'ധുരന്ധർ 2' വിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ദേവദത്ത് ഷാജി. ചിത്രത്തിന്റെ പേര് പങ്കുവയ്ക്കാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദേവദത്തിന്റെ വിമർശനം. "തെറ്റായ ഒരാശയത്തെ സാധൂകരിക്കാൻ ഒരു സിനിമ ഉയർന്ന നിലവാരമുള്ള മേക്കിങ് ശൈലി ഉപയോഗിക്കുകയാണെങ്കിൽ സാങ്കേതികവിദ്യ കൃത്രിമത്വത്തിനുള്ള ഒരു ഉപകരണമായി മാറുന്നു".- എന്നാണ് ദേവദത്ത് കുറിച്ചത്.
റിലീസിന് പിന്നാലെ ധുരന്ധർ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന തരത്തിൽ വിമർശനങ്ങളുയർന്നിരുന്നു. ധുരന്ധർ ആദ്യ ഭാഗത്തിലെ ഒരു ഗാനം പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നതിനാൽ ധുരന്ധർ 2 വിനെയാണ് ദേവദത്ത് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
എന്നാൽ ദേവദത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമയെ സിനിമയായി കണ്ടാൽ പോരെയെന്നും ചിത്രം രാജ്യ സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെന്നുമൊക്കെയാണ് പലരും കുറിക്കുന്നത്. ഹംസ അലി മസാരി എന്ന ഐഡന്റിറ്റിയിൽ പാകിസ്ഥാനിലെത്തുന്ന ഇന്ത്യൻ ചാരനായ ജസ്‌കിരത് സിങ് രംഗിയുടെ കഥയാണ് ചിത്രം പറയുന്നത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും അധോലോകത്തെ കുറിച്ചുമൊക്കെ ചിത്രം പറയുന്നുണ്ട്. എന്നാൽ യഥാർത്ഥ സംഭവങ്ങളെ വളച്ചൊടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം.
വമ്പൻ മേക്കിങ് ക്വാളിറ്റി ഉപയോഗിച്ച് പ്രേക്ഷകരെ സ്വാധീനിക്കാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ആദിത്യ ധർ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ ലോകമെമ്പാടുമായി 240 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates