മുരളി (Murali) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഇനി ഉണ്ടാകുമോ ആ കാലവും, ഇങ്ങനെയുള്ള പാട്ടും; 'മലയാള സിനിമയിലെ ഒറ്റയാൻ' മുരളി അഭിനയിച്ച പാട്ടുകൾ

ഭരതൻ സംവിധാനം ചെയ്ത ചമയത്തിന് സം​ഗീതമൊരുക്കിയത് ജോൺസൺ ആണ്.

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളുമൊക്കെ അടക്കിവാണിരുന്ന മലയാള സിനിമയിലേക്ക് യാതൊരു ഒച്ചയും ബഹളവുമില്ലാതെ കടന്നുവന്ന അതുല്യ പ്രതിഭയായിരുന്നു നടൻ മുരളി. ക്രൂരമായ മുഖഭാവം കൊണ്ട് വില്ലൻ വേഷങ്ങളും പൗരുഷമായ വേഷങ്ങളിലൂടെ പരുക്കനായ നായകവേഷങ്ങളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരിടം അദ്ദേഹം സൃഷ്ടിച്ചെടുത്തു.

'മലയാള സിനിമയിലെ ഒറ്റയാൻ' എന്നാണ് മുരളിയെ സിനിമാ പ്രേക്ഷകർ വിളിക്കുന്നതും. മുരളി എന്ന മലയാളികളുടെ പ്രിയനടന്റെ വേർപാടിലുണ്ടായ വിടവ്‌ ഇത്രയും കാലമായിട്ടും നികത്താനായില്ല എന്നതു തന്നെയാണ്‌ അദ്ദേഹത്തിന്റെ കഴിവും. ‌ഹരിഹരൻ എന്ന അതുല്യ പ്രതിഭ ഒരുക്കിയ പഞ്ചാഗ്‌നി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുരളി പകർന്നാടിവച്ച വേഷങ്ങൾ നിരവധിയാണ്‌.

ആധാരത്തിലെ ബാപ്പുട്ടി, വെങ്കലത്തിലെ ഗോപാലന്‍, അമരത്തിലെ കൊച്ചുരാമൻ, നെയ്‌ത്തുകാരനിലെ അപ്പ മേസ്‌തിരി, ചമയത്തിലെ എസ്‌തപ്പാൻ ആശാൻ, ആകാശദൂതിലെ ജോണി, ദ് ട്രൂത്തിലെ നിഗൂഡനായ വില്ലൻ ഡിജിപി ഹരിപ്രസാദ്‌, ദ് കിങിലെ എം പി ജയകൃഷ്‌ണൻ അങ്ങനെയെത്രയെത്ര കഥാപാത്രങ്ങൾ. മുരളി എന്ന അസാധാരണ പ്രതിഭ വിടപറഞ്ഞിട്ട് 15 വർഷം കഴിഞ്ഞു. അദ്ദേഹം അഭിനയിച്ച പ്രേക്ഷക മനം കവർന്ന ചില പാട്ടുകളിലൂടെ.

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്...

ചമയം

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്... എന്ന ​ഗാനം ഇന്നും മലയാളികൾക്കിടയിൽ ഓളം തീർക്കുന്ന പാട്ടുകളിലൊന്നാണ്. ഒരുകാലത്ത് ഗാനമേള കഴിഞ്ഞാൽ ലാസ്റ്റ് ചെയിൻ സോങിൽ ഈ പാട്ട് അവിഭാജ്യ ഘടകമായിരുന്നു. മുരളി, മനോജ് കെ ജയൻ എന്നിവരുടെ പെർഫോമൻസും അസാധ്യമായിരുന്നു. അക്ഷരാർത്ഥത്തിൽ എവർഗ്രീൻ എന്ന് വിളിക്കാവുന്ന ഒരു ​ഗാനം കൂടിയാണിത്. ഭരതൻ സംവിധാനം ചെയ്ത ചമയത്തിന് സം​ഗീതമൊരുക്കിയത് ജോൺസൺ ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് വരികളെഴുതിയത്.

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...

ഏകാന്തം

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം... മലയാളികളെ ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോകുന്ന ഒരു ​ഗാനമായിരുന്നു ഇത്. 2007 ൽ മധു കൈതപ്രം സംവിധാനം ചെയ്ത് റിലീസ് ചെയ്ത ഏകാന്തം എന്ന ചിത്രത്തിലെ ​ഗാനമാണിത്. മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഏകാന്തത്തിലൂടെ മധു കൈതപ്രത്തിന് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതായിരുന്നു മനോഹരമായ വരികൾ. വാർധക്യത്തിലെ ഒറ്റപ്പെടലും നിരാശയും ആണ് ചിത്രത്തിന്റെ പ്രമേയം. തിലകൻ, മുരളി, മനോജ് കെ ജയൻ, മീരാ വാസുദേവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കൈതപ്രം വിശ്വനാഥൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

എന്തേ ഇന്നും വന്നീലാ...

ഗ്രാമഫോൺ

പകരം വയ്ക്കാനില്ലാത്ത മലയാളത്തിന്റെ പ്രിയ നടൻ മുരളി ചേട്ടൻ അഭിനയിച്ച അതിമനോഹരമായ മറ്റൊരു ​ഗാനമാണ് ​ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീലാ... കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ രവീന്ദ്രനാഥൻ എന്ന ​ഗായകനായി തന്നെയാണ് മുരളി എത്തിയതും. വിദ്യാസാ​ഗർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതിയത്. പി ജയചന്ദ്രൻ, കെ ജെ ജീമോൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

മകളേ പാതി മലരേ...

ചമ്പക്കുളം തച്ചൻ

ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ചിത്രമാണ് ചമ്പക്കുളം തച്ചൻ. അച്ഛൻ്റെയും മകളുടെയും സ്നേഹ ബന്ധത്ത ഇത്രമേൽ ആഴത്തിൽ പറഞ്ഞ വേറേ ഒരു ഗാനം മലയാളത്തിൽ ഉണ്ടോയെന്ന് സംശയമാണ്. രവീന്ദ്രൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ബിച്ചു തിരുമലയാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. യേശുദാസും ലതികയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ആറാട്ട് കടവിങ്കൽ...

വെങ്കലം

ഭരതന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ ചിത്രമാണ് വെങ്കലം. ലോഹിതദാസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പി ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ ആറാട്ട് കടവിങ്കൽ... എന്ന ​ഗാനം ഇന്നും ​ഗൃഹാതുരത്വമുണർത്തുന്നതാണ്. യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നാലു ഗാനങ്ങളും വളരെ പ്രശസ്തമായിരുന്നു. കെ എസ് ചിത്ര പാടിയ പത്തുവെളുപ്പിന് എന്ന ഗാനത്തിന്റെ പുരുഷശബ്ദത്തിലുള്ള പതിപ്പ് കാസറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്ന ഈ ഗാനത്തിലൂടെയാണ് ബിജു നാരായണൻ ചലച്ചിത്ര പിന്നണിഗാനരംഗത്ത് പ്രശസ്തനായത്.

Malayalam Actor Murali Super hit movies and songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT