മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയിപ്പോൾ. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന മാമൻ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സൂരിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും സൂരി തന്നെയാണ്. മെയ് 16 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.
തമിഴ്നാട്ടിൽ നടന്ന ഒരു പ്രൊമോഷൻ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാമനിൽ അഭിനയിക്കാൻ കരാർ ഒപ്പിടുമ്പോൾ ഇൻഡസ്ട്രിയിലുള്ള നിരവധി പേർ സൂരിക്കൊപ്പം അഭിനയിക്കാൻ കുഴപ്പമൊന്നുമില്ലേ എന്ന് തന്നോട് ചോദിച്ചതായി ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി.
അദ്ദേഹം ഇപ്പോഴും കോളിവുഡിലെ വളർന്നുവരുന്ന ഒരു നടനാണ് എന്നാണ് തന്നോട് പലരും പറഞ്ഞതെന്നും ഐശ്വര്യ പറഞ്ഞു. അതേസമയം ആളുകൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ തന്നോട് ചോദിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും സൂരിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
ഏതൊരു സൂപ്പർ സ്റ്റാറിനേക്കാളും മികച്ച മൂല്യങ്ങളും ക്വാളിറ്റിയും സൂരിയ്ക്ക് ഉണ്ടെന്നും നടി വ്യക്തമാക്കി. എന്നാൽ സൂരിയെ പിന്തുണച്ചു കൊണ്ടുള്ള ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
'സൂരിയുടെ മുൻപിൽ വച്ച് ഇക്കാര്യം പറയണ്ടായിരുന്നുവെന്നും ഇത് അദ്ദേഹത്തെ അപമാനിച്ചത് പോലെയായെന്നുമാണ്' ഐശ്വര്യ ലക്ഷ്മിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. 'പൊതുവേദികളിൽ നടി കുറച്ച് പക്വത കാണിക്കണ'മെന്നും ചിലർ പറയുന്നുണ്ട്.
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഫാമിലി ചിത്രമാണ് മാമൻ എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. നടി സ്വാസികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കിരൺ, ബാബാ ഭാസ്‌കർ, മാസ്റ്റർ എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലാർക്ക് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates