Articles

ആ നാട്ടില്‍ നിന്നാണ് ഇന്ന് ഊരുവിലക്കുകളുടേയും ഭ്രഷ്ടിന്റേയും കഥകള്‍ പുറത്തേക്കു വരുന്നത്

മകന്‍ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ പൂരക്കളി-മറത്തുകളി കലാകാരനായ എന്‍. വിനോദ് പണിക്കരെ ക്ഷേത്രത്തിലെ പൂരക്കളിയില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇവിടെ

രേഖാചന്ദ്ര

വിപ്ലവ സമരങ്ങളുടേയും പുരോഗമന ആശയങ്ങളുടേയും സ്ഥലമായാണ് വടക്കേ മലബാറിലെ കരിവെള്ളൂര്‍ അടയാളപ്പെടുത്തപ്പെടുന്നത്. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരോട്ടവും ഉണ്ടായ നാട്. ഇന്നും ആ സമരസ്മരണകള്‍ പല രൂപത്തില്‍ നിലനിര്‍ത്തുന്ന നാട് കൂടിയാണിത്. ഇതേ നാട്ടില്‍നിന്നാണ് ഇന്ന് ജാതിയുടേയും മതത്തിന്റേയും പേരിലുള്ള ഊരുവിലക്കുകളുടേയും ഭ്രഷ്ടിന്റേയും കഥകള്‍ പുറത്തേക്കു വരുന്നത്. 

മകന്‍ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ പൂരക്കളി-മറത്തുകളി കലാകാരനായ എന്‍. വിനോദ് പണിക്കരെ ക്ഷേത്രത്തിലെ പൂരക്കളിയില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇവിടെ. രണ്ടുവര്‍ഷമായി ഊരുവിലക്കിലാണ് വിനോദ് പണിക്കര്‍. പലയിടങ്ങളില്‍നിന്നും വിമര്‍ശനങ്ങളുയരുമ്പോഴും ആചാരസംരക്ഷണത്തിന്റെ പേരില്‍ തങ്ങള്‍ ചെയ്തത് ശരിയാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ക്ഷേത്രം ഭാരവാഹികളും ഒരുകൂട്ടം ആളുകളും. 

വിലക്കിന്റെ കഥ

മുപ്പത്തെട്ടുവര്‍ഷമായി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂരക്കളിയും മറത്തുകളിയും ചെയ്യുന്ന ആളാണ് വിനോദ് പണിക്കര്‍. പണിക്കര്‍ എന്നത് പൂരക്കളിയിലെ ആചാര പേരാണ്. പൂരക്കളിക്കു നേതൃത്വം കൊടുക്കുന്നയാളാണ് പണിക്കര്‍. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൂരോത്സവ നാളുകളില്‍ കണ്ണൂര്‍-കാസര്‍കോട് പ്രദേശങ്ങളിലെ തീയ്യ ക്ഷേത്രങ്ങളിലും കഴകങ്ങളിലും കാവുകളിലും നടക്കുന്നതാണ് പൂരക്കളിയും മറത്തുകളിയും. മികച്ച മെയ്വഴക്കവും താളവും പാട്ടും ചേരുന്നതാണ് പൂരക്കളി. പണ്ഡിത സംവാദമാണ് മറത്തുകളി. ഓരോ ക്ഷേത്രവും പണിക്കര്‍മാരെ നേരത്തെ തന്നെ നിശ്ചയിച്ചുവെയ്ക്കുകയാണ് പതിവ്. നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ നിന്നുമാണ് വിനോദ് പണിക്കരെ വിലക്കിയിരിക്കുന്നത്.

2018-ലായിരുന്നു മകന്റെ വിവാഹം. മകനും മരുമകളും അന്നുമുതല്‍ കുടുംബത്തില്‍ ഇവര്‍ക്കൊപ്പം തന്നെയാണ് താമസം. ആചാരപ്രകാരം ക്ഷേത്രത്തിലെ മറത്തുകളിക്ക് നേതൃത്വം കൊടുക്കുന്ന പണിക്കരെ ക്ഷേത്രം ഭാരവാഹികളും ആചാരക്കാരും വീട്ടിലെത്തി ക്ഷണിച്ചു കൊണ്ടുപോകുന്ന ചടങ്ങുണ്ട്. ആ സമയത്ത് വീട്ടിലും ചടങ്ങുകള്‍ നടക്കും. പൂരോത്സവത്തിനു ശേഷം പണിക്കരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും ആചാരമാണ്. എന്നാല്‍, മുസ്ലിം മതത്തില്‍പ്പെട്ടൊരാള്‍ വീട്ടിലുള്ളതിനാല്‍ വീട്ടിലെത്തി ചടങ്ങ് നടത്തി പണിക്കരെ ക്ഷണിച്ചു കൊണ്ടുപോകാന്‍ സാധ്യമല്ല എന്നാണ് ക്ഷേത്രക്കമ്മിറ്റി പറഞ്ഞത്. വിശ്വാസികളുടെ തീരുമാനം എന്ന നിലയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ഇതിനൊരു പരിഹാരവും അവര്‍ മുന്നോട്ടുവെച്ചു ''മരുമകളെ വീട്ടില്‍നിന്ന് മാറ്റിത്താമസിപ്പിക്കുക, ഇല്ലെങ്കില്‍ പണിക്കര്‍ വേറെ വീട്ടിലേക്ക് താമസം മാറ്റുക.'' കരിവെള്ളൂര്‍ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിനോദ് പണിക്കര്‍ക്ക് ഇപ്പോള്‍ വിലക്ക് നേരിട്ടത്. കഴിഞ്ഞ വര്‍ഷം മറ്റൊരു ക്ഷേത്രത്തിലും ഇതേ അനുഭവമായിരുന്നു വിനോദ് പണിക്കര്‍ക്ക്. വീടിനടുത്തുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രമാണ് അന്നു വിലക്കിയത്. രണ്ടിടങ്ങളിലും പകരം മറ്റൊരു പണിക്കരെ വെച്ച് മറത്തുകളി നടത്തുകയാണ് ക്ഷേത്രം ഭാരവാഹികള്‍ ചെയ്തത്.

എന്നാല്‍, മകന്റെ വിവാഹത്തിനു ശേഷം 2019-ല്‍ പയ്യന്നൂര്‍ പരവന്തട്ട ഉദയപുരം ക്ഷേത്രത്തില്‍ മറത്തുക്കളി നടത്തിയതായും അന്ന് അവിടെ ഇക്കാര്യങ്ങളെച്ചൊല്ലി പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും വിനോദ് പണിക്കര്‍ പറയുന്നു. പൂരക്കളിയിലും മറത്തുകളിയിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരളസര്‍ക്കാരിനു കീഴിലുള്ള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ കലാകാരനാണ് വിനോദ് പണിക്കര്‍. 

വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് പലയിടങ്ങളിലും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കരിവെള്ളൂര്‍ സമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അക്കാദമി അവാര്‍ഡ് ജേതാവ് എന്ന നിലയില്‍ ആദരിച്ച പൊതു ചടങ്ങിലും ഇദ്ദേഹം വിലക്കിന്റെ കാര്യം സംസാരിച്ചിരുന്നു. ഇടതുപക്ഷ സ്വാധീനമേഖലയായ ഈ പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റികളിലും സി.പി.എമ്മിനു തന്നെയാണ് മേല്‍ക്കൈ.  തീയ്യ സമുദായ ക്ഷേത്രങ്ങളാണ് വിനോദ് പണിക്കരെ വിലക്കിയ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രവും വാണിയില്ലം സോമേശ്വേരീ ക്ഷേത്രവും. തീയ്യ സമുദായത്തിന്റെ അനുഷ്ഠാനകലയാണ് പൂരക്കളിയും മറത്തുകളിയും. 

ജാതിയിലമരുന്ന ക്ഷേത്രങ്ങളും കാവുകളും

ഉത്തര മലബാറിലെ ക്ഷേത്രാചാരങ്ങളും തെയ്യവും മറ്റുമായി ബന്ധപ്പെട്ട് ജാതി/മത വിവേചനങ്ങള്‍ പുതുമയുള്ളതല്ല. പുറം ജില്ലകളില്‍ പുരോഗമനവും വിപ്ലവവും നിറയുന്ന നാട് എന്നാണ് പ്രതീതിയെങ്കിലും ക്ഷേത്രങ്ങളും കാവുകളും സാമുദായികമായ ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ജാതിബോധത്തില്‍ കുടുങ്ങിപ്പോയ ഒരു ജനതയെ ഇവിടെ കാണാം. ഒരേസമയം പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇത്തരം ക്ഷേത്രങ്ങളുടെ കമ്മിറ്റിയിലിരുന്ന് ജാതിവിലക്കും ഊരുവിലക്കുമടക്കമുള്ള തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത് ഇവിടുത്തെ 'സ്വാഭാവിക' രീതിയാണ്. ആളുകളെ ജനാധിപത്യവല്‍ക്കരിക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇവിടുത്തെ പ്രവര്‍ത്തനരീതി ഇങ്ങനെയാണ്.

ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലേയും കാവുകളിലേയും ഉത്സവാരംഭം അറിയിക്കുന്നതിന് വീടുകള്‍ തോറും കയറിയുള്ള എഴുന്നള്ളിപ്പ് താഴ്ന്ന ജാതിക്കാരുടെ വീടുകളില്‍ ഇപ്പോഴും കയറാറില്ല. വാണിയ സമുദായത്തിന്റെ മുച്ചിലോട്ട് കാവില്‍ നിന്നുള്ള എഴുന്നള്ളിപ്പ് തീയ്യരുടേയോ പുലയരുടേയോ അതുപോലുള്ള സമുദായങ്ങളുടേയോ വീടുകളില്‍ കയറില്ല. തീയ്യരുടെ കാവുകളില്‍ നിന്നുള്ളത് പുലയരുടേയോ മറ്റ് ദളിതരുടേയോ വീടുകളിലും കയറില്ല. മിശ്രവിവാഹിതരുടെ വീടുകളിലും ഈ അയിത്തം കാണിക്കും. തെയ്യം കെട്ടുന്നതിലുമുണ്ട് ജാതി വിവേചനം.  ചില കാവുകളില്‍ വണ്ണാന്‍-മലയ സമുദായത്തിന്റെ തെയ്യങ്ങള്‍ക്കൊപ്പം വേലന്‍ സമുദായത്തില്‍പ്പെട്ടവരുടെ കുറത്തി, കുണ്ടോര്‍ ചാമുണ്ഡി പോലുള്ള തെയ്യങ്ങളും ഉണ്ടാവും. എന്നാല്‍, കാവിന്റെ മുറ്റത്തിനു പുറത്ത് പ്രത്യേക സ്ഥലത്താണ് വേലര്‍ കെട്ടുന്ന തെയ്യങ്ങള്‍ അവതരിപ്പിക്കുക. അതുപോലെതന്നെ പുലയരുടെ കാവുകളില്‍ മറ്റ് സമുദായത്തിലുള്ളവരുടെ തെയ്യമുണ്ടാവില്ല. തെയ്യം കെട്ടുന്നതും ചെണ്ടകൊട്ടുന്നതുമെല്ലാം ആ സമുദായത്തിലുള്ളവര്‍ തന്നെയാണ്. പുലയരുടെ വീടുകളില്‍ മുത്തപ്പന്‍ കെട്ടിയതിന്റെ പേരില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരെ ഊരുവിലക്കിയ സംഭവങ്ങളുമുണ്ട്. 

പിന്തുണച്ച് പാര്‍ട്ടി, എതിര്‍ത്ത് സമുദായ സംഘടനകള്‍

വിനോദ് പണിക്കരുടെ വിലക്ക് രണ്ടുവര്‍ഷത്തിലധികമായിട്ടും പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചിട്ടും ഫലമൊന്നുമുണ്ടായിരുന്നില്ല. വാര്‍ത്ത പുറത്തെത്തിയതോടെ പുരോഗമന കലാ സാഹിത്യസംഘവും പിന്നാലെ സി.പി.എം. ജില്ലാ സെക്രട്ടറിയും പിന്തുണയുമായെത്തി. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിലക്ക് വാര്‍ത്തയായത്. കരിവെള്ളൂര്‍ കാറമേലില്‍ പാര്‍ട്ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദ് പണിക്കരെ ഉള്‍പ്പെടുത്തി മറത്തുകളിയും പൂരക്കളിയും സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കരിവെള്ളൂര്‍ ബസാറില്‍ പു.ക.സ. പയ്യന്നൂര്‍ മേഖല കമ്മിറ്റിയും മറത്തുകളി നടത്തിയിരുന്നു. എന്നാല്‍, പുരോഗമന ആശയങ്ങളുടെ പേരില്‍ തീയ്യ ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് തീയ്യ മഹാസഭ ആരോപിക്കുന്നത്. ''ക്ഷേത്രാചാര അനുഷ്ഠാനപ്രകാരം മാത്രമേ ചടങ്ങുകള്‍ നടത്താന്‍ പറ്റുകയുള്ളൂ എന്ന നിലപാട് മാത്രമാണ് കുണിയന്‍ പറമ്പത്ത് ക്ഷേത്രകമ്മിറ്റി എടുത്തിട്ടുള്ളു എന്നും ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി ഇടപെട്ട് സാമൂഹ്യ ഐക്യം തകര്‍ക്കുന്ന രീതിയിലേക്ക് മാറ്റിയെന്നും തീയ്യ ക്ഷേത്രത്തെ അവഹേളിച്ചു'' എന്നുമാണ് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പറഞ്ഞത്. ക്ഷേത്രത്തിന്റെ പാരമ്പര്യ രീതി നിലനിര്‍ത്തി കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ക്ഷേത്രം ആസ്ഥാനികര്‍ക്കും ഭാരവാഹികള്‍ക്കുമുണ്ടെന്നും ക്ഷേത്രത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തീയ്യ ക്ഷേമസഭ ഭാരവാഹികളും പറയുന്നു.

ആചാരസംരക്ഷണത്തിന്റെ പേരില്‍ ക്ഷേത്രക്കമ്മിറ്റി ചേര്‍ന്ന് വിലക്കേര്‍പ്പെടുത്തുന്നത് ആത്യന്തികമായി തൊഴില്‍ നിഷേധം കൂടിയാണ്. കലാകാരന്മാരുടെ വരുമാനമാര്‍ഗ്ഗമാണ് ഓരോ സീസണിലേയും ക്ഷേത്രങ്ങളിലെ പൂരക്കളി-മറത്തുക്കളി. ജാതിയുടേയും മതത്തിന്റേയും പേരില്‍ കലയും തൊഴിലും കൂടിയാണ് വിലക്കപ്പെടുന്നത്. പ്രതിഷേധങ്ങളുയരുന്നുണ്ടെങ്കിലും വിലക്ക് തുടരുകയാണ്, ഒപ്പം ഉത്തരകേരളത്തിലെ ജാത്യാചാരങ്ങളും.

വായിക്കാം ഈ ലേഖനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT