ഷാരുഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'കിങ്'. ഇതിനോടകം തന്നെ പ്രേക്ഷകരിൽ ചിത്രം ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉയർത്തിയിരിക്കുകയാണ് ബിജെപി എംഎൽഎ. ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ രവി നേഗിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
'കിങ്' സിനിമയിൽ നടി ദീപിക പദുക്കോൺ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന രംഗം നീക്കം ചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം. 'കിങ്ങി'ലെ 'തൂ മിൽ ജായേ' എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ പിന്നാലെയാണ് ബോയ്കോട്ട് ആഹ്വാനങ്ങളുയർന്നത്. പാട്ടിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്നത് കാണാം.
ഇതാണ് ബഹിഷ്‌കരണ ഭീഷണിക്ക് വഴിവെച്ചത്. ഈ രംഗം നീക്കം ചെയ്യാത്ത പക്ഷം കിങ് സിനിമയെ ദേശവ്യാപകമായി ബഹിഷ്കരിക്കാൻ തങ്ങൾ ആഹ്വാനം ചെയ്യുമെന്ന് രവി പറഞ്ഞു. ഷാരുഖ് ഖാനെതിരെയും രൂക്ഷ വിമർശനമാണ് രവി നേഗി നടത്തിയത്. ഷാരുഖ് ഖാൻ ഈ രാജ്യത്തു നിന്ന് പണം സമ്പാദിക്കുകയും ഈ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇതിനു പിന്നിൽ ഈ ജിഹാദികളാണ്. ഞാൻ ഷാരുഖ് ഖാനെ ഒരു ജിഹാദി എന്ന് വിളിക്കും. ഞങ്ങൾ വിശ്വസിക്കുന്ന സനാതന ധർമ്മത്തിൽ, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അശ്ലീലമായി നൃത്തം ചെയ്യുന്ന രീതിയില്ല. ദീപികയെ കരുവായി ഉപയോഗിക്കുകയാണ്.- രവി നേഗി ആരോപിച്ചു. അതേസമയം രവിയെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
2023-ൽ പുറത്തിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം പഠാനിൽ ദീപിക, ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിസംബർ 24 ന് ആണ് 'കിങ്' റിലീസ് ചെയ്യുന്നത്. ഷാരുഖിനും ദീപികയ്ക്കും പുറമേ അഭിഷേക് ബച്ചൻ, റാണി മുഖർജി, അർഷാദ് വാർസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതോടൊപ്പം ഷാരുഖിന്റെ മകൾ സുഹാന ഖാൻ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates