Nandu 
Entertainment

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി-20

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ പ്രമുഖരെല്ലാം ഒരുമിച്ചെത്തിയ ചിത്രമാണ് ട്വന്റി-20. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി എന്നിവരും യുവതലമുറയിലെ താരങ്ങളും മുതിര്‍ന്ന അഭിനേതാക്കളും ചേര്‍ന്ന് അഭിനയിച്ച ചിത്രം. താരസംഘടന അമ്മയ്ക്ക് വേണ്ടിയൊരുക്കിയ സിനിമയുടെ സംവിധാനം ജോഷിയായിരുന്നു.

ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു ട്വന്റി-20. എന്നാല്‍ ആ ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനിയൊരിക്കലും കാണുകയില്ലെന്നുമാണ് നടന്‍ നന്ദു പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദുവിന്റെ വെളിപ്പെടുത്തല്‍.

''ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരോടും വേഷം ചോദിച്ചതാണ്. ജോഷി സാറോടും ചോദിച്ചു, ദിലീപിനോടും ചോദിച്ചു. രഞ്ജിത്തിനോടും ചോദിച്ചു. സുരേഷ് ഗോപിയോടും ചോദിച്ചു. വെറുതെ കടയുടെ സൈഡില്‍ നിന്നാല്‍ മതി. അമ്മയുടെ ആദ്യകാല അംഗമെന്ന നിലയില്‍ അങ്ങനൊരു സിനിമ വരുമ്പോള്‍ ഒരു മൂലയില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞു. എത്ര പറഞ്ഞിട്ടും എനിക്ക് അതിലൊരു അവസരം കിട്ടിയില്ല. അത് ഇന്നും ഭയങ്കര വിഷമമാണ്'' നന്ദു പറയുന്നു.

''ആ സിനിമ കാണില്ല. ആ സിനിമയും, അതുപോലെ വേറെ ചില സിനിമകളും കാണില്ല. പല സിനിമകളിലും വേഷം ആഗ്രഹിച്ച് ചോദിച്ചപ്പോള്‍ പറ്റിയ വേഷമില്ലെന്ന് പറയും. പിന്നീട് ആ സിനിമ കാണുമ്പോള്‍ നമുക്ക് പറ്റിയ വേഷമുണ്ടെന്ന് മനസിലാകും. അപ്പോള്‍ നമ്മളോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ്. അത് മനസില്‍ ഭയങ്കര വിഷമമുണ്ടാക്കും. ഇത് എനിക്ക് ചെയ്യാമായിരുന്നു. പക്ഷെ എന്നെ എന്തുകൊണ്ട് അവഗണിച്ചുവെന്ന് ചിന്തിക്കും. ആ സ്‌നേഹ ബന്ധം നിലനില്‍ക്കട്ടെ എന്ന് കരുതിയാണ് കാണാത്തത്'' എന്നും നന്ദു പറയുന്നു.

അതേസമയം സംവിധായകന്‍ ജോഷിയുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും പിന്നീട് ജോഷിയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും നന്ദു ഓര്‍ക്കുന്നു. 2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി-20. ഉദയകൃഷ്ണയും സിബി കെ തോമസും എഴുതിയ സിനിമയുടെ നിര്‍മാണം ദിലീപായിരുന്നു. തിയേറ്ററുകളില്‍ 150 ദിവസം നിറഞ്ഞോടിയ ചിത്രമായിരുന്നു ട്വന്റി-20.

Actor Nandu says he will not watch the movie Twenty-20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?