MB Padmakumar  
Entertainment

'ആ സാമദ്രോഹി കാരണം മഞ്ജു വാര്യരുമായുള്ള 'കപ്പിള്‍ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു'; ഓര്‍മ പങ്കിട്ട് പത്മകുമാര്‍

മഞ്ജു വാര്യരും ഞാനും പിന്നെ ആ 'എത്തിനോട്ടക്കാരനും', ഒരു 1996 എഡിഷന്‍ ട്രാജഡി.

സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യര്‍ക്കൊപ്പം ഫോട്ടോ എടുത്തതിന്റെ ഓര്‍മ പങ്കിടുകയാണ് സംവിധായകന്‍ എംബി പത്മകുമാര്‍. സല്ലാപം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു പത്മകുമാര്‍ മഞ്ജുവിനൊപ്പം നിന്ന് ഫോട്ടോയെടുത്തത്. ഫോട്ടോയും അദ്ദേഹം പങ്കിടുന്നുണ്ട്. അന്ന് തങ്ങള്‍ക്കിടയിലെ വിടവ് നികത്താന്‍ എത്തിനോക്കിയ സുഹൃത്തിനെക്കുറിച്ചും പത്മകുമാര്‍ കുറിപ്പില്‍ പറയുന്നുണ്ട്. പത്മകുമാറിന്റെ വാക്കുകളിലേക്ക്:

മഞ്ജു വാര്യരും ഞാനും പിന്നെ ആ 'എത്തിനോട്ടക്കാരനും', ഒരു 1996 എഡിഷന്‍ ട്രാജഡി. കാലം 'സല്ലാപം' സിനിമയ്ക്ക് ശേഷം മഞ്ജു വാര്യര്‍ കേരളത്തിന്റെ മനം കവര്‍ന്നു നില്‍ക്കുന്ന സമയം. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ യുദ്ധങ്ങളൊന്നുമില്ല. ആകെയുള്ളത് ദൂരദര്‍ശനും, എഷ്യാനെറ്റും പിന്നെ ഞങ്ങളുടെ നാട്ടിലെ 'കേബിള്‍ അച്ചായന്‍' എന്നറിയപ്പെടുന്ന ജിജോയുടെ അച്ഛന്റെ കേബിള്‍ ടിവിയും മാത്രം.

കയ്യില്‍ വലിയ അറിവൊന്നുമില്ലെങ്കിലും, ചെറുപ്പത്തിന്റെ ആ ഒരു ആത്മവിശ്വാസമുണ്ടല്ലോ, എന്തും ചെയ്യാം എന്നൊരു തോന്നല്‍. അങ്ങനെയാണ് ഞങ്ങള്‍ കേബിള്‍ ടിവിക്ക് വേണ്ടി ഒരു 'വീക്ക്ലി പ്രോഗ്രാം' പ്ലാന്‍ ചെയ്യുന്നത്. പേര് 'ഷോകേസ്'. ഞാനാണ് ഡയറക്ഷനും എഡിറ്റിംഗും വോയ്സ് ഓവറും എല്ലാം. സ്‌ക്രിപ്റ്റ് ഗിരീഷ് വര്‍മ്മ, ക്യാമറ കൈകാര്യം ചെയ്യുന്നത് ഓമനക്കുട്ടന്‍, നിര്‍മ്മാണം മഹേഷ്, രവിയുടെ വീടാണ് സ്റ്റുഡിയോ. എഡിറ്റിംഗ് വിഎച്ച്എസ് ടേപ്പിലാണ് എന്ന് കൂടി ഓര്‍ക്കണം.

അങ്ങനെയിരിക്കെയാണ് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്, അടുത്ത് എവിടെയോ മഞ്ജു വാര്യരുടെ ഷൂട്ടിംഗ് നടക്കുന്നു. ദൂരദര്‍ശനില്‍ പരിപാടി ചെയ്യുന്നവന്റെ ഗമയോടെ ഞാന്‍ നേരെ ലൊക്കേഷനിലേക്ക് വിട്ടു. അവിടെ ചെന്ന് കലാഭവന്‍ മണി, മനോജ് കെ. ജയന്‍, സാക്ഷാല്‍ മഞ്ജു വാര്യര്‍ എന്നിവരുമായി സംസാരിച്ചു. (മനസ്സില്‍ വലിയൊരു ചമ്മല്‍ ഉണ്ടായിരുന്നു, പക്ഷെ പുറത്ത് കാണിച്ചില്ല). അതൊക്കെ ഓമനക്കുട്ടന്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥ ട്രാജഡി തുടങ്ങുന്നത് അവിടെയല്ല.

ഷൂട്ടിംഗ് തിരക്കിനിടയില്‍ മഞ്ജു വാര്യരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ അവസരം കിട്ടി. കൂടെയുണ്ടായിരുന്ന കൊച്ചുമോന്‍ ക്യാമറ എടുത്തു. ചെറിയൊരു അകലം ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ വന്നു. പ്രണയലേഖനത്തിന് മറുപടി കാത്തിരിക്കുന്നത് പോലെയായിരുന്നു ആ ഫോട്ടോ പ്രിന്റ് ചെയ്തു കിട്ടാനുള്ള കാത്തിരിപ്പ്. ഫോട്ടോ കിട്ടിയാല്‍ അത് വലുതാക്കി ഫ്രെയിം ചെയ്ത് നാട്ടുകാരെ കാണിച്ച് ഷൈന്‍ ചെയ്യണം എന്നതായിരുന്നു പ്ലാന്‍.

ഒടുവില്‍ ഫോട്ടോ കിട്ടി. ഞാന്‍ നോക്കുമ്പോള്‍... മഞ്ജു വാര്യര്‍ അതിമനോഹരിയായി നില്‍ക്കുന്നു. എന്റെ മുഖത്ത്, അനുവാദം ചോദിക്കാതെ വന്ന ആ 'ചമ്മല്‍' ഒളിഞ്ഞ് കിടപ്പുണ്ട്. എന്നാലും സാരമില്ല, അത്രയ്ക്ക് മോശമല്ല. പക്ഷെ ഞങ്ങള്‍ക്കിടയില്‍ വന്ന ആ ചെറിയ ഗ്യാപ്പ്... ആ ഗ്യാപ്പിലൂടെ ഒരു ദാ എത്തിനോക്കുന്നു എന്റെ പ്രിയ സുഹൃത്ത് മഹേഷ്!

അതാണ് ടൈമിങ്! കൊച്ചുമോന്‍ ക്ലിക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് തലയിട്ട ആ സാമദ്രോഹി കാരണം എന്റെ 'കപ്പിള്‍ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു. ഞാന്‍ ചോദിച്ചപ്പോള്‍ മഹേഷ് പറഞ്ഞത്, 'വെറുതെ എന്തിനാ ഒരകലം? അത് ഞാന്‍ അങ്ങ് ഫില്ല് ചെയ്തതാ' എന്ന്! ഫില്ല് ചെയ്യാന്‍ മഹേഷിന് വേറെ ഒരിടവും കിട്ടിയില്ലേ! പോട്ടെ, എങ്കിലും ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ടെക്‌നോളജി വളരുമ്പോള്‍ മഹേഷിനെ അതില്‍ നിന്ന് വെട്ടിമാറ്റാമല്ലോ എന്ന് കരുതി.

30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ടെക്‌നോളജി വളര്‍ന്നു. 2026-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഞാന്‍ പഴയ ആല്‍ബം പൊടിതട്ടിയെടുത്തു. ആ ഫോട്ടോ വീണ്ടും കയ്യിലെടുത്തു. വിധി അപ്പോഴും എനിക്കെതിരായിരുന്നു. കാലപ്പഴക്കം കൊണ്ട് ഫോട്ടോയുടെ പകുതി ദ്രവിച്ചു പോയിരിക്കുന്നു. മഞ്ജു വാര്യരുടെ മുഖം ക്ലിയറാണ്, പക്ഷെ ശരീരം മാഞ്ഞുപോയി. എന്റെയാണെങ്കില്‍ ഒരു കൈ മാത്രം ബാക്കി, മുഖം മുഴുവന്‍ പോയി!

പക്ഷെ... ആ ഗ്യാപ്പിലൂടെ എത്തിനോക്കിയ മഹേഷ് മാത്രം ഒരു പോറലുമേല്‍ക്കാതെ അവിടെത്തന്നെയുണ്ട്! വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. AI-യുടെ സഹായത്തോടെ ഫോട്ടോ റീസ്റ്റോര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്റെ പഴയ മുഖവും വിവരങ്ങളും എല്ലാം കൊടുത്തു. ഫലം വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മഞ്ജു വാര്യരെ ചുരിദാര്‍ മാറ്റി സാറിയുടുപ്പിച്ച് പഴയതിലും സുന്ദരിയാക്കി. മഹേഷും ക്ലിയര്‍. പക്ഷെ ഞാന്‍... ഞാന്‍ മാത്രം ഞാനല്ലാതായി! എന്റെ പൂര്‍വ്വജന്മത്തിലെ ഏതോ മുഖം പോലെ അപരിചിതമായ ഒരാള്‍.

അവിടെയാണ് എനിക്ക് ആ വലിയ സത്യം മനസ്സിലായത്. 1996-ല്‍ ദ്രവിച്ചുപോയ ഒരു ഫോട്ടോ നന്നാക്കാന്‍ ഇനിയും സമയം കളയുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച്, 2026-ല്‍ പുതിയ ചിത്രം നിര്‍മ്മിക്കുകയാണ് വേണ്ടത്. ആ ചിത്രത്തിന് കാലം തൊട്ടാല്‍ പോലും കേടുവരാത്തത്ര ഉറപ്പുണ്ടായിരിക്കണം.

പിന്നെ മഹേഷിന്റെ കാര്യം... ജീവിതത്തില്‍ ചിലര്‍ അങ്ങനെയാണ്. ഒന്നും ചെയ്യാതെ വെറുതെ പുറകില്‍ നിന്ന് 'എത്തിനോക്കുന്നവര്‍' പോലും ചിലപ്പോള്‍ ചരിത്രത്തില്‍ അവശേഷിക്കും. പക്ഷെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ സ്വയം അടയാളപ്പെടുത്തിയില്ലെങ്കില്‍, അവര്‍ വെറും അജ്ഞാതരായി കാലത്തിന് മാഞ്ഞുപോകും. പഴയ ഫോട്ടോയിലെ മുഖം പോയാലും സാരമില്ല, പുതിയ ചരിത്രം നമുക്ക് എഴുതാനുണ്ടല്ലോ!

Director MB Padmakumar shares his memories of taking photo with Manju Warrier. His couple photo moment was ruined by friend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയും; മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

SCROLL FOR NEXT