2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഞാനാദ്യമായി ബംഗാളിലേയ്ക്ക് യാത്ര പോകുന്നത്. രണ്ടരപതിറ്റാണ്ടുകാലം ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ ഇന്റര്‍വ്യൂ ചെയ്യാനായിരുന്നു ആ യാത്ര. 2000-ത്തിലാണ് ജ്യോതിബസു ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നത്. ഏതാണ്ട് 2005 വരെ ജ്യോതിബസു രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
'India Shining' (ഇന്ത്യ തിളങ്ങുന്നു) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 2004-ലെ പൊതുതെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. വാജ്‌പേയ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രവചനമായിരുന്നു അന്നു പല മാധ്യമങ്ങളും നിരീക്ഷകരും നടത്തിയിരുന്നത്. ബി.ജെ.പിക്ക് ബദല്‍ തീര്‍ക്കേണ്ട കോണ്‍ഗ്രസ്സിന് അനുകൂലമായ കാറ്റൊന്നും എവിടെയും ദൃശ്യമായിരുന്നില്ല. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്തര്‍സ്ഥലികളില്‍ അങ്ങനെയൊരു കാറ്റ് രഹസ്യമായി വീശുന്നുണ്ടായിരുന്നു, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ. 2004-ലെ തെരഞ്ഞെടുപ്പ് ഫലം അതു തെളിയിക്കുകയും ചെയ്തു. ആദ്യമൊന്നും ദൃശ്യത്തില്‍ത്തന്നെ ഇല്ലാതിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. UPA എന്ന മുന്നണി അധികാരത്തില്‍ വരികയും ചെയ്തു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച 2004-ലെ ആ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഞാന്‍ ബംഗാളിലെത്തുന്നത് - അതും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായ ജ്യോതിബസുവിനെ ഇന്റര്‍വ്യു ചെയ്യാന്‍.
2004-ലെ ഒരു തണുത്ത പ്രഭാതത്തില്‍ ഞാന്‍ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി. വിമാനത്താവളത്തില്‍നിന്നും നേരെ ജ്യോതിബസുവിന്റെ വീട്ടിലേയ്ക്ക്. വാടകയ്‌ക്കെടുത്ത ഒരു ടാക്‌സിയിലായിരുന്നു യാത്ര. ഒരു ബീഹാറിയായിരുന്നു ടാക്‌സി ഡ്രൈവര്‍. ജ്യോതിബസുവിന്റെ വീട് സാള്‍ട്ട് ലേക്കിനടുത്ത് ഇന്ദിരാഭവനാണ് എന്നുമാത്രം എനിക്കറിയാം. ഗൂഗിള്‍ മാപ്പിനും മുന്‍പുള്ള കാലമാണ്. കൊല്‍ക്കൊത്തയില്‍ ഒരാള്‍ക്കും ജ്യോതിബസുവിന്റെ വീട് അറിയാതിരിക്കേണ്ട കാര്യവുമില്ല. ആ വിശ്വാസത്തില്‍ ഞാന്‍ ടാക്‌സിയിലിരുന്നു. ഒരു ജംഗ്ഷനിലെത്തിയപ്പോള്‍ ഡ്രൈവര്‍ കാറ് നിര്‍ത്തി ഒരു ട്രാഫിക് പൊലീസുകാരനോട് ജ്യോതിബസുവിന്റെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു! പൊലീസുകാരന്‍ ഡ്രൈവറെ രൂക്ഷമായൊന്നു നോക്കി എന്തോ പുലഭ്യം പറഞ്ഞു. പിന്നീട് വഴി കാട്ടിത്തന്നു. കാല്‍നൂറ്റാണ്ടുകാലം ബംഗാള്‍ ഭരിച്ച ജ്യോതിബസുവിന്റെ വീട് കൊല്‍ക്കൊത്തയില്‍ ഒരു ടാക്‌സി ഡ്രൈവര്‍ അന്വേഷിച്ച് നടക്കുന്നതാവണം ട്രാഫിക് പൊലീസുകാരനെ ചൊടിപ്പിച്ചത്. പക്ഷേ, സാവധാനത്തില്‍ അതൊരു വസ്തുതയാവുകയായിരുന്നു. ആരോ എവിടെയോ എന്തോ ഒന്ന് മറന്നുവെച്ചതുപോലെ, അത് ബംഗാളിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ചുള്ള സൂചനയായിരുന്നു.
1996-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിലാണ് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി (United Front) സര്‍ക്കാരുണ്ടാകുന്നത്. അന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യം ഉയര്‍ന്നുവന്ന പേര് ജ്യോതി ബസുവിന്റേതായിരുന്നു. പക്ഷേ, സി.പി.ഐ(എം) തീരുമാനിച്ചത് ജ്യോതിബസു പ്രധാനമന്ത്രിയാകണ്ട എന്നാണ്. കേന്ദ്ര കമ്മിറ്റിയിലെ നാലില്‍ മൂന്നു പക്ഷവും ബസു പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്ത് വോട്ടു ചെയ്തു എന്നു പിന്നീട് സീതാറാം യച്ചൂരി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ജ്യോതിബസുവും പ്രധാനമന്ത്രി സ്ഥാനം സി.പി. ഐ(എം) ഏറ്റെടുക്കണം എന്ന പക്ഷക്കാരായിരുന്നു. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തു. സഖ്യകക്ഷി സമ്മര്‍ദ്ദത്താല്‍ നാം എതിര്‍ക്കുന്ന പലതും നമുക്കു നടപ്പാക്കേണ്ടിവരും എന്നതായിരുന്നു എതിര്‍ത്തവരുടെ വാദം. അതു പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അക്കൂട്ടര്‍ വാദിച്ചു. എന്നാല്‍, ജ്യോതിബസു പ്രധാനമന്ത്രിയായാല്‍ ജനോപകാരപ്രദങ്ങളായ പല കാര്യങ്ങളും നടപ്പിലാക്കാനാകുമെന്നും അതുവഴി ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുമെന്നും മറുപക്ഷം വാദിച്ചു. ഒടുവില്‍ പൊളിറ്റ്ബ്യൂറോയും തള്ളിയതോടെ ബസുവും സുര്‍ജിത്തും നേരിട്ട് കര്‍ണാടക ഭവനിലെത്തി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കില്ല എന്ന തീരുമാനം ഐക്യമുന്നണി നേതൃത്വത്തെ അറിയിക്കുകയായിരുന്നു എന്നും യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്8. ആ തീരുമാനത്തെ പിന്നീട് ജ്യോതിബസു വിശേഷിപ്പിച്ചത് 'Historical Blunder' എന്നായിരുന്നു 'ചരിത്രപരമായ വിഡ്ഢിത്തം.'
ജ്യോതിബസു പ്രധാനമന്ത്രിയായി എന്നു വെറുതെ കരുതുക. അത് രാജ്യത്ത് എന്തുമാറ്റം ഉണ്ടാക്കുമായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുന്നണി സംവിധാനത്തിലൂടെയാണെങ്കിലും ദേശീയാധികാരത്തില്‍ വരുമായിരുന്നു (സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കമ്യൂണിസ്റ്റുകാരനായ എ.കെ.ജിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു എന്നോര്‍ക്കണം). വെറുതെ ഒരു രസത്തിനു ഞാന്‍ ചിന്തിച്ചിട്ടുണ്ട്, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പാര്‍ട്ടിയുണ്ടെന്ന് രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലെ ചിലരെങ്കിലും അറിയുമായിരുന്നു. നമ്മുടെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും ആ പാര്‍ട്ടിയുടെ പേര് മുന്നില്‍ത്തന്നെ സ്ഥാനം പിടിക്കുമായിരുന്നു. ഇത് തിയററ്റിക്കല്‍ കമ്യൂണിസമല്ല എന്നെനിക്കറിയാം. തികച്ചും പ്രാഥമികവും പ്രയോഗവാദപരവുമായ ഒരു നിരീക്ഷണമായിരിക്കാം. പക്ഷേ, കൊല്‍ക്കൊത്താ നഗരത്തിലെ ഒരു ജംഗ്ഷനില്‍ ഈ ബീഹാറി ഡ്രൈവര്‍ ജ്യോതിബസുവിന്റെ വീട് തിരഞ്ഞ് നില്‍ക്കില്ലായിരുന്നു. അത്രവേഗം ആ പേര് കൊല്‍ക്കൊത്തയിലെങ്കിലും വിസ്മൃതമാകില്ലായിരുന്നു. ട്രാഫിക് പൊലീസുകാരന്റെ പുലഭ്യം കേള്‍ക്കേണ്ടിവരില്ലായിരുന്നു.
പാര്‍ട്ടി ജ്യോതിബസുവിന്റെ 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന പ്രയോഗം തള്ളിക്കളഞ്ഞെങ്കിലും ജ്യോതിബസു മരണം വരെ അതു തിരുത്തിയിട്ടില്ല. അന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ അഭിമുഖത്തിലും ജ്യോതിബസു അതാവര്‍ത്തിച്ചു. എന്നുമാത്രമല്ല, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി സഹകരിക്കണം എന്നു പറയുകയും ചെയ്തു. സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ ഒരപാകതയുമില്ല എന്നായിരുന്നു ആ അഭിമുഖത്തില്‍ ജ്യോതിബസു എടുത്ത നിലപാട്. 2004-ലെ പൊതു തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലെ വലിയ ദീര്‍ഘദര്‍ശനമായിരുന്നു അത്.
ബീഹാറി ഡ്രൈവര്‍ ഒടുവില്‍ സാള്‍ട്ട് ലേയ്ക്കും ഇന്ദിരാഭവനും കണ്ടെത്തി. 1977-ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ജ്യോതിബസുവും ബംഗാളില്‍ അധികാരത്തിലെത്തുന്നത്. അന്നുതൊട്ട് സ്വയം വിരമിക്കുന്നതുവരെ ബസു ബംഗാള്‍ ഭരിച്ചു. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരായ കാറ്റില്‍ കൊയ്‌തെടുത്ത വിജയം കാല്‍നൂറ്റാണ്ടുകാലം ഉയര്‍ത്തിപ്പിടിച്ച ജ്യോതിബസുവിനു തന്റെ വിലാസം എഴുതേണ്ടിവരുമ്പോള്‍ ഇന്ദിരാഭവന്‍ എന്നെഴുതേണ്ടിവരുന്നതിലെ തമാശയോര്‍ത്തുകൊണ്ട് ഞാന്‍ ജ്യോതിബസുവിന്റെ വീട്ടിലെ സ്വീകരണമുറിയിലെത്തി. ഞാന്‍ കാണുമ്പോള്‍ ജ്യോതിബസുവിന് 90 വയസ്സുണ്ട്.
പ്രായത്തിന്റെ ക്ഷീണമുണ്ട്. പക്ഷേ, സംസാരത്തിന്, ചിന്തയ്ക്ക് ഒരു വഴുക്കലും തടസ്സവുമുണ്ടായിരുന്നില്ല. ഒരു കൈലിയും ഫുള്‍സ്ലീവ് ഷര്‍ട്ടുമായിരുന്നു വേഷം. അഭിമുഖത്തിനായി ഫോര്‍മലായ വസ്ത്രം ധരിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, മലയാളികള്‍ക്കു കൗതുകവും അടുപ്പവും തോന്നുക വസ്ത്രധാരണത്തിലെ ഈ ലാളിത്യമാകുമെന്നു കരുതി ഞാനതിനെ തടസ്സപ്പെടുത്തി. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇ.എം.എസ് വീട്ടില്‍ എപ്പോഴും കൈലിയാണ് ഉടുക്കുക എന്ന് ജ്യോതിബസു ഓര്‍മ്മിക്കുകയും ചെയ്തു.
ഞാന്‍ കാണുമ്പോള്‍ വിഭാര്യനും ഏകനുമായിരുന്നു ജ്യോതിബസു. പക്ഷേ, ചോദ്യങ്ങള്‍ക്കുള്ള മറുപടി സ്ഫുടവും ദൃഢവുമായിരുന്നു. ആസന്നഭാവിയില്‍ത്തന്നെ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ടിവരുമെന്ന് ധീരമായി, പരസ്യമായി പറയാന്‍ അന്ന് ജ്യോതിബസുവിനു കഴിഞ്ഞത് ഒരുപക്ഷേ, അനുഭവതീക്ഷ്ണമായ രാഷ്ട്രീയ ജീവിതം നല്‍കിയ ദീര്‍ഘദര്‍ശന ചാതുര്യം കൊണ്ടാകണം. ബി.ജെ.പിയേയും എന്‍.ഡി.എയേയും അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്തുക എന്നതാണ് നിലവില്‍ മുഖ്യ പരിഗണനയാകേണ്ടത് എന്നും ബസു വിശദീകരിച്ചു. ഈ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേരളത്തിലാണെന്നും അവിടെ തന്റെ രാഷ്ട്രീയ എതിരാളി കോണ്‍ഗ്രസ്സാണെന്നും നിശ്ചയമായും ബോദ്ധ്യമുണ്ടായിരുന്നെങ്കിലും സംഭവിക്കാനിരിക്കുന്നു എന്ന് ഉത്തമവിശ്വാസമുള്ള രാഷ്ട്രീയ സാഹചര്യത്തെ താല്‍ക്കാലിക അടവുനയത്തിന്റെ മറവില്‍ സംസ്‌കരിക്കാന്‍ ജ്യോതിബസു തയ്യാറായിരുന്നില്ല എന്നര്‍ത്ഥം. ആ രാഷ്ട്രീയ സത്യസന്ധത അസാമാന്യമായിരുന്നു (2004-ല്‍ തന്നെ അന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. ജ്യോതിബസു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോണിയാഗാന്ധിയെ പിന്തുണയ്ക്കുകയായിരുന്നില്ല എന്നും മറിച്ച് സോണിയാഗാന്ധിയുടെ വിദേശജന്മം (foreign origin) എന്ന പ്രശ്‌നം അവര്‍ക്ക് പ്രധാനമന്ത്രിയാകുന്നതിനു തടസ്സമല്ല എന്നുമാത്രമാണ് ബസു പറഞ്ഞതെന്നും പിണറായി വിജയന്‍ വിശദീകരിച്ചു).
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2007-ലാണ് ഞാന്‍ വീണ്ടും ബംഗാളിലെത്തുന്നത് - രാജ്യത്തെ ഞെട്ടിച്ച നന്ദിഗ്രാം കലാപവും അസംഖ്യം കൊലപാതകങ്ങളും റിപ്പോര്‍ട്ടു ചെയ്യാനായിരുന്നു രണ്ടാമത്തെ ബംഗാള്‍ യാത്ര. ഒരുപാട് കാര്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള ഒരു പൊട്ടിത്തെറിയായാണ് നന്ദിഗ്രാമിനെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. 1977-ല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ബംഗാളില്‍ അധികാരത്തില്‍ വരുന്നു. അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുന്‍ഗണന സ്വാഭാവികമായും കര്‍ഷകരേയും തൊഴിലാളികളേയും ഭൂരഹിതരേയും ശാക്തീകരിക്കുക എന്നതു തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ വിജയത്തിലൂടെ സ്വാഭാവികമായും സംഭവിക്കേണ്ട കാര്യങ്ങളാണത്. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കപ്പെടുന്നു. പഞ്ചായത്തീരാജുപോലെ ഗ്രാമീണ അധികാരസംവിധാനങ്ങള്‍ ശക്തമാകുന്നു (അത് പാര്‍ട്ടി സെല്ലുകള്‍ തന്നെയായിരുന്നു എന്നത് മറുപുറം). ബംഗാളിന്റെ ഗ്രാമങ്ങളില്‍ അതോടെ കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സമ്പൂര്‍ണ്ണമാകുന്നു. നഗരങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ കാര്യമായിത്തന്നെ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇതിനിടയിലെവിടെയോ വ്യാവസായിക വികസനത്തിന്റെ സാമ്പത്തിക ശാസ്ത്രം അഭിസംബോധന ചെയ്യപ്പെടാതേയോ പരീക്ഷിക്കപ്പെടാതേയോ പോകുന്നു. രാജ്യത്തിന്റെ ഇതരഭാഗങ്ങള്‍ വ്യവസായ പുരോഗതിയിലേയ്ക്ക് നീങ്ങുമ്പോള്‍ മനുഷ്യര്‍ വലിച്ചുകൊണ്ടോടുന്ന റിക്ഷ എന്ന അപരിഷ്‌കൃതമായ യാത്രാസംവിധാനംപോലും നിര്‍ത്തലാക്കാനാകാതെ ബംഗാള്‍ സര്‍ക്കാര്‍ കഷ്ടപ്പെട്ടു. വലിച്ചുകൊണ്ടോടുന്ന റിക്ഷാ സംവിധാനം നിര്‍ത്തലാക്കിയാല്‍ ഉണ്ടാകാവുന്ന ഒരു വലിയ സമൂഹം തൊഴിലാളികളുടെ എതിര്‍പ്പിനെ അവര്‍ ഭയന്നു. ഇങ്ങനെ പലതരം കീഴടങ്ങലുകള്‍ പല മേഖലകളിലായി സംഭവിച്ചു. കുത്തക - ബഹുരാഷ്ട്ര കുത്തകവിരുദ്ധ നിലപാടുകളുടെ സൈദ്ധാന്തിക ശക്തി ഇതിനെയൊക്കെ ന്യായീകരിക്കാന്‍ കഴിയുന്ന നല്ല വാദമുഖങ്ങളായി. ചുരുക്കത്തില്‍ ബംഗാളി ജനത ഒരടഞ്ഞ വ്യവസ്ഥയിലേയ്ക്ക് പരിശീലിപ്പിക്കപ്പെട്ടു. അത് അതിന്റേതായ നിസ്സംഗതയും നിശ്ശബ്ദതയും സൃഷ്ടിച്ചു.
ഒരു വൈകുന്നേരം കൊല്‍ക്കൊത്തയിലെ ഒരു തെരുവു ചായക്കടയില്‍ ചായകുടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ പരിചയപ്പെട്ട ഒരു യുവാവ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്: 'I am bored' എന്നായിരുന്നു. 'I am bored' - അത് തുളച്ചുകയറുന്ന ഒരു പ്രസ്താവമായിരുന്നു. 2007-ല്‍ ഞാനയാളെ പരിചയപ്പെടുമ്പോള്‍ ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് 30 വയസ്സ്. അതായത് ജ്യോതിബസു ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ജനിച്ച കുട്ടിക്ക് 30 വയസ്സ്. ജനനം മുതല്‍ 30 വയസ്സ് വരെ അവനോ അവളോ കാണുന്നത് ഒരേ മുഖ്യമന്ത്രി, ഒരേ ഭരണകൂടം, ഒരേ നയം, ഒരേ കൊടി, ഒരേ നിറം... ഒന്നും മാറുന്നില്ല. ഉച്ചയ്ക്ക് റൈറ്റേഴ്സ് ബില്‍ഡിങ്ങിലെ (ബംഗാള്‍ സെക്രട്ടേറിയറ്റ്) ടവര്‍ക്ലോക്കില്‍ ഒരു മണി മുഴങ്ങുമ്പോള്‍ ജ്യോതിബസുവിന്റെ ഔദ്യോഗിക വാഹനം വീടിനെ ലക്ഷ്യമാക്കി പായുന്ന കൊല്‍കൊത്താ നഗരത്തിന്റെ സ്ഥിരം കാഴ്ച. ജനങ്ങള്‍ ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആവര്‍ത്തിച്ച് എങ്ങനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബംഗാള്‍ ഭരിച്ചു എന്നു ചോദിക്കുന്നവര്‍ ഒറ്റരാത്രികൊണ്ട് എങ്ങനെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ബംഗാളില്‍ കടപുഴക്കി എറിയപ്പെട്ടു എന്നുകൂടി ചിന്തിച്ചാല്‍ അതിനു ഉത്തരം കിട്ടും.
ഒരു തൊഴിലുമെടുത്തില്ലെങ്കിലും പാര്‍ട്ടിപ്പണിയിലൂടെ ജീവിക്കാവുന്ന സംഘടനാസംവിധാനം വ്യാപകമാക്കപ്പെട്ടു. കേന്ദ്ര ഫണ്ടുകള്‍ ഇതിനായി വഴിമാറി വിനിയോഗിക്കപ്പെട്ടു എന്നൊരാക്ഷേപം അക്കാലത്ത് പാര്‍ട്ടി നേരിട്ടിരുന്നു. 2017-ല്‍ സി.പി.ഐ(എം) പുറത്താക്കിയ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാ എം.പി റിതബ്രതാ ബാനര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ബംഗാളി ടെലിവിഷന്‍ ചാനലായ ABP Ananda-യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരവതരമായ വിമര്‍ശനങ്ങള്‍ റിതബ്രത ഉന്നയിച്ചത്. ആ അഭിമുഖത്തിന്റെ പേരിലാണ് റിതബ്രതയെ സി.പി.ഐ(എം) പുറത്താക്കിയത്9. നാല് കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ കാരണങ്ങളായി സി.പി.ഐ(എം) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതില്‍ ഏറ്റവും വിചിത്രമായത് നാലാമത്തെ കാരണമായിരുന്നു, 'Lavish life-style incompatible with the member of the party.' അതായത് പാര്‍ട്ടി പ്രവര്‍ത്തകനു യോജിക്കാത്ത ആഡംബര ജീവിതശൈലി അനുവര്‍ത്തിക്കുന്നു. ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നു, മോണ്ട് ബ്ലാങ്കിന്റെ പേന ഉപയോഗിക്കുന്നു, ഫാബ് ഇന്ത്യയുടെ കുര്‍ത്ത ഉപയോഗിക്കുന്നു. കേവലം ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.ഐ(എം) സ്വന്തം എം.പിക്കെതിരെ കണ്ടെത്തിയ അതിഭീകര കുറ്റകൃത്യങ്ങളായിരുന്നു ഇത്. ഇന്നിപ്പോള്‍ ഐഫോണ്‍ ഉപയോഗിക്കാത്ത പാര്‍ട്ടി നേതാക്കള്‍ വിരളമാണല്ലോ! ഏതായാലും റിതബ്രത പറഞ്ഞതുപോലെ കേന്ദ്ര ഫണ്ടുകള്‍ പാര്‍ട്ടിപ്പണിക്കുള്ള പ്രതിഫലമായി വിനിയോഗിക്കപ്പെട്ടിരുന്നെങ്കിലും ആ സംവിധാനം മതിയാകാതെ വന്നപ്പോഴുണ്ടായ അസംതൃപ്തി ഒരു പുകച്ചിലായി സാവധാനത്തില്‍ അടിത്തട്ടിലെവിടെയോ എപ്പോഴോ രൂപപ്പെട്ടു തുടങ്ങിയിരുന്നു. എന്തോ ഒന്ന് മാറണം എന്ന തോന്നലിന് എവിടെയൊക്കെയോ ആക്കം കൂട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു സാധിച്ചുതുടങ്ങി. അതിനു വഴിയൊരുക്കിയത് നന്ദിഗ്രാമായിരുന്നു. പാവപ്പെട്ടവനെ ഭൂമി നല്‍കി ശാക്തീകരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യവസായ ആവശ്യത്തിനു ഭൂമി തിരിച്ചുപിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കൃഷിഭൂമി കര്‍ഷകന് എന്ന കുറിക്കുകൊള്ളുന്ന മുദ്രാവാക്യത്തില്‍ തൃണമൂല്‍ തിരിച്ചടിച്ചു. പുതിയ പാഠങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും വൈകിപ്പോയ കമ്യൂണിസ്റ്റുകള്‍ക്കു മുന്നില്‍ നന്ദിഗ്രാം പ്രതിഷേധത്തിന്റേയും കലാപത്തിന്റേയും പുതിയ രക്തപതാക ഉയര്‍ത്തി. നന്ദിഗ്രാം റിപ്പോര്‍ട്ടു ചെയ്യാന്‍ കൊല്‍ക്കൊത്തയിലെത്തുമ്പോള്‍ നഗരം പ്രതിഷേധസമരങ്ങളാല്‍ മുഖരിതമായിരുന്നു. ഒരുവശത്ത് മേധാപട്കറുടെ നിരാഹാര സമരം, മറുവശത്ത് മഹാശ്വേതാ ദേവി മുതല്‍ ഋതുപര്‍ണോ ഘോഷും ഉഷാ ഉതുപ്പും വരെ നയിക്കുന്ന പ്രതിഷേധ ജാഥകള്‍.
അടുത്ത പ്രഭാതത്തില്‍ ഞാന്‍ നന്ദിഗ്രാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കൊല്‍ക്കൊത്തയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ ഹല്‍ദി നദിയുടെ തെക്കന്‍ തീരത്താണ് നന്ദിഗ്രാം. 2007-ല്‍ ബംഗാള്‍ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ ഒരു കെമിക്കല്‍ ഹബ്ബ് തുടങ്ങാന്‍ സലിം ഗ്രൂപ്പിന് അനുമതി നല്‍കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സ്വകാര്യ കമ്പനിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ ഗ്രാമീണര്‍ എതിര്‍ത്തു. എതിര്‍പ്പ് പൊലീസുമായുള്ള ഏറ്റുമുട്ടലായി. സംഘര്‍ഷത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോ ഗിക കണക്ക്. അതോടെ നന്ദിഗ്രാം കലാപഭൂമിയായി. ഗ്രാമീണര്‍ പല വിദൂരഗ്രാമങ്ങളിലേയ്ക്കും പലായനം ചെയ്തു. നന്ദിഗ്രാം ജനവാസമില്ലാതെ ഒഴിഞ്ഞുകിടന്നു. ഞാന്‍ നന്ദിഗ്രാമിലെത്തുമ്പോള്‍ പലായനം ചെയ്ത ഗ്രാമീണരില്‍ ചിലരൊക്കെ മടങ്ങിയെത്തി തുടങ്ങിയിരുന്നു. പ്രാദേശിക പൊലീസ് സ്റ്റേഷനുകളെക്കാള്‍ ശക്തരായിരുന്നു ഇവിടുത്തെ പാര്‍ട്ടി യൂണിറ്റുകള്‍. സംഘര്‍ഷം പിന്നീട് മടങ്ങിവന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലായി. ഈ സാഹചര്യം നന്നായി ഉപയോഗിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളുമായിരുന്നു. ഭൂമി ഏറ്റെടുക്കലിനെ ബംഗാളിലെ ബുദ്ധിജീവി സമൂഹവും വൈകാരികമായാണ് കണ്ടത്. അതോടെ മമതയ്ക്ക് കിട്ടിയ പിന്തുണയുടെ വിതാനം കൂടുതല്‍ വിശാലമായി. 2006-ല്‍ സിങ്കൂരില്‍ നാനോ കാര്‍ നിര്‍മ്മിക്കാന്‍ ടാറ്റാ ഗ്രൂപ്പിനു ഭൂമി നല്‍കാന്‍ ശ്രമിച്ചപ്പോഴും ഇതേ എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ നിര്‍മ്മാണ പദ്ധതി ഉപേക്ഷിച്ച് ടാറ്റാ ഗ്രൂപ്പ് ബംഗാള്‍ വിട്ടു. നന്ദിഗ്രാമിലും ഇതേ സ്ഥിതി ആവര്‍ത്തിച്ചു.
കൊല്‍ക്കൊത്ത കടന്ന് നന്ദിഗ്രാമിലേയ്ക്കുള്ള യാത്ര തുടങ്ങുമ്പോള്‍ ആദ്യം എന്നെ അദ്ഭുതപ്പെടുത്തിയത് റോഡുകളുടെ പരിതാപകരമായ അവസ്ഥയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകള്‍. 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതു സര്‍ക്കാരിന് കൊല്‍ക്കൊത്തയുടെ അതിര്‍ത്തിയിലുള്ള റോഡുകള്‍പോലും നന്നാക്കാനായിട്ടില്ല. താമുക്ക് പോലുള്ള ഗ്രാമങ്ങളിലൂടെ വണ്ടി നീങ്ങുമ്പോള്‍ ദരിദ്രരായ ജനങ്ങള്‍ എന്നെ വീണ്ടും അദ്ഭുതപ്പെടുത്തി. കൊല്‍ക്കൊത്തയ്ക്ക് പുറത്ത് നാമറിയാത്ത ഒരു ബംഗാളുണ്ട്. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് കൂലിയുറപ്പും നല്‍കി. പക്ഷേ, അവിടെ അവസാനിച്ചോ പരിവര്‍ത്തനം? അത്തരം ചില യാഥാര്‍ത്ഥ്യങ്ങളിലേക്കായിരുന്നു ആ യാത്ര. താമുക്ക് പിന്നിട്ടപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ കാണാനായി. നന്ദിഗ്രാം വിട്ടവര്‍, തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങാന്‍ ഭയമുള്ളവര്‍ എല്ലാവരും ക്യാമ്പുകളില്‍ കൂടിച്ചേര്‍ന്നു കഴിയുന്നു. വല്ലാത്തൊരു ദാരിദ്ര്യം എനിക്കവിടെ അനുഭവപ്പെട്ടു. ഒരു കലാപം സൃഷ്ടിച്ച ദാരിദ്ര്യമായി മാത്രം എനിക്കതിനെ ചുരുക്കിക്കാണാന്‍ കഴിഞ്ഞില്ല. അതാണവര്‍. അങ്ങനെത്തന്നെയാണവര്‍. എന്റെ യാത്രയിലെവിടെയും കാല്‍നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് ഭരണം അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉറപ്പാക്കിയ ഒരു ഗ്രാമവും ഞാന്‍ കണ്ടില്ല.
നന്ദിഗ്രാമിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്മശാന മൂകത. വണ്ടിയില്‍നിന്നും പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പലഭാഗങ്ങളില്‍നിന്നായി ഏതാനും യുവാക്കള്‍ വണ്ടിയെ ലക്ഷ്യമാക്കി വന്നു. മുന്‍പ് അവിടെയെത്തിയ ചില മാധ്യമസംഘങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇവിടുത്തെ സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ റിപ്പോര്‍ട്ടു ചെയ്യാന്‍ വന്നതാണെന്നു പറഞ്ഞ് ഒരുവിധത്തില്‍ ഞാനവരെ സമാധാനിപ്പിച്ചു. പിന്നീട് അവരെന്നെ തകര്‍ക്കപ്പെട്ട വീടുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വീട്ടില്‍ കലാപത്തിനായി സൂക്ഷിച്ച തോക്കും തിരകളും ഞാന്‍ കണ്ടു. ആദ്യമായി ഒരു വെടിത്തിര (Bullet) ഞാന്‍ കൈകൊണ്ട് തൊട്ടു. പാര്‍ട്ടി യൂണിറ്റുകള്‍ക്ക് ആധിപത്യമുള്ള നന്ദിഗ്രാം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് എതിരായി? നല്ലൊരു ശതമാനം പാര്‍ട്ടി അണികളും സ്വകാര്യ കമ്പനിക്കായുള്ള ഭൂമി ഏറ്റെടുക്കലിന് എതിരായിരുന്നു. അത് യഥാര്‍ത്ഥത്തില്‍ ഒരുള്‍പാര്‍ട്ടി കലാപമായിരുന്നു.
അത് സൈദ്ധാന്തികമായിരുന്നില്ല, കല്ലും വടിയും കഠാരയും തോക്കും ഉപയോഗിച്ചുള്ള ഏറ്റുമുട്ടല്‍ തന്നെയായിരുന്നു. ബംഗാളില്‍ ബ്രാഹ്മണാധിപത്യത്തിലുള്ള കോണ്‍ഗ്രസ്സില്‍നിന്നും മാറി, വള്ളിച്ചെരുപ്പിട്ട് ഖദര്‍സാരിയുമുടുത്ത് റോഡരുകിലെ ഇരുമുറി വീട്ടില്‍ താമസിക്കുന്ന മമതാ ബാനര്‍ജിയോടും തൃണമൂല്‍ കോണ്‍ഗ്രസ്സിനോടും ബംഗാളിലെ സാധാരണക്കാരന്‍ പെട്ടെന്ന് ഐക്യപ്പെട്ടു. പോരെങ്കില്‍ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യവും!
ബംഗാളിലെ പാര്‍ട്ടിയില്‍ ഉന്നതതലത്തില്‍ മറ്റു ചില കലാപങ്ങള്‍കൂടി നടന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ സി.പി.ഐ.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കാതിരുന്ന സി.പി.ഐ(എം) പക്ഷേ, 2004-ല്‍ സോമനാഥ് ചാറ്റര്‍ജിയെ ലോക്സഭാ സ്പീക്കറാകാന്‍ അനുവദിച്ചു. ദില്ലിയില്‍ അശോകാ റോഡില്‍ കേരളാ ഹൗസിനോട് ചേര്‍ന്നുള്ള ബംഗ്ലാവിലായിരുന്നു സോമനാഥ് ചാറ്റര്‍ജി താമസിച്ചിരുന്നത്. പലതവണ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ എടുക്കാന്‍ ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാനവിടെ പോയിട്ടുണ്ട്. ബംഗ്ലാവിലെ വലിയ ലൈബ്രറിയിലിരുന്നാണ് സോമനാഥ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. സോമനാഥ് ചാറ്റര്‍ജിയുടെ വീട് ബംഗാളി പാര്‍ട്ടി പത്രമായ ഗണശക്തിയുടെ ഓഫീസ് കൂടിയായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനു നല്‍കിവന്ന പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചപ്പോള്‍ ലോക്സഭാ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കാന്‍ സി.പി. ഐ(എം) സോമനാഥിനോട് ആവശ്യപ്പെട്ടു. ആ നിര്‍ദ്ദേശം അനുസരിക്കാന്‍ സോമനാഥ് ചാറ്റര്‍ജി തയ്യാറല്ലായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചെങ്കിലും വിശ്വാസവോട്ടില്‍ യു.പി.എ സര്‍ക്കാര്‍ വിജയിച്ചു. സോമനാഥ് ചാറ്റര്‍ജി തന്നെ സഭയെ നിയന്ത്രിച്ചു. ഒടുവില്‍ 2008 ജൂലായില്‍ സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.
സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ട സമയത്ത് സോമനാഥ് ചാറ്റര്‍ജി കൊല്‍ക്കൊത്തയിലേയ്ക്ക് ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രയുടെ പ്രധാന ഉദ്ദേശം ജ്യോതി ബസുവുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു. സ്പീക്കര്‍ സ്ഥാനം രാജിവയ്‌ക്കേണ്ട എന്ന സോമനാഥിന്റെ തീരുമാനത്തിന് ജ്യോതിബസുവിന്റെ പിന്തുണയുണ്ടായിരുന്നോ? 1996-ല്‍ ജ്യോതിബസു പ്രധാനമന്ത്രിയാകണം എന്ന് നിലപാടെടുത്തയാളായിരുന്നു താനെന്ന് സോമനാഥ് ചാറ്റര്‍ജി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്നു താന്‍ ന്യൂനപക്ഷമായിരുന്നു എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. 2004-ല്‍ യു.പി.എ മന്ത്രിസഭയില്‍ ഇടതുപക്ഷം പങ്കാളിയാകണമെന്നായിരുന്നു ജ്യോതിബസുവിന്റെ നിലപാടെന്നും സോമനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ''സ്വന്തം മൂക്കിനപ്പുറം കാണാനാകാത്ത ഇടുങ്ങിയ മനസ്ഥിതിയുള്ള ചില നാര്‍സിസിസ്റ്റുകള്‍ ബസുവിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചില്ല... നോക്കൂ... ഇന്ന് സി.പി.ഐ(എം) രാജ്യത്ത് ഒരു പ്രസക്തിയുമില്ലാത്ത പ്രസ്ഥാനമായിരിക്കുന്നു...''11 എന്നാണ് പില്‍ക്കാലത്ത് സോമനാഥ് ചാറ്റര്‍ജി എഴുതിയത്. അങ്ങനെയെങ്കില്‍ ഒരുപക്ഷേ, സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ സോമനാഥിന് ജ്യോതിബസു പച്ചക്കൊടി കാട്ടിയിട്ടുണ്ടാവുമോ? ഏതായാലും ജ്യോതിബസുവിന്റെ വിരമിക്കല്‍, സോമനാഥ് ചാറ്റര്‍ജിയുടെ പുറത്താകല്‍, സിങ്കൂരിലേയും നന്ദിഗ്രാമിലേയും കലാപങ്ങള്‍, 'I am bored' എന്ന കൊല്‍ക്കൊത്തയിലെ ചെറുപ്പക്കാരന്റെ മൂന്നു വാക്കുകള്‍... 2011-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമായി. ഇടതുപക്ഷത്തെ കടപുഴക്കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സും മമതാ ബാനര്‍ജിയും ഒരു ചുഴലിക്കൊടുങ്കാറ്റായി. ആ കാറ്റില്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ എന്ന വന്‍മരത്തിനുപോലും പിടിച്ചുനില്‍ക്കാനായില്ല. അതൊരു തുടര്‍ച്ചയായിരുന്നു. ഏറ്റവും ഒടുവില്‍ 2021-ല്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനോ ഇടതുമുന്നണിക്കോ ഒരു സീറ്റുപോലും നേടാനായില്ല. ബി.ജെ.പിയാണ് ബംഗാളിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. എന്റെ ദില്ലി ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമായിരുന്നു ബംഗാളില്‍ സംഭവിച്ചത്. അത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. ഒറ്റ രാത്രികൊണ്ട് ത്രിപുരയില്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. ഈ മാറ്റത്തിന്റെ തന്നെ മറ്റൊരു വശമാണ് പിന്നീട് ദില്ലിയില്‍ സംഭവിച്ചത്.
ചൂലേന്തിയ സാധാരണക്കാരന്‍
ദില്ലി ഒരു മെട്രോ നഗരമാണ്. ഏതൊരു നഗരവും അതിന്റെ പാര്‍ശ്വങ്ങളില്‍ ചേരികളെ സൃഷ്ടിക്കും. അവിടേയ്ക്ക് ആളുകള്‍ കുടിയേറും. നിങ്ങളുടെ വസ്ത്രങ്ങള്‍ അലക്കാന്‍, നിങ്ങളുടെ വീടുകള്‍ ശുചിയാക്കാന്‍, നിങ്ങള്‍ക്കായി ഭക്ഷണം പാചകം ചെയ്യാന്‍, നിങ്ങളുടെ വാഹനങ്ങള്‍ ഓടിക്കാന്‍, നിങ്ങളുടെ തെരുവുകള്‍ വൃത്തിയാക്കാന്‍... ഒരു നഗരത്തിന് അങ്ങനെ അനേകം മനുഷ്യര്‍ വേണം. അത് പത്തോ നൂറോ അല്ല, ആയിരങ്ങളും പതിനായിരങ്ങളുമാണ്. ദില്ലിയുടെ പ്രധാന നഗരമുഖം കഴിഞ്ഞാല്‍പ്പിന്നെ ചേരികളാണ്. 'ജുഗ്ഗികള്‍' എന്നാണ് അവയെ വിളിക്കുക. അവിടേയ്ക്ക് ബീഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും ബംഗളില്‍നിന്നും എന്തിനേറെ ബംഗ്ലാദേശില്‍നിന്നുപോലും ആളുകള്‍ കുടിയേറി. അവര്‍ മറ്റൊരു സമൂഹമായി. പിന്നീട് കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും മലര്‍ത്തിയടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പ്രവര്‍ത്തിച്ചിരുന്നത് അവര്‍ക്കിടയിലായിരുന്നു. അതുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് 'ആം ആദ്മി പാര്‍ട്ടി' (സാധാരണക്കാരന്റെ പാര്‍ട്ടി) എന്ന് പേര് വന്നതും 'ചൂല്' ആ പാര്‍ട്ടിയുടെ ചിഹ്നമായതും. അതുകൊണ്ടാണ് സാധാരണക്കാര്‍ കെജ്രിവാളിനെ അവരുടെ പ്രതിനിധിയായി കണ്ടതും ആ പാര്‍ട്ടിയില്‍ അണിചേര്‍ന്നതും.
ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളെന്ന തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ സാംസ്‌കാരിക പ്രവര്‍ത്തനമായിരുന്നു. പ്രധാനമായും അതു കേന്ദ്രീകരിക്കപ്പെട്ടിരുന്നത് സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ആര്‍ട്ട് ഗ്യാലറികള്‍, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല എന്നിവിടങ്ങളിലൊക്കെയായിരുന്നു. ഡല്‍ഹിയില്‍ സി.പി.ഐ(എം) നേതൃത്വം നവലിബറലിസത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവയൊക്കെയായി കാലക്ഷേപം ചെയ്യുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ചേരികളിലെ മനുഷ്യര്‍ക്കും റിക്ഷാവണ്ടി വലിക്കുന്നവനും റേഷന്‍ കാര്‍ഡും വൈദ്യുതി കണക്ഷനും ഉണ്ടാക്കാന്‍ പണിയെടുക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ ഇടതുപക്ഷം സൃഷ്ടിക്കേണ്ടിയിരുന്ന ഉള്‍വഴികളാണ് കെജ്രിവാള്‍ സൃഷ്ടിച്ചത്. ഒന്നുകില്‍ അവരതു ചെയ്തില്ല, അല്ലെങ്കില്‍ അവര്‍ക്കതിനു കഴിഞ്ഞില്ല. ആയതിനാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കും നാളിതുവരെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല. അവിടുത്തെ വോട്ടിങ് യന്ത്രത്തില്‍ അങ്ങനെ ഒരു ചിഹ്നമില്ല.
കഷ്ടിച്ച് ദേശീയ പാര്‍ട്ടി
2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ആകെ ലഭിച്ചത് കേവലം 1.76 ശതമാനം വോട്ട് മാത്രമാണ്. 2004-ലെ തെരഞ്ഞെടുപ്പില്‍ നേടിയ 43 സീറ്റുകളും 5.66 ശതമാനം വോട്ടുകളുമാണ് സി.പി.ഐ.എമ്മിന്റെ ഏറ്റവും ഒടുവിലത്തെ മികച്ച പ്രകടനം. അന്ന് ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസ്സിനെ ദേശീയാധികാരത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതില്‍ സി.പി.ഐ.എമ്മും ഇടതുപക്ഷവും വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദയനീയമായ പ്രകടനമായിരുന്നു പാര്‍ട്ടിയുടേത്. ഏറ്റവും ഒടുവില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കാറില്‍നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റിലേയ്ക്ക് ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് നിലവില്‍ സി.പി.ഐ.എമ്മിന് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനായത്. രാജ്യത്തെ ആകെ സംസ്ഥാന അസംബ്ലികളില്‍ സി.പി.ഐ.എമ്മിന്റെ സാന്നിദ്ധ്യം കേവലം 81 സീറ്റുകള്‍ മാത്രമാണ്. അതില്‍ 62 സീറ്റുകള്‍ കേരളത്തില്‍നിന്നും 11 സീറ്റുകള്‍ ത്രിപുരയില്‍നിന്നുമാണ്. തമിഴ്നാട്ടില്‍ രണ്ട് എം.എല്‍.എമാര്‍ ഉണ്ട്. മഹാരാഷ്ട്രയിലും ജമ്മു-കശ്മീരിലും ഒരു സീറ്റ് വീതമുണ്ട്. ദേശീയ പാര്‍ട്ടി പദവി തുടരാന്‍ കാരണം മൂന്നു സംസ്ഥാനങ്ങളില്‍ - തമിഴ്നാട്ടിലും ത്രിപുരയിലും കേരളത്തിലും സി.പി.ഐ.എമ്മിനെ സംസ്ഥാന പാര്‍ട്ടിയായി കണക്കാക്കുന്നതു കൊണ്ടും രാജസ്ഥാനില്‍നിന്ന് ഒരു സീറ്റ് പാര്‍ലമെന്റിലേയ്ക്ക് ലഭിച്ചതുകൊണ്ടും മാത്രമാണ്. എന്നാല്‍, ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും സി.പി.ഐ.എമ്മിനു കിട്ടിയിട്ടില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പദവി ബംഗാളില്‍ തുലാസിലാണ്. ലോകത്ത് തുടര്‍ച്ചയായി 34 വര്‍ഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലിരുന്ന ഏക കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന നേട്ടം ഇടതുപക്ഷത്തിനു നേടിക്കൊടുത്ത ബംഗാളിലെ നിലവിലെ സ്ഥിതിയാണിത്. കേരളമൊഴിച്ച് മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് ഇടതുമുന്നണിക്കോ സി.പി.ഐ.എമ്മിനോ ഇപ്പോള്‍ ഭരണസാദ്ധ്യതയുമില്ല. കേരളത്തില്‍ത്തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ, ഇടതുപക്ഷത്തിന്റെ സ്ഥിതി ദയനീയവുമാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും (2019, 2024) കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ കേവലം ഒരു സീറ്റ് വീതം മാത്രം നേടാനാണ് ഇടതുമുന്നണിക്കായത്.
കഷ്ടിച്ച് ദേശീയ പാര്‍ട്ടി
2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ആകെ ലഭിച്ചത് കേവലം 1.76 ശതമാനം വോട്ട് മാത്രമാണ്. 2004-ലെ തെരഞ്ഞെടുപ്പില്‍ നേടിയ 43 സീറ്റുകളും 5.66 ശതമാനം വോട്ടുകളുമാണ് സി.പി.ഐ.എമ്മിന്റെ ഏറ്റവും ഒടുവിലത്തെ മികച്ച പ്രകടനം. അന്ന് ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസ്സിനെ ദേശീയാധികാരത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതില്‍ സി.പി.ഐ.എമ്മും ഇടതുപക്ഷവും വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദയനീയമായ പ്രകടനമായിരുന്നു പാര്‍ട്ടിയുടേത്. ഏറ്റവും ഒടുവില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കാറില്‍നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റിലേയ്ക്ക് ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് നിലവില്‍ സി.പി.ഐ.എമ്മിന് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനായത്. രാജ്യത്തെ ആകെ സംസ്ഥാന അസംബ്ലികളില്‍ സി.പി.ഐ.എമ്മിന്റെ സാന്നിദ്ധ്യം കേവലം 81 സീറ്റുകള്‍ മാത്രമാണ്. അതില്‍ 62 സീറ്റുകള്‍ കേരളത്തില്‍നിന്നും 11 സീറ്റുകള്‍ ത്രിപുരയില്‍നിന്നുമാണ്. തമിഴ്നാട്ടില്‍ രണ്ട് എം.എല്‍.എമാര്‍ ഉണ്ട്. മഹാരാഷ്ട്രയിലും ജമ്മു-കശ്മീരിലും ഒരു സീറ്റ് വീതമുണ്ട്. ദേശീയ പാര്‍ട്ടി പദവി തുടരാന്‍ കാരണം മൂന്നു സംസ്ഥാനങ്ങളില്‍ - തമിഴ്നാട്ടിലും ത്രിപുരയിലും കേരളത്തിലും സി.പി.ഐ.എമ്മിനെ സംസ്ഥാന പാര്‍ട്ടിയായി കണക്കാക്കുന്നതു കൊണ്ടും രാജസ്ഥാനില്‍നിന്ന് ഒരു സീറ്റ് പാര്‍ലമെന്റിലേയ്ക്ക് ലഭിച്ചതുകൊണ്ടും മാത്രമാണ്. എന്നാല്‍, ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും സി.പി.ഐ.എമ്മിനു കിട്ടിയിട്ടില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പദവി ബംഗാളില്‍ തുലാസിലാണ്. ലോകത്ത് തുടര്‍ച്ചയായി 34 വര്‍ഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലിരുന്ന ഏക കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന നേട്ടം ഇടതുപക്ഷത്തിനു നേടിക്കൊടുത്ത ബംഗാളിലെ നിലവിലെ സ്ഥിതിയാണിത്. കേരളമൊഴിച്ച് മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് ഇടതുമുന്നണിക്കോ സി.പി.ഐ.എമ്മിനോ ഇപ്പോള്‍ ഭരണസാദ്ധ്യതയുമില്ല. കേരളത്തില്‍ത്തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ, ഇടതുപക്ഷത്തിന്റെ സ്ഥിതി ദയനീയവുമാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും (2019, 2024) കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ കേവലം ഒരു സീറ്റ് വീതം മാത്രം നേടാനാണ് ഇടതുമുന്നണിക്കായത്.
കമ്യൂണിസം ഇടതുപക്ഷമാണോ?
1989-ല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞു വീശിയ ജനാധിപത്യ കൊടുങ്കാറ്റില്‍ സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും യുഗോസ്ലോവിയയുമടക്കമുള്ള രാഷ്ട്രങ്ങള്‍ തന്നെ ഇല്ലാതായി. പോളണ്ടില്‍നിന്നുമാരംഭിച്ച ലിബറല്‍ ജനാധിപത്യ പ്രസ്ഥാനം (Liberal Democratic Wave) കിഴക്കന്‍ യൂറോപ്പിലെ എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളേയും അട്ടിമറിച്ചു. റൊമാനിയയില്‍ കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന പ്രസിഡന്റ് ചെഷസ്‌ക്യൂവിനേയും ഭാര്യയേയും വിമതസൈന്യം വെടിവെച്ചു കൊന്നു. ബര്‍ലിന്‍ മതില്‍ തകര്‍ത്ത് കിഴക്ക്, പടിഞ്ഞാറന്‍ ജര്‍മനികള്‍ ഒന്നിച്ചു. വാഴ്സാ ഉടമ്പടി ഇല്ലാതാവുകയും ശീതസമരം അവസാനിക്കുകയും ചെയ്തു. ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും ഏഷ്യയിലേയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകരുകയും കേന്ദ്രീകൃത ജനാധിപത്യത്തെ ഇല്ലാതാക്കി ലിബറല്‍ ജനാധിപത്യം അധികാരം സ്ഥാപിക്കുകയും ചെയ്തു. റഷ്യയിലെ സാര്‍ ഭരണത്തിനെതിരെ 1917-ല്‍ നടന്ന ഒക്ടോബര്‍ വിപ്ലവവും കൂമിന്താങ് ഭരണത്തിനെതിരെ 1949-ല്‍ നടന്ന ചൈനീസ് വിപ്ലവവും അടക്കം 1980-കള്‍ വരെ ലോകത്ത് അസംഖ്യം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണക്രമമാണ് നിലവിലുണ്ടായിരുന്നത് എങ്കില്‍ ഇന്ന് ചൈനയിലും വടക്കന്‍ കൊറിയയിലും വിയറ്റ്നാമിലും ക്യൂബയിലും ലാവേസിലും മാത്രമാണ് കമ്യൂണിസ്റ്റ് ഭരണം നിലവിലുള്ളത്. 1990-ല്‍ കിഴക്കന്‍ യൂറോപ്പിലെ എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളേയും പുറത്താക്കി തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. ഏകപാര്‍ട്ടി ഏകാധിപത്യം, സമഗ്രാധിപത്യ ഭരണകൂടം, കേന്ദ്രീകൃത ജനാധിപത്യം, പൗരസ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂട ഉപകരണങ്ങളുടെ കടന്നുകയറ്റം എന്നിങ്ങനെ കമ്യൂണിസ്റ്റ് വ്യവസ്ഥിതിക്കു സംഭവിച്ച അപചയങ്ങള്‍ ജനരോഷത്തിനിടയാക്കുകയും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ആ ഭരണകൂടങ്ങളെയെല്ലാം നിശ്ശേഷമാക്കുകയും ചെയ്തു.
ഇന്ന് ലോകത്ത് കമ്യൂണിസം ഇടതുപക്ഷമാണോ? ഇടതുപക്ഷമെന്നാല്‍ പ്രധാനമായും ജനാധിപത്യം എന്നുതന്നെയാണല്ലോ അര്‍ത്ഥം. എന്താണ് ജനാധിപത്യം? തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു എന്നതുകൊണ്ടുമാത്രം ആ സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാരോ ആ വ്യവസ്ഥ ജനാധിപത്യ വ്യവസ്ഥയോ ആകുന്നില്ല. ഉദാഹരണത്തിന് റഷ്യയില്‍ വ്‌ലാദ്മീര്‍ പുട്ടിനും ഇസ്രയേലില്‍ ബഞ്ചമിന്‍ നെതന്യാഹുവും തുര്‍ക്കിയില്‍ എര്‍ദോഗനും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നവരാണ്. എന്നാല്‍, ആ സര്‍ക്കാരുകള്‍ ജനാധിപത്യ സര്‍ക്കാരുകളാണോ? എര്‍ദോഗന്‍ ഒരിക്കല്‍ പറഞ്ഞത് ''ജനാധിപത്യം എന്നാല്‍ ഒരു യാത്രാവണ്ടിയാണ് (tram). ലക്ഷ്യസ്ഥാനം എത്തുംവരെ നിങ്ങള്‍ അതോടിക്കുക. പിന്നീട് അതില്‍നിന്നും ഇറങ്ങുക'' എന്നായിരുന്നു. ജനാധിപത്യമെന്നാല്‍ എല്ലാ വിഭാഗങ്ങളുടേയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണ്. അതു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും നിയമവ്യവസ്ഥയുടെ നിഷ്പക്ഷതയും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുകയും വിയോജിക്കാനുള്ള ഇടങ്ങള്‍ തുറന്നിടുകയും ചെയ്യുന്ന വ്യവസ്ഥയാണ്. 99 ശതമാനം ഭൂരിപക്ഷം നേടി വിജയിച്ച ഒരു വിഭാഗത്തിനുപോലും ഒരു ശതമാനം മാത്രം വരുന്ന ന്യൂനപക്ഷത്തെ പുറത്താക്കാനോ അവരെ കൊന്നൊടുക്കാനോ അവരുടെ അവകാശങ്ങളെ എടുത്തുകളയാനോ കഴിയില്ല. മറിച്ച് അവരെ സംരക്ഷിച്ച് ഒപ്പം നിര്‍ത്താന്‍ ബാദ്ധ്യസ്ഥമായ വ്യവസ്ഥയാണത്. അതു പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വെല്ലുവിളിക്കാനും പ്രക്ഷോഭം നടത്താനും സ്വാതന്ത്ര്യമുള്ള വ്യവസ്ഥയാണ്. 1989-ലെ വസന്തകാലത്ത് കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യ പരിഷ്‌കരണങ്ങള്‍ക്കുമായി ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ സര്‍വ്വകാലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയത് തോക്കും ബയണറ്റും ടാങ്കുകളും ഉപയോഗിച്ചായിരുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ആ പോരാട്ടത്തില്‍ രക്തസാക്ഷികളായത്. റഷ്യയിലെ പ്രതിപക്ഷ നേതാവായിരുന്ന അലക്‌സി നവലെനി 2022-ല്‍ ജയിലിലടയ്ക്കപ്പെടുകയും 2024-ല്‍ അദ്ദേഹം മരിച്ചതായി ജയിലധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയില്‍ കൊടികുത്തിവാഴുന്ന അഴിമതിക്കെതിരെ പോരാടിയതിനാണ് പ്രതിപക്ഷ നേതാവായ നവലെനി തുറുങ്കിലടയ്ക്കപ്പെട്ടത്.
കമ്യൂണിസ്റ്റ് ഭരണക്രമം നിലവിലുള്ള ചൈനയിലോ കൊറിയയിലോ ജനാധിപത്യം പുലരുന്നുണ്ടോ? അവിടെനിന്നും എന്തെങ്കിലും വാര്‍ത്തകള്‍ പുറംലോകം അറിയുന്നുണ്ടോ? അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഞെട്ടിക്കുന്നതല്ലേ? സ്വാതന്ത്ര്യം അമര്‍ച്ച ചെയ്യപ്പെട്ട സാമൂഹികാവസ്ഥയില്‍നിന്നും കുതറിമാറാനാകാത്തവിധം ഭരണകൂട ഭീകരത നിലനില്‍ക്കുന്ന ഈ രാജ്യങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നായതു കൊണ്ടുമാത്രം നമുക്ക് ആ വ്യവസ്ഥിതിയെ പുരോഗമന ഇടതുപക്ഷ വ്യവസ്ഥിതിയെന്ന് വിലയിരുത്താനാകുമോ? ഇന്ന് ഇടതുപക്ഷം എന്ന് ലോകം വിവക്ഷിക്കുന്നത് കമ്യൂണിസത്തേയല്ല. കമ്യൂണിസംപോലും വലതുപക്ഷമായി മാറിയിരിക്കുന്നു! അത് ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യ വ്യവസ്ഥിതിയുമായി മാറിയിരിക്കുന്നു.
കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു മുന്‍പും ശേഷവും ലോകമെമ്പാടും ഉയര്‍ന്നുവന്നിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മറ്റു ചില ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിസ്ഥിതി പ്രസ്ഥാനം ഇടതുപക്ഷമാണ്. സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനം ഇടതുപക്ഷമാണ്. മനുഷ്യാവകാശ പ്രസ്ഥാനം ഇടതുപക്ഷമാണ്. വര്‍ണ്ണവിവേചനത്തിനും വംശീയതയ്ക്കുമെതിരായ എല്ലാ പ്രസ്ഥാനങ്ങളും ഇടതുപക്ഷമാണ്. എന്തിനേറെ വിമോചന ദൈവശാസ്ത്രംപോലും ഇടതുപക്ഷമാണ്. മുതലാളിത്ത മൂലധനത്തിന്റെ എല്ലാ താല്പര്യങ്ങളും ലാഭകേന്ദ്രിതമാണല്ലോ. ലാഭനിര്‍മ്മാണത്തെ കൂടുതല്‍ ലാഭകരമാക്കാന്‍ ഏറ്റവും അനുയോജ്യമായ വ്യവസ്ഥ തുറന്ന കമ്പോളവുമാണ്. ആയതിനാല്‍ മുതലാളിത്തം ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത് ഉദാര ജനാധിപത്യത്തിന്റെ പക്ഷത്താണ്. ഉപഭോഗം വര്‍ദ്ധിച്ചാലേ ലാഭം അധികരിക്കൂ. അതിനു സാമൂഹിക വ്യവസ്ഥ കൂടുതല്‍ അയവുറ്റതും ഉദാരവുമായിരിക്കണം. ആ അര്‍ത്ഥത്തില്‍ മുതലാളിത്തംപോലും ഇടതുപക്ഷമാണ് എന്നൊരു വീക്ഷണവും ലോകസാഹചര്യത്തില്‍ പ്രബലമായി വരുന്നുണ്ട്. ഇങ്ങനെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള നവീകരണ പ്രസ്ഥാനങ്ങളാണ് ഇന്ന് ലോകത്ത് ഇടതുപക്ഷം. ഇന്ത്യയിലെ ഇടതുപക്ഷം ഈ നിലയ്ക്ക് അതിന്റെ രാഷ്ട്രീയ പദ്ധതികളെ നവീകരിക്കുന്നുണ്ടോ? ഇല്ലെന്നതാണ് ആശങ്കാജനകം.
വിപ്ലവം എന്നത് ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യമല്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ മുന്‍കൂട്ടിത്തന്നെ അവര്‍ അംഗീകരിച്ചിട്ടുമുണ്ട്. അങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നിട്ടുമുണ്ട്. എന്നാല്‍, ലോക ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങളില്‍ ദേശീയ ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്? അഥവാ ആ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇന്ത്യന്‍ ഇടതുപക്ഷം എത്രമാത്രം ഇടപെടുന്നുണ്ട്? യഥാര്‍ത്ഥത്തില്‍ ഒരു മുതലാളിത്ത സമൂഹത്തില്‍ സംജാതമായിട്ടുള്ള എല്ലാ അപചയങ്ങളേയും - അഴിമതി മുതല്‍ പാര്‍ലമെന്ററി വ്യാമോഹം വരെ - ആ സംഘടനകള്‍ വാരിപ്പുണര്‍ന്നു കഴിഞ്ഞു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ലല്ലോ. പാര്‍ട്ടി പ്ലീനങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തകരോട് സ്വയം ശുദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്യേണ്ട സ്ഥിതിവരെ സംജാതമായിട്ടുമുണ്ട്. എങ്കിലും നിലവില്‍ ഇടതുപക്ഷം തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുള്ള ചേരി. അവരുടെ മതേതര നിലപാടും ആ നിലപാടിനായി നടത്തുന്ന ആശയനിര്‍മ്മാണങ്ങളും ആ ആശയത്തിന്റെ ചേരിയിലേയ്ക്ക് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണം മുതല്‍ കര്‍ഷക ചൂഷണം വരെ, വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം മുതല്‍ ചരിത്രത്തിന്റെ അസത്യപൂര്‍ണ്ണമായ ദുര്‍വ്യാഖ്യാനങ്ങള്‍ വരെ, അതിതീവ്ര വലതുപക്ഷ വംശീയത മുതല്‍ ഭൂരിപക്ഷ മതമേധാവിത്തം വരെ എല്ലാ പിന്തിരിപ്പനായ ആശയങ്ങള്‍ക്കുമെതിരെ നയവും നിലപാടും ഉയര്‍ത്തി പ്രതിരോധം തീര്‍ക്കുന്നത് ഇന്നും ഇടതുപക്ഷം തന്നെയാണ്.
മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ രണ്ടാം വരവില്‍ ഏറ്റവും ശ്രദ്ധയോടെ ചെയ്ത ഒരു കാര്യം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ്. 1998-ല്‍ അധികാരത്തിലേറിയ വാജ്‌പേയ് സര്‍ക്കാരില്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷിക്ക് ആര്‍.എസ്.എസ് നല്‍കിയ പ്രത്യേക ദൗത്യവും പാഠ്യപദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങളായിരുന്നു. ജോഷിയെപ്പോലെ വളരെ സീനിയറായ ഒരു നേതാവിനു ധനമോ പ്രതിരോധമോ പോലുള്ള വകുപ്പുകള്‍ നല്‍കാതെ മാനവശേഷി വകുപ്പ് നല്‍കിയതുപോലും ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ചരിത്ര പാഠപുസ്തകങ്ങളില്‍ സംഘപരിവാറിനെതിരായി വന്നിട്ടുള്ള എല്ലാ പാഠഭാഗങ്ങളും നീക്കം ചെയ്യുകയും സംഘപരിവാറിന്റെ ആശയങ്ങള്‍ക്കനുകൂലമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നത് ആര്‍.എസ്.എസ്സിന്റെ പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ പുതിയൊരു തലമുറയെ ആശയപരമായി തങ്ങള്‍ക്കനുകൂലമായി വാര്‍ത്തെടുക്കാം എന്ന് ആര്‍.എസ്.എസ് ലക്ഷ്യം വെയ്ക്കുന്നു. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിനുള്ള പങ്ക് വെളിപ്പെടുത്തുന്ന പാഠഭാഗങ്ങള്‍ തികഞ്ഞ ശ്രദ്ധയോടെ ഒഴിവാക്കപ്പെട്ടു. ഒരു സഹസ്രാബ്ദം നീണ്ട മുഗള്‍ഭരണത്തിന്റെ ചരിത്രവും സൂക്ഷ്മതയോടെ ഒഴിവാക്കപ്പെട്ടു. നെഹ്രുവിന്റെ കാലം മുതല്‍ത്തന്നെ ചരിത്ര പാഠപുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് മാര്‍ക്‌സിയന്‍ സൈദ്ധാന്തിക വീക്ഷണത്തിലാണ് എന്ന് ആരോപിച്ചത് ഇന്ന് കേരള ഗവര്‍ണറായിരിക്കുന്ന രാജേന്ദ്ര ആര്‍ലേക്കറായിരുന്നു. അദ്ദേഹത്തിനും മുന്‍പും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഇടതുപക്ഷ വ്യാഖ്യാനത്തെ പാടെ തള്ളി അതിതീവ്ര വലതുപക്ഷ വ്യാഖ്യാനങ്ങളിലൂടെ പുതിയൊരു ചരിത്രനിര്‍മ്മാണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിലെ ഹിന്ദുത്വ ഇടപെടല്‍ ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായി മോദി ഭരണകൂടം നടത്തിയ ഇടപെടലിനെ വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്നു തിരിച്ചറിഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയത് ഇടതുപക്ഷമായിരുന്നു. അതിനെതിരായ ഒരു പൊതുബോധ നിര്‍മ്മിതിക്കായി രാജ്യമെമ്പാടും കാംപെയ്ന്‍ ചെയ്തതും ഇടതുപക്ഷമായിരുന്നു.
തുടക്കത്തില്‍ രാജ്യത്ത് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ സമരമായിരുന്നു കര്‍ഷകരുടെ പ്രക്ഷോഭം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയും ഡല്‍ഹി അതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ നീണ്ട സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ സമരത്തിന്റെ കോര്‍പ്പറേറ്റ് വിരുദ്ധ രാഷ്ട്രീയം രാജ്യമെമ്പാടും ചര്‍ച്ചാവിഷയമാക്കുകയും അതിലേയ്ക്ക് പൊതുജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത് ഇടതുപക്ഷം മുന്നിട്ടിറങ്ങി നടത്തിയ ഇടപെടലിലൂടെയാണ്.
10 വര്‍ഷം നീണ്ട ഭരണത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏതെങ്കിലും ഒരു സമരത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെങ്കില്‍ അത് കര്‍ഷകസമരത്തിനു മുന്നില്‍ മാത്രമായിരുന്നു. 2024-ല്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് കര്‍ഷകര്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനോടുണ്ടായ വിപ്രതിപത്തി കൂടിയാണ്. പിന്നീട് മുംബയില്‍ കര്‍ഷകരുടെ ഒരു ലോങ് മാര്‍ച്ച് സംഘടിപ്പിക്കാനും കര്‍ഷകവിരുദ്ധ നിയമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. എന്നാല്‍, ഇത്തരം പ്രതിരോധങ്ങള്‍ എന്തുകൊണ്ട് പൂര്‍ണ്ണമായും സാര്‍ത്ഥകമാകുന്നില്ല? അഥവാ അത്തരം പരിശ്രമങ്ങളിലൂടെ കര്‍ഷകരുടേതടക്കം വലിയ ജനപിന്തുണ ആര്‍ജ്ജിക്കുന്നതില്‍ എന്തുകൊണ്ട് ഇടതുപക്ഷം, പ്രത്യേകിച്ച് മുഖ്യ പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ(എം) പരാജയപ്പെടുന്നു? അതാണല്ലോ പ്രധാന ചോദ്യം. ?
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates