Binny Sebastian 
Entertainment

'അംഗീകാരത്തിനായി ഡോക്ടര്‍ ആണെന്ന് പറഞ്ഞിട്ടില്ല, ആ ജോലി വിടാന്‍ കാരണമുണ്ട്'; വെളിപ്പെടുത്തി ബിന്നി

അഭിനയത്തിലേക്കുള്ള എന്റെ മാറ്റത്തെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ചോദിക്കാനുണ്ടാകുമെന്ന് എനിക്കറിയാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്നി സെബാസ്റ്റ്യന്‍. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ബിന്നി. നടി എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും ബിന്നിയെ അറിയുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ബിരുദധാരി കൂടിയാണ്. ഇപ്പോഴിതാ, ദേശീയ ഡോക്ടേഴ്‌സ് ഡേയില്‍ മെഡിക്കല്‍ രംഗത്തു നിന്നും അഭിനയരംഗത്തേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിന്നി. ഒരു ഡോക്ടറാകാന്‍ താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് ബിന്നിയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

ഞാന്‍ ഒരിക്കലും എന്റെ എംബിബിഎസ് യാത്ര പങ്കുവച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള എന്റെ കഷ്ടപ്പാടുകള്‍, എന്റെ ബിരുദം നേടിയെടുക്കാനുണ്ടായ വെല്ലുവിളികള്‍, എഫ്എംജിഇ ക്ലിയര്‍ ചെയ്തത്, സര്‍ക്കാര്‍ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറായുള്ള എന്റെ ജീവിതം.

സോഷ്യല്‍ മീഡിയ കുടുംബത്തിന് എന്നെ അറിയുന്നത് എന്റെ അഭിനയത്തിലൂടെയാണ്. പക്ഷെ വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഡോക്ടറാകാനുള്ള ബുദ്ധിമുട്ട് അറിയൂ. ഉറക്കമില്ലാത്ത രാത്രികള്‍, അവസാനിക്കാത്ത ഡ്യൂട്ടികള്‍, ത്യാഗങ്ങള്‍, പരാജയങ്ങള്‍, പിന്നെ എനിക്ക് പരിചരിക്കാന്‍ സാധിച്ച ജീവിതങ്ങള്‍, എല്ലാം ചേര്‍ന്നാണ് എന്നെ പരുവപ്പെടുത്തിയത്.

അംഗീകാരങ്ങള്‍ക്കായി എന്നെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ എന്റെ പ്രൊഫഷനെ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എന്റെ രോഗികങ്ങളുടെ വിശ്വാസവും അവരെ സേവിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുമാണ് എന്റെ പ്രതിഫലം.

അതിനാല്‍, ഓണ്‍ലൈനില്‍ കാണുന്നത് കണ്ട് എന്നെ വിധിക്കുന്നതിന് മുമ്പ് ഒന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ കഥയും അറിയില്ല. ചില യാത്രങ്ങള്‍ നിശബ്ദമായി താണ്ടുന്നവയാകും. എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റിനുള്ളതായിരിക്കില്ല.

അസൂയയോടെ സംസാരിക്കുന്നവര്‍ക്ക് മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയില്ല. അതെ, മെഡിസിനില്‍ നിന്നും അഭിനയത്തിലേക്കുള്ള എന്റെ മാറ്റത്തെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ചോദിക്കാനുണ്ടാകുമെന്ന് എനിക്കറിയാം.

ഒരുനാള്‍ എന്തുകൊണ്ടാണ് ഞാനിപ്പോള്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാത്തതെന്നും എന്തുകൊണ്ടാണ് എല്ലാവരും ബഹുമാനിക്കുന്നൊരു വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ഞാന്‍ അഭിനയം തെരഞ്ഞെടുത്തതെന്നും പങ്കുവെക്കാം. അതൊരു പെട്ടെന്നുണ്ടായ തീരുമാനമല്ല. ആഴത്തിലുള്ള ചിന്തയില്‍ നിന്നും വളരെ വ്യക്തിപരമായ കാരണങ്ങളാലും നടത്തിയ തെരഞ്ഞെടുപ്പാണ്.

ചിലപ്പോള്‍ സമാധാനവും ആത്മസംതൃപ്തിയുമായിരിക്കും നമ്മുടെ പേരിനേക്കാളും വലുത്. എന്റെ കഥ ഞാന്‍ പങ്കുവെക്കുമ്പോള്‍ നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും അവനവനെ തെരഞ്ഞെടുക്കുക എന്നത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴും എല്ലാ ദിവസവും ഒരുപാട് ജീവിതങ്ങളെ സുഖപ്പെടുത്തുകയും രക്ഷപ്പെടുത്തുകയും സേവിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഹാപ്പി ഡോക്ടേഴ്‌സ് ഡെ. നിങ്ങള്‍ ഓരോരുത്തരേയും ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കരുത്തും, സന്തോഷവും വിജയവും ആശംസിക്കുന്നു.

Binny Sebastian recalls her journey as a doctor. Shares why she left medicine for acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ കോളജുകളിലെ 'തറയിലെ കിടത്തിച്ചികിത്സ' അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ വർധന, നേട്ടം കൊയ്ത് എയർടെലും ബജാജ് ഫിനാൻസും

നോർവെയ്‌ക്കെതിരെ നെയ്മർ കളിക്കുമോ? ആകാംക്ഷ

പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്, 100ന് പുറത്തുതന്നെ; മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഒന്നാമതുള്ളത് ഈ രാജ്യം

നാല് മക്കളും മുൻ ഭാര്യമാരും സാക്ഷി, ഇനി ​പുതിയ ജീവിതത്തിലേക്ക്; ആമിർ ഖാൻ വിവാഹിതനായി