സ്റ്റാന്റ് അപ്പ് കോമഡി ലോകത്തെ ജനപ്രീയനാണ് അലക്‌സാണ്ടര്‍ ബാബു. സംഗീതവും കോമഡിയും ചേര്‍ത്ത് അലക്‌സാണ്ടര്‍ ബാബു ഒരുക്കുന്ന ഷോകള്‍ക്ക് വന്‍ ആരാധകരുണ്ട്. ആമസോണ്‍ പ്രൈമിന് വേണ്ടി അദ്ദേഹം ഒരുക്കിയ സ്‌പെഷ്യല്‍ അലക്‌സ് ഇന്‍ വണ്ടര്‍ലാന്റ് വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ സ്‌പെഷ്യല്‍ ആയ അലക്‌സ്പീരിയന്‍സുമായി ടൂറിലാണ് അലക്‌സാണ്ടര്‍ ബാബു.
അലക്‌സാണ്ടര്‍ ബാബു കഴിഞ്ഞ ദിവസം പങ്കുവച്ച സ്റ്റാന്റ് അപ്പ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയ്ക്കുള്ള ട്രിബ്യൂട്ട് ആണ് പുതിയ വിഡിയോ. മലയാള സിനിമയ്ക്ക് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് അലക്‌സാണ്ടര്‍ ബാബു തന്റെ സ്റ്റാന്റ് അപ്പ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
വിഡിയോ ചിരി പടര്‍ത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം മലയാളികളില്‍ നിന്നും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് അലക്‌സാണ്ടര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് അതിന് കാരണം. താന്‍ അടക്കമുള്ള, കേരളത്തിന് പുറത്തുള്ളവര്‍ക്ക് മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമായിരുന്നുവെന്നാണ് അലക്‌സാണ്ടര്‍ ബാബു പറയുന്നത്.
മമ്മൂട്ടിയ്ക്ക് 73 വയസായി. പക്ഷെ ഇപ്പോഴും അദ്ദേഹത്തിന് ഒരു കോളേജ് കുട്ടിയായി അഭിനയിക്കാനാകും. ദുല്‍ഖര്‍ സല്‍മാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പിതാവായ മമ്മൂട്ടി തന്നെയാണെന്ന് അലക്‌സാണ്ടര്‍ പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് കോളേജ് കുട്ടിയാകാന്‍ പറ്റുമെങ്കില്‍ പത്ത് വയസ് കുറവുള്ള മോഹന്‍ലാലിന് സ്‌കൂള്‍ കുട്ടിയാകാന്‍ പറ്റുമെന്നും അലക്‌സ് പറയുന്നു. അതേസമയം അമൂല്‍ ബേബി കവിളുമായി മോഹന്‍ലാല്‍ പട്ടിണി കിടക്കുന്ന കഥാപാത്രമായി അഭിനയിക്കുമ്പോള്‍ മാത്രം വിശ്വസിക്കാന്‍ പറ്റില്ലെന്നും അലക്‌സ് പറയുന്നു.
മലയാള സിനിമയെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയ വിപ്ലവം സംഭവിക്കുന്നത് പത്ത് വര്‍ഷം മുമ്പാണെന്നാണ് അലക്‌സ് പറയുന്നത്. അത് പ്രേമത്തിലൂടെ മലര്‍ മിസ്സിന്റെ വരവോടെയാണ്. മലര്‍ മിസ് ആയി സായ് പല്ലവി വന്നതോടെയാണ് എല്ലാവരും മലയാളം സിനിമ കാണാന്‍ തുടങ്ങിയത്. താനടക്കമുള്ള തമിഴര്‍ മലയാള സിനിമ കാണാനും മലയാളം പാട്ടുകള്‍ പഠിക്കാനും തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. മലരേ നിന്നേ എന്ന പാട്ടിന്റെ വരികള്‍ എല്ലാ തമിഴരും കാണാതെ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തമാശയായ അലക്‌സ് പറഞ്ഞ കാര്യം പക്ഷെ മലയാളികളില്‍ ചിലര്‍ക്ക് ബോധിച്ചിട്ടില്ല. കമന്റ് ബോക്‌സിലെത്തി നിരവധി പേരാണ് അലക്‌സിനെ മര്യാദ പഠിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല മലയാള സിനിമ. പ്രേമം ഇറങ്ങുന്നതിന് മുമ്പും മലയാളത്തില്‍ വളരെ നല്ല സിനിമകളുണ്ടായിരുന്നുവെന്നും മലയാളികള്‍ പറയുന്നു. പ്രേമത്തിന് മുമ്പുള്ള മലയാള സിനിമകളുടെ ലിസ്റ്റും പലരും അലക്സിന് കാണാനായി പങ്കുവെക്കുന്നുണ്ട്.
മലയാളത്തില്‍ എല്ലാക്കാലത്തും നല്ല സിനിമകളുണ്ടായിട്ടുണ്ട്. ഇന്നത്തേതിലും നല്ല സിനിമകള്‍ ഇറങ്ങിയിരുന്ന കാലമുണ്ട്. എന്നാല്‍ ഇന്ന് മറ്റ് ഇന്‍ഡസ്ട്രികളും ശ്രദ്ധിക്കുന്ന തരത്തിലേക്ക് മലയാളം വളര്‍ന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെയാണ് ആ മാറ്റം സംഭവിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അലക്‌സിന്റെ തമാശ അറിവില്ലായ്മയാണെന്നും ചിലര്‍ പറയുന്നു.
അതേസമയം അലക്‌സിന്റേത് കേവലം തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹത്തിന്റെ മുന്‍ വിഡിയോകളിലെല്ലാം മലയാളത്തിലെ പാട്ടുകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്ന വിഡിയോയിലും അദ്ദേഹം തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates