ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനില്‍ സ്വാമിയുടെ സാന്നിധ്യം വിവാദമായി മാറിയിരിക്കുകയാണ്. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ഇയാള്‍ ചടങ്ങുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് സുനില്‍ സ്വാമി. ഇയാളെക്കുറിച്ചുള്ള സംവിധായകന്‍ പിജി പ്രേം ലാലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
പിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന്‍ പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമിയെന്നാണ് പ്രേം ലാല്‍ പറയുന്നത്. തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ലെന്നും പ്രേം ലാല്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്:
ഒരിക്കല്‍, ശ്രീനിയേട്ടനൊപ്പം കണ്ടനാട്ടെ വീട്ടില്‍ ഇരിക്കുമ്പോള്‍ കേരളത്തില്‍ പെരുകിവരുന്ന ആള്‍ദൈവങ്ങള്‍ സംസാരവിഷയമായി. 2008-ല്‍ വിഎസിന്റെ കാലത്ത് സന്തോഷ് മാധവനില്‍ തുടങ്ങി ചില ആള്‍ദൈവങ്ങളെ പിടിച്ച് അകത്തിട്ട ധീരത പിന്നീട് വന്ന ഗവണ്മെന്റുകളൊന്നും കാണിക്കാത്തതുകൊണ്ടാണ് നാട്ടില്‍ വീണ്ടും ആള്‍ദൈവങ്ങളുടെ ചാകരയെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. മതങ്ങളെയും വിശ്വാസക്കച്ചവടത്തെയുമൊക്കെ മുന്‍നിര്‍ത്തി ഒരു സിനിമ ശ്രീനിയേട്ടന്‍ എഴുതണമെന്ന് ഞാനും പറഞ്ഞു. ഒരു താരതമ്യം നടത്താന്‍ പറ്റുന്ന ഒരു ബാക്ക്‌ഡ്രോപ്പില്‍ കഥ പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞപ്പോള്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ പോലെ മതവിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുറവു വരുന്ന രാജ്യങ്ങളെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. 'അത് കൊള്ളാമല്ലോ 'യെന്ന് ശ്രീനിയേട്ടന്‍ ചിരിച്ചു.
അന്ന് സംഭാഷണമദ്ധ്യേ, പിടിച്ച് അകത്തിടേണ്ടവരും അകത്തിടപ്പെട്ടവരുമായ ആള്‍ ദൈവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കടന്നുവന്ന ഒരു പേരാണ് മുതലമടയിലെ സുനില്‍ സ്വാമി ! വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. അന്ന് അവിടെ ദൃക്‌സാക്ഷിയായി നില്ക്കുമ്പോള്‍, ശ്രീനിയേട്ടന്‍ എഴുതാതെ പോയ ഏറ്റവും ട്രാജിക് ആയ ഒരു സോഷ്യല്‍ സറ്റയര്‍ രംഗം പോലെ ആ കാഴ്ച അനുഭവപ്പെടുകയുണ്ടായി.
ശ്രീനിയേട്ടന്റെ ഏറ്റവും വലിയ സ്‌നേഹവും വിശ്വാസവും വിമലച്ചേച്ചിയായിരുന്നു. 'എന്നോടുള്ള ഇവളുടെ സ്‌നേഹം കാണുമ്പോ ഇവളെ പോലെ ഒരെണ്ണത്തെ കൂടി കല്യാണം കഴിച്ചാലോയെന്ന് ആലോചിക്കുകയാണ്, ഇരട്ടി സ്‌നേഹം കിട്ടുമല്ലോ ! പ്രേംലാലും കാര്യമായൊന്ന് അന്വേഷിക്കണം ' എന്ന് പറഞ്ഞ് ശ്രീനിയേട്ടന്‍ ഉറക്കെ ചിരിച്ചു, ഒരു ദിവസം. 'ഉവ്വ്.. സ്വയം ഒരാളെ ഇതുവരെ അന്വേഷിച്ച് കിട്ടാത്ത പ്രേംലാലാ ഇപ്രായത്തില് നിങ്ങള്‍ക്ക് വേണ്ടി പെണ്ണന്വേഷിക്കാന്‍ നടക്കുന്നത് '' എന്ന് വിമലച്ചേച്ചി എന്നെയും ചേര്‍ത്ത് പകരം ട്രോളി !
മറ്റൊരിക്കല്‍ ഞാനും ശ്രീനിയേട്ടനും അകത്തിരിക്കുമ്പോള്‍ ഒരു അമ്പലത്തിലെ പറയെടുപ്പോ മറ്റോ പുറത്തുവന്നു. അതുകഴിഞ്ഞ് വിമലച്ചേച്ചി അകത്തു വന്ന് ശ്രീനിയേട്ടന്റെ നെറ്റിയില്‍ പ്രസാദം തൊടുവിച്ച് അടുക്കളയിലേക്ക് പോയി. ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കുന്നതു കണ്ട് ശ്രീനിയേട്ടന്‍ പറഞ്ഞു. 'മായ്ച്ചുകളയാന്‍ വയ്യ. വിമല തൊട്ടതല്ലേ !'
പതിനഞ്ചുവര്‍ഷത്തെ സൗഹൃദത്തിനിടയില്‍, നൂറുകണക്കായ അവസരങ്ങളില്‍ ശ്രീനിയേട്ടനോടൊപ്പമിരുന്ന് രാഷ്ട്രീയവും മതങ്ങളും ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും മലയാളിയുടെ കാപട്യങ്ങളും പുരോഗമനനാട്യങ്ങളുമൊക്കെ ഹാസ്യാത്മകമായി വിമര്‍ശിക്കപ്പെട്ട അതേ അകത്തളത്തില്‍, മരണാനന്തര ചടങ്ങുകളിലെ നിരര്‍ത്ഥകതയെ കുറിച്ച് പറഞ്ഞ് ഉറക്കെച്ചിരിച്ചിട്ടുള്ള അതേ ശ്രീനിയേട്ടന്റെ അവസാനചടങ്ങില്‍, മന്ത്രങ്ങളും കര്‍മ്മങ്ങളും അരങ്ങേറുമ്പോള്‍ അവിടെയും ഞാന്‍ കാതില്‍ ശ്രീനിയേട്ടനെ ചെറുചിരിയുടെ പിന്തുണയോടെ കേട്ടു,
'വിമലയുടെ ഇഷ്ടമല്ലേ, നടക്കട്ടെ ' വെള്ള പുതച്ച് സുനില്‍സ്വാമി ശ്രീനിയേട്ടനു ചുറ്റും നിറഞ്ഞാടുന്നത് കണ്ടുകൊണ്ട് നില്ക്കുമ്പോള്‍ ആദ്യം ഞാന്‍ കരുതിയത് അതും വിമലച്ചേച്ചിയുടെ ഇഷ്ടമെന്നാണ്. പക്ഷേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു, അതങ്ങനെയല്ലെന്ന് ! യഥാര്‍ത്ഥത്തില്‍, ഇത്തരം മനുഷ്യരെ ശ്രീനിയേട്ടന്‍ മുമ്പേ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
'ഇത് ഞങ്ങളുടെ ഡെഡ്‌ബോഡിയാണ് ' എന്ന് അവകാശപ്പെട്ട് മൃതശരീരം ഏറ്റെടുക്കാന്‍ മത്സരിച്ച്, ഇടിച്ചുകയറി വരുന്ന രാഷ്ട്രീയക്കാരെ 'സന്ദേശ'ത്തില്‍ നാം കണ്ടതാണല്ലോ ! ഇത് രാഷ്ട്രീയക്കാരനായിരുന്നില്ല, മറിച്ച് ഒരു ഫ്രോഡ് സ്വാമിയായിരുന്നു എന്നു മാത്രം! താനെഴുതിയ പഴയ രംഗത്തിലെ കഥാപാത്രങ്ങളെ വച്ചുമാറി മൂകസാക്ഷിയായി കിടന്നു, തന്റെ അവസാനരംഗത്തില്‍ ശ്രീനിയേട്ടന്‍ ! ലോകത്തെ ട്രോളിയും സ്വയം ട്രോളിയും ഒരു ജീനിയസ്സിന്റെ സറ്റയറിക്കല്‍ ലാസ്റ്റ് സീന്‍...ലാസ്റ്റ് ഷോട്ട് !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates