മോഹന്‍ലാല്‍  ഫെയ്‌സ്ബുക്ക്‌
Entertainment

ഇത്രമാത്രം പരിഹസിക്കപ്പെടേണ്ടയാളാണോ മലയാളത്തിന്റെ ഈ പ്രിയതാരം?; കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഒരാഴ്ച പിന്നിട്ടിട്ടും തണുക്കാന്‍ കൂട്ടാക്കാത്ത എംപുരാന്‍ വിവാദത്തില്‍, വിമര്‍ശന മുനയില്‍ നില്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. സഹയാത്രികനെന്നു സംഘപരിവാര്‍ കരുതുന്ന മോഹന്‍ലാല്‍, സംഘത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ആ പക്ഷത്തുനിന്നുള്ള രൂക്ഷമായ വിമര്‍ശനത്തിനാണ് പാത്രമായത്. സിനിമയെ റീഎഡിറ്റ് ചെയ്യുകയും ഖേദപ്രകടനം നടത്തുകയും ചെയ്തതോടെ മറുപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളും ലാലിനു നേരെയായി. ഇത്രമാത്രം വിമര്‍ശനത്തിനും പരിഹാസത്തിനും പാത്രമാവേണ്ട ആളാണോ മോഹന്‍ലാല്‍? അത്തരമൊരു ചോദ്യമാണ് ഈ കുറിപ്പില്‍ ബഷീര്‍ വള്ളിക്കുന്ന് പങ്കുവയ്ക്കുന്നത്. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നിന്ന്;

എംപുരാന്‍ വിവാദവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിന്റെയും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്ന ഒരാള്‍ ആരെന്ന് ചോദിച്ചാല്‍ അത് മോഹന്‍ലാല്‍ ആണ്, മലയാള സിനിമയുടെ എക്കാലത്തേയും മഹാപ്രതിഭകളില്‍ ഒരാള്‍.

നോട്ടു നിരോധന കാലത്ത് എഴുതിയ ബ്ലോഗിന്റെ പേരിലടക്കം ഈ പ്രൊഫൈലില്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്ന ചില കുറിപ്പുകള്‍ ഇട്ടിട്ടുണ്ട്, കാരണങ്ങളുണ്ടെങ്കില്‍ ഇനിയും എഴുതിയെന്ന് വരും,

പക്ഷേ എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആ വിവാദങ്ങളെത്തുടര്‍ന്ന് മോഹന്‍ലാല്‍ നടത്തിയ ഖേദപ്രകടനത്തിലും അദ്ദേഹം ഇത്രമാത്രം പരിഹസിക്കപ്പെടേണ്ടതുണ്ടെന്ന് കരുതുന്ന ഒരാളല്ല ഞാന്‍.

ആറ് മണിക്കൂറോളം എടുത്താണ് ഈ സിനിമയുടെ ആദ്യ നരേഷന്‍ മോഹന്‍ലാലിനോട് പൃഥ്വി പറഞ്ഞത് എന്ന് അതിന്റെ പ്രമോഷന്‍ വീഡിയോകളില്‍ എവിടെയോ കണ്ടിരുന്നു, അതിന് ശേഷം പല തവണ അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ അവര്‍ തമ്മില്‍ നടത്തിയിട്ടുണ്ടാകും, മാത്രമല്ല മോഹന്‍ലാലിനെപ്പോലൊരു നടന്‍ കഥയുടെ സമ്പൂര്‍ണ്ണ രൂപവും അതിന്റെ കോര്‍ തീമും തിരക്കഥയുമൊന്നും കൃത്യമായി വായിക്കാതേയും മനസ്സിലാക്കാതെയും ഒരു സിനിമയില്‍ അഭിനയിക്കും എന്ന് കരുതുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ അഭിനയജീവിതത്തെക്കുറിച്ച് ഒരു ധാരണയും ഇല്ല എന്ന് തന്നെയാണ് അര്‍ത്ഥം.

ഈ സിനിമയുടെ പ്രമേയവും ആ സിനിമ അഡ്രസ് ചെയ്യുന്ന അതിന്റെ കോര്‍ ത്രെഡും എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ യെസ് എന്ന് മോഹന്‍ലാല്‍ പറഞ്ഞ ഒരു നിമിഷമുണ്ടല്ലോ അതാണ് ഈ സിനിമ ജനിച്ച നിമിഷം. ആ yes മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്.

സിനിമ പുറത്തിറങ്ങിയ ശേഷമുള്ള മോഹന്‍ലാലിന്റെ ഖേദപ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് കത്തുന്ന വിവാദത്തെ തണുപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിട്ട് കരുതുന്നതാണ് കൂടുതല്‍ ഔചിത്യപൂര്‍ണ്ണം.

അദ്ദേഹം ഒരഭിനേതാവാണ്, ഒരു രാഷ്ട്രീയ നേതാവിന്റെയോ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെയോ ധീരതയും പോരാട്ടവീര്യവും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികളുടെ മുഴുവന്‍ സ്‌നേഹവും പിന്തുണയുമുള്ള ഒരു കലാകാരനാണ് അദ്ദേഹം, സിനിമ ആവശ്യപ്പെടുന്ന താരമൂല്യത്തിന് അത് അനിവാര്യവുമാണ്, ഇത്തരം വിവാദങ്ങള്‍ കത്തിച്ചു കൊണ്ട് പോകുന്നത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഗുണകരമാവില്ല. അതിനെ എത്ര പെട്ടെന്ന് തണുപ്പുക്കുന്നുവോ അത്രയും നല്ലത്. അത് മാത്രമേ ഒരു കുറിപ്പിലൂടെ അദ്ദേഹം ചെയ്തിട്ടുള്ളൂ.

മറ്റൊരു പ്രധാന കാര്യം അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ എന്നവകാശപ്പെടുന്ന ചില ഇത്തിള്‍കണ്ണികളാണ്, അവരുടെ വലയത്തിനുള്ളിലാണ് അദ്ദേഹം ഉള്ളത്, മേജര്‍ രവി, സുരേഷ് കുമാര്‍ തുടങ്ങിയ തനി അലമ്പ് സംഘികളുടെ ഒരു കൂട്ടം, അവര്‍ ഉണ്ടാക്കുന്ന കടുത്ത സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുക അത്ര എളുപ്പമാകില്ല അദ്ദേഹത്തിന്, അവരെയെല്ലാം അതിജീവിച്ച് അദ്ദേഹം പിടിച്ചു നില്‍ക്കണമെന്നത് നമ്മുടെ ആഗ്രഹമാണ്, ആഗ്രഹം മാത്രമാണ്.

സംഘപരിവാരം ലാലിനെ അവരുടെ ആളായി കാണുന്നുണ്ട് എന്നത് നേരാണ്, എന്നാല്‍ പല ഘട്ടങ്ങളിലും ലാല്‍ അതിന്റെ നേര്‍ എതിര്‍ദിശയില്‍ നീങ്ങിയിട്ടുണ്ട്, അതില്‍ സംഘികള്‍ ക്ഷുഭിതരായിട്ടുമുണ്ട് , രാമക്ഷേത്ര ചടങ്ങിന് പ്രത്യേക ക്ഷണം കിട്ടിയിട്ടും പോകാതിരിന്നു അദ്ദേഹം, മൂന്നാം മോദി സത്യപ്രതിജ്ഞാ ചടങ്ങിനും അയാള്‍ പോയില്ല, അയാളുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സംഘികള്‍ ബഹിഷ്‌കരിക്കുന്ന ഘട്ടം വരെയെത്തി, പറഞ്ഞു വരുന്നത് ഏതെങ്കിലും ഒരു പക്ഷത്തിന്റെ വക്താവായി മാറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നതാണ്, അതുകൊണ്ട് തന്നെ വിവാദം തണുപ്പിക്കാന്‍ നടത്തിയ ഒരു ഖേദപ്രകടനത്തിന്റെ പേരില്‍ അയാള്‍ ഇത്രമാത്രം പരിഹാസം അര്‍ഹിക്കുന്നില്ല.

എത്ര മിനുട്ടുകള്‍ വെട്ടിയാലും ഈ സിനിമ അതിന്റെ ചരിത്ര ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞു, പരിവാരം കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന പലതും വീണ്ടും പുറത്തെടുക്കപ്പെട്ടു, ഗുജറാത്ത് കലാപത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള ന്യൂ ജനറേഷന്‍ പിള്ളേര്‍ പോലും അതിനെക്കുറിച്ചു പഠിക്കാനും സേര്‍ച്ച് ചെയ്യാനും തുടങ്ങി, എത്ര വെട്ടിയാലും തിരുത്തിയാലും ഈ സിനിമ നിര്‍വഹിക്കുന്ന ചരിത്ര ദൗത്യം തുടരുക തന്നെ ചെയ്യും.

ഇത്തരമൊരു സിനിമയുടെ പിറവിക്ക് YES പറഞ്ഞ മലയാളത്തിന്റെ പ്രിയ താരം ഇപ്പോള്‍ കാണുന്ന പോലുള്ള ഒരു പരിഹാസം അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്