സമൂഹത്തിലെ ഇരട്ടത്താപ്പുകളെക്കുറിച്ചും മറ്റുള്ളവരെ വിലയിരുത്തുന്ന രീതിയെക്കുറിച്ചും നടി അനുപമ പരമേശ്വരൻ പങ്കുവച്ച കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. ആരുടെയും പേരെടുത്ത് പറയാതെയാണ് അനുപമ ഇക്കാര്യം കുറിച്ചിരിക്കുന്നത്. താൻ മുൻപ് ചെയ്ത കാര്യങ്ങളുടെ പേരിൽ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട പലതും പിന്നീട് മറ്റുള്ളവർ ചെയ്യുമ്പോൾ തികച്ചും സാധാരണയായി കാണുന്നതിന്റെ വൈരുധ്യമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെ അനുപമ പറയുന്നത്.
താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെയും നിസഹായതയെയും കുറിച്ച് വളരെ വ്യക്തമായാണ് താരം സംസാരിച്ചത്. ഒരേ കാര്യം തന്നെ ഒരാൾ ചെയ്യുമ്പോൾ തെറ്റായി കാണുകയും മറ്റൊരാൾ ചെയ്യുമ്പോൾ അത് ശരിയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയെ അവർ ചോദ്യം ചെയ്തു.
സന്തോഷം പ്രകടിപ്പിക്കുന്നതും, തന്നെ പിന്തുണക്കുന്നവരെ അഭിനന്ദിക്കുന്നതും, ചെറിയ നിമിഷങ്ങൾ ആസ്വദിക്കുന്നതുപോലെയുള്ള ലളിതമായ കാര്യങ്ങൾ പോലും മുൻപ് അനാവശ്യമായ വിമർശനങ്ങൾക്ക് കാരണമായിരുന്നെന്ന് അനുപമ പറയുന്നു. എന്നാൽ റോൾ മാറുമ്പോൾ അതേ കാര്യങ്ങൾ യാതൊരു മടിയും കൂടാതെ ആളുകൾ ചെയ്യുമ്പോൾ നിയമങ്ങളും കാഴ്ചപ്പാടുകളും മാറുന്നത് കൗതുകകരമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ചിലപ്പോൾ പ്രശ്നം നിങ്ങൾ ചെയ്ത കാര്യമല്ലായിരുന്നു, മറിച്ച് അത് ചെയ്യാൻ ആർക്കൊക്കെ അനുവാദമുണ്ടായിരുന്നു എന്നതായിരുന്നു എന്ന് ഇത് കാണിച്ചു തരുന്നു' എന്നും നടി കുറിച്ചു. ആരുടെയും വ്യക്തിപരമായ പശ്ചാത്തലമോ തിരക്കുകളോ അറിയാതെ കാണുന്ന ചെറിയ കാര്യങ്ങൾ മാത്രം വെച്ച് മുൻവിധികൾ ഉണ്ടാക്കുന്നവരുടെയും വിമർശിക്കുന്നവരുടെയും രീതിയെയും താരം ഓർമിപ്പിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഇടപെടലുകളെക്കുറിച്ചും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. താൻ വർഷങ്ങളായി ആരാധകരുമായി സ്നേഹത്തോടെയും സന്തോഷത്തോടെയും ഇടപെടാറുണ്ടെന്നും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അവർ വ്യക്തമാക്കി. ഭാവിയിലും ജനങ്ങളുമായി ബന്ധം തുടരുമെങ്കിലും തന്റെ മാനസിക സമാധാനവും വ്യക്തിപരമായ സന്തോഷവും കളഞ്ഞുകുളിച്ച് അതിന് തയ്യാറല്ലെന്ന് അവർ വ്യക്തമാക്കി.
ജീവിതത്തിൽ സോഷ്യൽ മീഡിയക്ക് അപ്പുറം പല ഉത്തരവാദിത്വങ്ങളും പോരാട്ടങ്ങളും ഉണ്ടെന്നും സ്നേഹവും നന്ദിയും യഥാർത്ഥമാകാൻ എപ്പോഴും പ്രദർശിപ്പിക്കേണ്ടതില്ലെന്നും അനുപമ കൂട്ടിച്ചേർത്തു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates