ഗെയിം ഓഫ് ത്രോൺസിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടിയാണ് എമിലിയ ക്ലർക്ക്. ഡേനെറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തെയാണ് നടി സീരിസിൽ അവതരിപ്പിച്ചത്. പോണീസ് ആണ് എമിലയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന സീരിസ്. ഈ സീരിസിലെ സെക്സ് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ തനിക്ക് പരിക്കേറ്റെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമിലിയ ഇപ്പോൾ.
തന്റെ വാരിയെല്ലിനായിരുന്നു പരിക്കേറ്റതെന്നും അവർ പറഞ്ഞു. ദ് റാപ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു പേരുടെ കൂടെയുള്ള ഒരു കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വാരിയെല്ല് ഒടിഞ്ഞതെന്ന് എമിലിയ പറഞ്ഞു. കുറച്ച് മണിക്കൂറുകളെടുത്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്.
പരിക്കു പറ്റിയതെങ്ങനെയെന്ന് മടിച്ചു കൊണ്ടായിരുന്നു ഡോക്ടറോട് വിശദീകരിച്ചതെന്നും എമിലിയ ക്ലാർക്ക് പറഞ്ഞു. "അന്ന് എന്റെ വാരിയെല്ല് ഒടിഞ്ഞു... മൂന്ന് പുരുഷന്മാർ, കുറച്ച് മണിക്കൂറിനുള്ളിൽ" സംഭവത്തെക്കുറിച്ച് എമിലിയ പറഞ്ഞു. ശീതയുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച രണ്ട് സിഐഎ ഏജന്റുമാരുടെ ഭാര്യയുടെ റോളിലാണ് എമിലിയയും ഹേലിയും സീരിസിൽ എത്തുന്നത്.
തങ്ങളുടെ ഭർത്താക്കൻമാരുടെ മരണത്തിന്റെ കാരണം കണ്ടെത്താൻ റഷ്യയിലേക്ക് പോകുന്ന രണ്ട് ഭാര്യമാരുടെ കഥയാണ് സീരിസ് പറയുന്നത്. ജനുവരി 15 നാണ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്. അതോടൊപ്പം ഗെയിം ഓഫ് ത്രോൺസ് നൽകിയ പ്രശസ്തിയെക്കുറിച്ച് മുൻപ് എമിലിയ പറഞ്ഞ കാര്യങ്ങളും വാർത്തയായിരുന്നു.
ഒരു നിശ്ചിത കാലയളവിലാണ് താൻ ഗെയിം ഓഫ് ത്രോൺസിലൂടെ വന്ന പ്രശസ്തി അനുഭവിച്ചത്. സീരിസിലെ വിഗ് ധരിച്ച തൻ്റെ കഥാപാത്രത്തിന്റെ രൂപം യഥാർഥ ജീവിതത്തിലെ സ്വന്തം രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഷോയുടെ അവസാന സീസണുകളിൽ, തനിക്ക് പാനിക് അറ്റാക്ക് വന്നിരുന്നുവെന്നും എമിലിയ പറഞ്ഞിരുന്നു.
"ഷോയുടെ അവസാന സീസൺ ആയപ്പോഴേക്കും എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഞാനെപ്പോഴും ആ പ്രശസ്തിയുടെ പിന്നാലെയായിരുന്നു. എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളുമായി സംസാരിക്കാനും സമയം ചെലവഴിക്കാനുമൊക്കെ എനിക്ക് ഇഷ്ടമാണ്.
പക്ഷേ പ്രശസ്തി ചിലപ്പോൾ ഇതിനൊക്കെ തടസമാകും. അതുകൊണ്ട് അത് കുറയ്ക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. പിന്നെ കുറച്ച് വർഷങ്ങൾ ഗെയിം ഓഫ് ത്രോൺസ് ചെയ്യാതെ ഇരുന്നു. ആ സമയത്ത് നമുക്ക് പ്രശസ്തി കുറയും. അത് ശരിക്കും ആപേക്ഷികമാണ്. പ്രശസ്തി വരും, പോകും. നമ്മൾ രാവിലെ ഉണരുന്നതിന്റെ കാരണം അതല്ലെന്ന് നമ്മൾ ഉറപ്പാക്കണം".- എമിലിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates