം) പ്രാക്ടീസ് ആരംഭിച്ചു തുടങ്ങിയ ചെറുപ്പക്കാരനായ ഒരു ദന്തഡോക്ടര്‍ ഹോറസ് വെല്‍സ് നൈട്രസ് ഓക്സൈഡ് എന്ന വാതകത്തില്‍ ആകൃഷ്ടനാകുന്നത് ആകസ്മികമായാണ്. നൈട്രസ് ഓക്സൈഡിനെപ്പറ്റി സാമുവല്‍ കോള്‍ട്ട് നടത്തിയ ഒരു ക്ലാസ്സിന്റെ അവസാനം ഇത് ശ്വസിക്കാന്‍ അവസരം ലഭിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഉന്മാദ അവസ്ഥയിലാകുന്നത് മാത്രമല്ല അദ്ദേഹം ശ്രദ്ധിച്ചത്. അറിയാതെ മറിഞ്ഞുവീഴുമ്പോഴും ആടിയാടി ഭിത്തിയിലും മേശയിലും ഇടിക്കുമ്പോഴും അവര്‍ക്ക് വേദന അനുഭവപ്പെടുന്നില്ല എന്ന കാര്യം ഹോറസ് പ്രത്യേകം ശ്രദ്ധിച്ചു.
ദന്തരോഗ ചികിത്സയില്‍ പല്ല് പറിക്കേണ്ടിവരുമ്പോള്‍ രോഗി അനുഭവിക്കുന്ന തീവ്രവേദനയില്‍നിന്ന് മോചനം നല്‍കാന്‍ എന്തുകൊണ്ട് നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചുകൂടാ എന്ന് അദ്ദേഹം ആലോചിച്ചു. സ്വയം നൈട്രസ് ഓക്സൈഡ് ശ്വസിച്ചതിനു ശേഷം ഒരു സുഹൃത്ത് ഡോക്ടറിനെ (ജോണ്‍ ഋഗ്സ്)കൊണ്ട് സ്വന്തം പല്ല് തന്നെ പറിച്ച് നോക്കി ബോധ്യം വന്നതിനുശേഷം ഒരു ഡസന്‍ രോഗികളില്‍ ഈ വിദ്യ വിജയകരമായി അദ്ദേഹം നടത്തി. ഇതിനു മെഡിക്കല്‍ ലോകത്ത് അംഗീകാരം ലഭിക്കണമെങ്കിലും പ്രചാരം ലഭിക്കണമെങ്കിലും ബോസ്റ്റണിലോ ന്യൂയോര്‍ക്കിലോ പോയി ഈ വിദ്യ പരസ്യമായി തെളിയിച്ചു കാണിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയ വെല്‍സ് തന്റെ വിദ്യാര്‍ത്ഥിയും കുറെനാള്‍ സഹപ്രവര്‍ത്തകനുമായിരുന്ന മോര്‍ട്ടന്റെ സഹായം തേടി.
എന്നാല്‍, ബോസ്ടനിലെ മസച്ചുസെറ്റ്സ് ആശുപത്രിയില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ മുന്നില്‍വെച്ച് ഒരു രോഗിയില്‍ ഇത് പരീക്ഷിച്ചു തെളിയിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം (ജനുവരി 1845), തികച്ചും ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, വിജയിച്ചില്ല.
നൈട്രസ് ഓക്സൈഡ് ശ്വസിച്ച ആ രോഗി പല്ല് പറിക്കുന്ന സമയം, ഹോറസിനെ അമ്പരപ്പിച്ചുകൊണ്ട് ഒരു നിലവിളിയോടെ ഇറങ്ങി ഓടി. ഡോക്ടര്‍ വാരനും മോര്‍ട്ടനും ഉള്‍പ്പെടെയുള്ള കാണികള്‍ 'തട്ടിപ്പ' എന്ന് കൂകി വിളിച്ചു. ഹോറസ് പരിഹാസ്യനായി. എന്നാല്‍, പിന്നീട് ആ രോഗി പറഞ്ഞത് നൈട്രസ് ഓക്സൈഡ് ശ്വസിച്ചതിനു ശേഷം മരവിപ്പ് അനുഭവപ്പെട്ട തനിക്ക് ഒരു വേദനയും തോന്നിയില്ല എന്നായിരുന്നു!
നൈട്രസ് ഓക്സൈഡ് ശ്വസിക്കുമ്പോള്‍ ചിലര്‍ ഉന്മത്തരാകാറുണ്ട്. അങ്ങനെ ഓടിയതായിരുന്നു അവന്‍. മാത്രമല്ല, പിന്നീട് നടന്ന പഠനങ്ങളില്‍നിന്നും മനസ്സിലായത് പൊണ്ണത്തടി ഉള്ളവരിലും അമിതമദ്യപാനികളിലും നൈട്രസ് ഓക്സൈഡ് ഫലപ്രദം ആകില്ല എന്നായിരുന്നു. ഹോറസ് പരീക്ഷണം നടത്തിയ ആള്‍ ഇത് രണ്ടും ആയിരുന്നു.
എന്തായാലും തനിക്കു ലഭിക്കേണ്ടിയിരുന്ന അംഗീകാരം ഒരു വര്‍ഷത്തിനുള്ളില്‍ ശിഷ്യനായ മോര്‍ട്ടന്‍ കരസ്ഥമാക്കിയതോടെ ഹോറസ് കടുത്ത വിഷാദരോഗത്തിന് അടിമയായി. നൈട്രസ് ഓക്സൈഡിനെക്കാള്‍ മെച്ചപ്പെട്ടതെന്നു സംശയിക്കപ്പെട്ടിരുന്ന ഈഥര്‍, ക്ലോറോഫോം എന്നീ വസ്തുക്കള്‍ സ്വയം പരീക്ഷിച്ചിരുന്ന ഹോറസ് താമസിയാതെ ക്ലോറോഫോമിന്റെ മാദകവലയത്തില്‍ വീണു.
ഇന്ന് 'ദന്ത അനെസ്തീസ്യായുടെ പിതാവായി' ബഹുമാനിക്കപ്പെടുന്ന ഹോറസ് വെല്‍സ്, തന്റെ 33-മത്തെ പിറന്നാളിനു ശേഷം, വേദനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ തനിക്ക് സമ്മാനിക്കപ്പെട്ട വേദനകളില്‍നിന്ന് മാത്രമല്ല, ജീവിതത്തില്‍നിന്നുതന്നെ - ക്ലോറോഫോം അമിതമായി ശ്വസിച്ചതിനുശേഷം കൈത്തണ്ട മുറിച്ച്- സ്വയം മോചനം നേടുകയാണ് ഉണ്ടായത്.
തന്റെ ഐതിഹാസിക വിജയത്തെ സാമ്പത്തിക നേട്ടമാക്കി മാറ്റുന്നതിലായി ഡോക്ടര്‍ മോര്‍ട്ടന്റെ ശ്രദ്ധ. ജാക്സനുമായി ചേര്‍ന്ന് ഒരു പേറ്റന്റ് സമ്പാദിക്കാനായി ഈഥറും ഓറഞ്ച് ഓയിലും ചേര്‍ത്ത് 'ലെതിയോണ്‍' എന്ന പേരില്‍ ഒരു മിശ്രിതം തയ്യാറാക്കപ്പെട്ടു. ഡോക്ടര്‍മാര്‍ക്ക് ഇത് ഏഴു വര്‍ഷത്തേക്ക്, $ 37 മുതല്‍ $200 വരെ വിലയില്‍ വില്‍ക്കുവാനായിരുന്നു പദ്ധതി. പക്ഷേ, സാധനം വെറും ഈഥര്‍ തന്നെ എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായതോടെ പദ്ധതി പൊളിഞ്ഞു.
പ്രജ്ഞാസ്തംഭനത്തില്‍ നിന്ന് സാന്ത്വനപരിചരണത്തിലേക്ക്
ജാക്സനുമായി തെറ്റിപ്പിരിഞ്ഞ മോര്‍ട്ടന്‍ അടുത്ത അടവെടുത്തു. അനെസ്തെറ്റിക് എന്ന നിലയില്‍ താന്‍ തെളിയിച്ച ഈഥര്‍ ഉപയോഗിക്കുന്നതിന് പേറ്റന്റ് നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മോര്‍ട്ടന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചു. ഇതറിഞ്ഞ ജാക്സണ്‍, ഹോറസ് വെല്‍സിന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന്, മോര്‍ട്ടന്‍ അല്ല യഥാര്‍ത്ഥ അവകാശി എന്നു വാദിച്ചുകൊണ്ട് കേസ് കൊടുത്തു. യഥാര്‍ത്ഥ അവകാശിക്ക് പാരിതോഷികമായി ഒരു ലക്ഷം ഡോളര്‍ നല്‍കാനുള്ള ഒരു ബില്ല് കോണ്‍ഗ്രസ്സില്‍ പാസ്സാക്കാന്‍ കൂടിയ സമ്മേളനത്തില്‍, സെനറ്റര്‍ ഡോസന്‍ മറ്റൊരു അവകാശിയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തി.
ഈഥര്‍ പരീക്ഷണം മോര്‍ട്ടന്‍ തെളിയിക്കുന്നതിന് നാലു വര്‍ഷം മുന്‍പ് ജ്യോര്‍ജിയയിലുള്ള ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ്, ജെയിംസ് വെനബിളെന്ന ഒരു രോഗിയില്‍ ഈഥര്‍ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രിയ നടത്തി എന്നതിന്റെ തെളിവുവെയ്ക്കപ്പെട്ടതോടെ മോര്‍ട്ടന്റെ സ്വപ്നം തകര്‍ന്നുവീണു. 49ാം വയസ്സില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ മസ്തിഷ്‌കാഘാതം വന്ന് മോര്‍ട്ടന്‍ അന്തരിക്കുകയായിരുന്നു.
ആശിച്ചപോലെ സമ്പന്നന്‍ ആയില്ല എങ്കിലും 'അനെസ്തീസ്യയുടെ പിതാവാ'യി! അദ്ദേഹം വാഴ്ത്തപ്പെട്ടു. ഡോ. മോര്‍ട്ടന്‍ നേടിയ വിജയം അനെസ്തീസ്യയുടേയും തദ്വാരാ ശസ്ത്രക്രിയയുടേയും ആഗോള പ്രചാരത്തിനു വഴിതെളിച്ചു. ഇന്ത്യയിലും അദ്ദേഹം കൈവരിച്ച വിജയത്തിന്റെ വാര്‍ത്ത പെട്ടെന്നുതന്നെ എത്തി. ഈഥര്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ശാസ്ത്രക്രിയ ഇന്ത്യയില്‍ നടക്കുന്നത് 1847 മാര്‍ച്ച് 22-നായണ്. ഡോക്ടര്‍ ഓസോനെസ്സിയുടെ നേതൃത്വത്തില്‍ കല്‍ക്കട്ട മെഡിക്കല്‍ കോളേജിലാണ് ഇത് നടന്നത്. ലോകത്തിലെ ആദ്യ വനിതാ അനെസ്തീസ്യോളജിസ്റ്റിനെ (ഡോ. രൂപാ ബായി ഫര്‍ദുന്‍ജി) സംഭാവന ചെയ്തതും ഇന്ത്യയാണ്.
ഈ വര്‍ഷത്തെ ലോക അനെസ്തീസ്യ ദിനത്തിന്റെ പ്രമേയമായി അനെസ്തീഷ്യോളജിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനമുന്നോട്ടുവെച്ചിരിക്കുന്നത് 'അര്‍ബുദ പരിചരണവും അനെസ്തീസ്യയും' എന്നതാണ്. പ്രജ്ഞാസ്തംഭനം എന്ന സാങ്കേതികത്വത്തില്‍നിന്നും സാന്ത്വനപരിചരണം എന്ന സമാശ്വാസവിദ്യയിലേക്ക് കരുണാര്‍ദ്രമായി വളരുമ്പോള്‍, ഡോക്ടര്‍ എന്ന നിലയില്‍ കാണാമറയത്ത് തന്നെ തുടരുന്ന അനെസ്തീസ്യയുടെ ലോകം, കഴിഞ്ഞ നൂറോളം വര്‍ഷങ്ങളില്‍ സാങ്കേതികമായും ശാസ്ത്രീയമായും കൈവരിച്ച ബഹുമുഖ നേട്ടങ്ങളാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്.
അനെസ്തീസ്യാ വിദഗ്ദ്ധര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒരുപാട് തരം രോഗികളില്‍ മുന്‍നിരയിലുള്ളത് പുകവലിയും മദ്യപാനവുംകൊണ്ട് ജീവിതം ആഘോഷമാക്കുന്നവരാണ്. പ്രമേഹം, വിവിധതരം അലര്‍ജികള്‍, ആസ്ത്മ, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ എന്നിവയ്ക്ക് മരുന്നുകഴിക്കുന്ന ആളുകളും ഈ വിഭാഗത്തിലുണ്ട്. പൊണ്ണത്തടിയുള്ളവരും കഠിനമായ കൂര്‍ക്കംവലിയുള്ളവരും റിസ്‌ക് കൂടുതലുള്ളവരാണ്. ഇത്തരം രോഗികള്‍ ഉണ്ടാക്കിയേക്കാവുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുവാന്‍ രോഗിയുടെ വിശദമായ രോഗചരിത്രം കൃത്യമായി മനസ്സിലാക്കുന്നതുവഴി ഒഴിവാക്കാന്‍ കഴിയും. എങ്കിലും ഇത്തരക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ നിര്‍ണ്ണായകമായി വരാറുണ്ട്.
ആവശ്യത്തിനുള്ള അനെസ്തെറ്റിക് നല്‍കപ്പെടാത്തതുമൂലമോ ബോധക്ഷയം പേടിച്ച് അമിത ഉല്‍ക്കണ്ഠ മൂലം അനെസ്തെറ്റിക് ഫലിക്കാതെ വരുന്നതുകൊണ്ടോ അനെസ്തീസ്യയുടെ പൂര്‍ണ്ണ ഫലം ലഭിക്കാതെ വരാം. ഇത്തരം രോഗികള്‍ക്ക് ശസ്ത്രക്രിയാസമയത്ത് ഉണ്ടായ വേദനയുടെ ഓര്‍മ്മകള്‍ മസ്തിഷ്‌കത്തില്‍നിന്നും തുടച്ചുനീക്കുന്ന ചില മരുന്നുകള്‍ (അമ്നെസിക്സ്) ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ നല്‍കപ്പെടുന്ന കാര്യം ഉന്നയിച്ചുകൊണ്ട് പ്രശസ്ത ദാര്‍ശനികനായ ഡാനിയേല്‍ ഡെന്നറ്റ് ഉയര്‍ത്തുന്ന ചോദ്യം, ഇത്തരം മരുന്നുകള്‍ നല്‍കപ്പെടും എന്ന് മുന്‍കൂട്ടി അറിയിക്കപ്പെട്ടാല്‍ അനെസ്തീസ്യയുടെ ആവശ്യം കുറക്കാനാകുമോ എന്നാണ്. നമുക്കറിയില്ല. പക്ഷേ, അത്തരം വിവരങ്ങള്‍ ഒരു മെഡിക്കല്‍ രഹസ്യമായി വെയ്ക്കുന്ന, മതതുല്യമായ, 'വിശുദ്ധ വഞ്ചന' തന്നെയാണ് രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates