ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ ടോപ് സ്കോറർ കൂടിയായ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ആശംസാപ്രവാഹമാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജുവിന് വൻ സ്വീകരണമൊരുക്കിയാണ് മലയാളികൾ സ്വാഗതം ചെയ്തതും. ഒരിക്കൽ പരിഹസിച്ചവർ ഇന്ന് സഞ്ജുവിന് മുന്നിൽ തൊപ്പിയൂരി അദ്ദേഹത്തെ വണങ്ങുകയാണെന്ന് പറയുകയാണ് സംവിധായകൻ ജിസ് ജോയ് ഇപ്പോൾ.
സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണെന്നും അതിനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തട്ടെയെന്നും ജിസ് ജോയ് ആശംസിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ജിസ് ജോയ്‌യുടെ പ്രതികരണം. "ഹായ്, ഈ വിഡിയോ സഞ്ജു സാംസണെ കുറിച്ച് പറയാനാണ്, അദ്ദേഹത്തിന്റെ വിജയത്തെക്കുറിച്ച് പറയാനാണ്.
ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍, ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര്‍ ഉപേക്ഷിച്ച് കളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാര് നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വെച്ച് കെട്ടിടം പണിതാല്‍ കെട്ടിടം നന്നാവില്ലെന്ന് വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി. പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാഗങ്ങൾ വായിച്ചു.
അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്‍റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു.
ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്‍റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. ധോനി, രോഹിത് ശര്‍മ, സച്ചിന്‍.. അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തത് പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം.
ആരാണ് നിങ്ങളോട് പറഞ്ഞത്, നിങ്ങളുടെ ജീവിതം മറ്റൊരാള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന്? തകര്‍ക്കാന്‍ സാധിക്കുമെന്ന്? ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന്? ഒന്നുമില്ല. അവനവന്‍ തീരുമാനിച്ചാല്‍ മതി. അവിടെയാണ് സഞ്ജു സാംസണിന്‍റെ ശാന്തത. അദ്ദേഹം എപ്പോഴും ശാന്തനായിരുന്നു. അദ്ദേഹത്തെ എല്ലാവരും അവഹേളിക്കുമ്പോഴും സ്വന്തം ഹോം ഗ്രൗണ്ടില്‍ വലിയ റണ്‍സ് എടുക്കാതെ പുറത്തായപ്പോള്‍, പരിഹസിച്ചവര്‍ അദ്ദേഹത്തിന് മുന്നില്‍ തൊപ്പിയൂരി, അദ്ദേഹത്തെ വണങ്ങി.
ഇതാണ് ഓരോ ദിവസം നമ്മളോട് പറയുന്ന ആശയം. സൂര്യോദയവും അസ്തമയവുമൊക്കെ എന്താണ് പറയുന്നത് ? ഇന്നലെ അല്ല ഇന്ന്. ഇന്നല്ല നാളെ. ചെറിയൊരു അഭിമുഖത്തില്‍ പാസാവാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, എവിടെ എങ്കിലും തോറ്റ് പോകുമ്പോള്‍, കളിയാക്കുമ്പോള്‍, എന്തിനാണ് വെറുതെ നമ്മൾ വല്ലാത്ത ഡിപ്രഷനിലേക്ക് പോകുന്നത്. ശ്രീനിവാസന്റെ പടച്ചോന്‍റെ തിരക്കഥകള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്, നമ്മുടെ 'ദൈവത്തെ ചിരിപ്പിക്കാന്‍ എളുപ്പമാണ്.
നമ്മുടെ ഭാവി പദ്ധതികൾ അദ്ദേഹത്തോട് പറഞ്ഞാല്‍ മാത്രം മതി. ദൈവം ഇങ്ങനെ ചിരിക്കും'. നിങ്ങള്‍ ഒരാളെ ഒതുക്കാമെന്ന് തീരുമാനിച്ച് ചിരിച്ച ചിരിയൊക്കെ കണ്ടുകൊണ്ട്, അതിനേക്കാള്‍ വലിയ ചിരിചിരിച്ച് ഈ യൂണിവേഴ്സ് ഇരിപ്പുണ്ട്. സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണ്.
അതുകൊണ്ട് തന്നെയാണ് കളിക്കേണ്ട കളി കൃത്യമായി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഗുരുത്വം അദ്ദേഹത്തെ ഇനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തിക്കട്ടെ. നമുക്കത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. സഞ്ജു സാംസണ് വാഴ്ത്തുക്കള്‍".- ജിസ് ജോയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates