മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ബയോപിക് ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന 'ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാജ്കുമാർ റാവു ആണ് ഗാംഗുലി ആയി എത്തുന്നത്. ലോക ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്നു കൊണ്ട് ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്.
വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുൽഷൻ കുമാറും ചേർന്നാണ് നിർമിക്കുന്നത്. സൗരവ് ഗാംഗുലിയുടെ 54-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും. 'ഞങ്ങളുടെ പ്രിയപ്പെട്ട ദാദയ്ക്ക് പിറന്നാൾ ആശംസകൾ' എന്ന് പറഞ്ഞു കൊണ്ടാണ് രാജ്കുമാർ റാവു ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
'എക്കാലത്തെയും മികച്ച സമ്മാനം! രാജ്കുമാർ റാവു എന്റെ ജീവിതം അവതരിപ്പിച്ചിരിക്കുന്നത് കാണാൻ കാത്തിരിക്കാൻ വയ്യ'- എന്നാണ് സൗരവ് ഗാംഗുലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ വിമർശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
'ഇതിലും നല്ലൊരു പോസ്റ്റർ ദാദ അർഹിക്കുന്നു', 'ദാദയുടെ കാർട്ടൂൺ പോലെയുണ്ട്', 'ദാദ ഫ്രം മീഷോ' എന്നൊക്കെയാണ് വിമർശിച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്. ഇതിലും മികച്ച പോസ്റ്റർ സിനിമയ്ക്ക് വയ്ക്കാനില്ല എന്ന് പറയുന്നവരുമുണ്ട്. 1972 ജൂലൈ 8 ന് കൊൽക്കത്തയിലെ അതിസമ്പന്നമായ കുടുംബത്തിലാണ് ഗാംഗുലിയുടെ ജനനം.
ചണ്ഡിദാസ്- നിരുപ ദമ്പതികളുടെ ഇളയ മകനായ സൗരവിന് ആഡംബര പൂർണമായ ജീവിതസാഹചര്യങ്ങൾ ഉള്ളതിനാൽ 'മഹാരാജ്' എന്ന വിളിപ്പേര് ലഭിച്ചു. പിതാവ് കൊൽക്കത്തയിലെ പ്രശസ്തനായ പ്രിന്റ് ബിസിനസുകാരനായിരുന്നു. യഥാർത്ഥത്തിൽ ഒരു ഫുട്ബോൾ പ്രേമിയായിരുന്ന ഗാംഗുലിയെ ക്രിക്കറ്റിലേക്ക് എത്തിച്ചത് ജ്യേഷ്ഠൻ സ്നേഹാശിഷ് ആയിരുന്നു.
വലംകയ്യനായ ഗാംഗുലി ബാറ്റിങ്ങിൽ ഇടംകയ്യനായത് ജ്യേഷ്ഠന്റെ ക്രിക്കറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു എന്നത് കൗതുകകരമാണ്. എന്തായാലും സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates