ദൃശ്യം 3 യുടെ പ്രെമോഷന്‍ ഇന്റര്‍വ്യുകളിലൊന്നില്‍ തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നുണ്ട്. ആദ്യ ഭാഗം കണ്ടപ്പോള്‍ തോന്നിയത്. രണ്ട് കുടുംബങ്ങളില്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ളൊരു ബാലന്‍സിങ് കൊണ്ടു വരാന്‍ തനിക്ക് സാധിച്ചില്ലെന്നായിരുന്നു ആ ഏറ്റുപറച്ചില്‍. രണ്ടാം ഭാഗത്തില്‍ നിന്നും മൂന്നിലേക്ക് എത്തുമ്പോഴും അതിനുള്ള പ്രായശ്ചിത്തം ചെയ്യല്‍ തുടരുകയാണ് ജീത്തു ജോസഫ്.
മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ഫ്രാഞ്ചൈസിയാണ് ദൃശ്യം. സാമ്പത്തികമായും അല്ലാതെയും ദൃശ്യം പരമ്പര മലയാള സിനിമയിലും മോഹന്‍ലാലിന്റെ കരിയറിലുമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ജോര്‍ജുകുട്ടി എന്ന കഥാപാത്രം ഇന്ന് മറ്റൊരു മോഹന്‍ലാല്‍ കഥാപാത്രമല്ല. സിനിമയേക്കാളും ഉയരത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് ജോര്‍ജുകുട്ടി.
തന്റെ കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി ക്രിമനിലായി മാറേണ്ടി വരുന്ന ജോര്‍ജുകുട്ടിയെയാണ് ആദ്യ ഭാഗത്ത് കണ്ടത്. രണ്ടാം ഭാഗത്തില്‍ അയാള്‍ പൊലീസിനെ മാത്രമല്ല, നിയമസംവിധാനത്തെയാകെ കബളിപ്പിക്കാന്‍ പ്രാപ്തിനേടിയ ക്ലാസിക് ക്രിമിനലായി വളര്‍ന്നിരിക്കുന്നു. എന്നാല്‍ മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫും മോഹന്‍ലാലും അവതരിപ്പിക്കുന്നത് മറ്റൊരു ജോര്‍ജുകുട്ടിയെയാണ്. കുടുംബനാഥനില്‍ നിന്നും ക്ലാസിക് ക്രിമിനലില്‍ നിന്നും അവനവനെ പോലും ഭയപ്പെടുത്തുന്ന മൃഗത്തിലേക്കുള്ള അയാളുടെ പരിണാമമാണ് ദൃശ്യം 3.
പതിഞ്ഞ താളത്തില്‍ തുടങ്ങി, ഇന്റര്‍വെല്ലിന് തൊട്ടു മുമ്പായൊന്ന് തിരിയിട്ട്, ഒടുവില്‍ ക്ലൈമാക്‌സില്‍ കത്തിക്കയറുന്ന ജീത്തു ജോസഫ് സിനിമകളുടെ പതിവ് ഫോര്‍മാറ്റ് തന്നെയാണ് ദൃശ്യം 3യും പിന്തുടരുന്നത്. പക്ഷെ ഇത്തവണ ട്വിസ്റ്റുകളേയും സസ്‌പെന്‍സുകളേയും ആശ്രയിക്കുന്നതിലുമപരിയായി ജീത്തു ജോസഫ് എന്ന എഴുത്തുകാരന്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത് ജോര്‍ജുകുട്ടിയുടെ ക്യാരക്ടര്‍ ഡെവലപ്‌മെന്റിലാണ്. അതിന് അദ്ദേഹത്തിന് കൂട്ടായി മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനവുമെത്തുന്നു.
താനൊരു സാധാരണക്കാരനാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും അതങ്ങനെയല്ലെന്ന് ജോര്‍ജുകുട്ടിയ്ക്കറിയാം. ആവര്‍ത്തിച്ച് പറഞ്ഞു പറഞ്ഞ് അയാള്‍ തന്നെ തന്നെ അത് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരിക്കലും തിരികെ പോകാന്‍ സാധിക്കാത്ത അവനവനിലേക്ക് തിരികയെത്താനുള്ള അയാളുടെ ശ്രമം. പക്ഷെ എത്ര നാള്‍ സത്യത്തില്‍ നിന്നും അയാള്‍ക്ക് ഓടിയൊളിക്കാനാകും. ജോര്‍ജുകുട്ടിയുടെ ഈ ആന്തരിക സംഘര്‍ഷം മോഹന്‍ലാല്‍ മറ്റാര്‍ക്കും സാധിക്കാത്ത വിധം അവതരിപ്പിക്കുന്നുണ്ട്. ജോര്‍ജുകുട്ടി അനുഭവിക്കുന്ന ആത്മനിന്ദയും, ഭയവും, നിസ്സഹായതയുമെല്ലാം മോഹന്‍ലാലില്‍ ഭദ്രം. സട്ടിലായ മുഖഭാവങ്ങള്‍ കൊണ്ടും ശരീരഭാഷ കൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന ക്ലാസിക് മോഹന്‍ലാലിനെ വീണ്ടും കാണാം ദൃശ്യം 3 യില്‍.
അതേസമയം ജോര്‍ജുകുട്ടിയുടെ ക്യാരക്ടര്‍ ആര്‍ക്കിന് നല്‍കുന്ന പ്രാധാന്യത്തിന്റെ അര്‍ഹമായൊരു പങ്ക് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല. രണ്ടാം ഭാഗത്തില്‍ അന്‍സിബ അവതരിപ്പിച്ച അഞ്ജു കടന്നു പോകുന്ന മാനസികാവസ്ഥയെ നന്നായി തന്നെ ജീത്തു അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ വളര്‍ച്ച മൂന്നാം ഭാഗത്തില്‍ തുടരുന്നില്ല. ഇത് തന്നെയാണ് മീനയുടെ റാണിയുടേയും എസ്തറിന്റെ അനുവിന്റേയും അവസ്ഥ. കടന്നു പോകുന്ന സാഹചര്യങ്ങള്‍ ജോര്‍ജുകുട്ടിയിലുണ്ടാക്കുന്നത് പോലൊരു ഇംപാക്ട് അവരുടെ കഥാപാത്രങ്ങളിലും ഉണ്ടാകേണ്ടതാണ്.
പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന, ക്ലൈമാക്‌സിലെ ബിഗ് റിവിലില്‍ ഊന്നി കഥ പറയുന്ന ജീത്തുവിന്റെ ഫോര്‍മാറ്റ് മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സിനിമയെ പ്രവചനീയമാക്കുന്നുണ്ട്. 2013 ല്‍ നിന്നും 2026 ലേക്ക് എത്തുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചിരുന്നുവെങ്കില്‍ ഈ ആവര്‍ത്തന വിരസത ഒഴിവാക്കാമായിരുന്നു.
ചിത്രത്തിന്റെ ഇന്റര്‍വെല്‍ ബ്ലോക്ക് ആകാംക്ഷ ജനിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീടുള്ള ട്വിസ്റ്റുകള്‍ പ്രവചനീയവും, തണുപ്പനും ആയതിനാല്‍ വേണ്ട ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. ജോര്‍ജുകുട്ടിയെ പോലൊരു അതികായനെ നേരിടാന്‍ വരുന്ന വില്ലന്മാര്‍ക്ക് ഒട്ടും ത്രെട്ട് തോന്നിപ്പിക്കാനും സാധിച്ചില്ല. ക്ലൈമാക്‌സിലെ വലിയ ട്വിസ്‌റ്റെന്ന രീതിയില്‍ അവതരിപ്പിച്ച റിവീലിങ് രംഗം, മുന്‍ സിനിമകള്‍ സൃഷ്ടിച്ച ഇംപാക്ടുകള്‍ മൂലം വലിയ ട്വിസ്റ്റിന് മുമ്പുള്ള ചെറിയ ഡൈവേര്‍ഷന്‍ മാത്രമായാണ് അനുഭവപ്പെട്ടത്. ചിത്രത്തിലെ ചിത്ര കഥാപാത്രങ്ങളുടെ കടന്നു വരവും, കഥ സന്ദര്‍ഭങ്ങളിലുമുള്ള യുക്തിയില്ലായ്മയും പ്രതീക്ഷിച്ചൊരു ഇംപാക്ട് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്.
തന്റെ മേക്കിങിന്റെ പേരില്‍ നിരന്തരം പഴി കേള്‍ക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. എന്നാല്‍ ദൃശ്യം 3യിലേക്ക് എത്തുമ്പോള്‍ അവനവനെ മെച്ചപ്പെടുത്തിയ ജീത്തുവിലെ സംവിധായകനെ കാണാം. എന്നാല്‍ മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ബെഞ്ച് മാര്‍ക്കാകുന്ന കാലത്ത്, ജീത്തു ഇപ്പോഴും ഏറെ പിന്നിലാണെന്നതാണ് വസ്തുത. ഡയലോഗുകളിലും സ്‌റ്റേജ് സെറ്റിങ്ങിലുമെല്ലാം അതിനാടകീയമാകുന്നുണ്ട് ചിത്രം പലപ്പോഴും. അതേസമയം, സതീഷ് കുറുപ്പിന്റെ കാമറയും അനില്‍ ജോണ്‍സന്‍റെ സംഗീതവും വിഎസ് വിനായകിന്റെ എഡിറ്റിങ്ങും സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
ദൃശ്യം 2 ഇറങ്ങിയപ്പോഴും പിന്നീട് ദൃശ്യം 3 പ്രഖ്യാപിച്ചപ്പോഴും പലരും ചോദിച്ച ചോദ്യമാണ് എന്തിന് വീണ്ടും എന്നത്. അതിനുള്ള ഉത്തരം നല്‍കാനുള്ള ജീത്തുവിന്റെ ശ്രമം മൂന്നാം ഭാഗത്തിലും കാണാം. ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും ഗ്ലോറിഫൈ ചെയ്‌തൊരു കഥാപാത്രത്തിന് മറ്റൊരു വശം കൂടിയുണ്ടെന്നും, അയാളുടെ പോക്ക് പ്രശ്‌നഭരിതമായൊരു പാതയിലൂടെയാണെന്നും കൂടെ പറയാനുള്ള ശ്രമമാണ് ജീത്തു മൂന്നാം ഭാഗത്തില്‍ നടത്തുന്നത്. ഒരു തരത്തില്‍ അവനവനിലേക്ക് തന്നെ തിരിച്ചുപിടിച്ചൊരു കണ്ണാടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates