മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഫാസിൽ ആണ്. പതിനെട്ട് ദിവസത്തോളം ഷൂട്ട് ഇല്ലാതെ മോഹൻലാൽ സെറ്റിൽ ചെലവഴിച്ചുവെന്നും അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പൂർണത നൽകിയെന്നും പറയുകയാണ് ഫാസിലിപ്പോൾ.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യം പറഞ്ഞത്. നരേന്ദ്രൻ എന്ന കഥാപാത്രമായി മോഹൻലാലിനെ തിരഞ്ഞെടുത്തതിനേക്കുറിച്ചും ഫാസിൽ സംസാരിച്ചു. "ആ സമയത്ത് ഷോലെ ഒരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ചുരുണ്ട മുടിയും അസാധാരണമായ സൗന്ദര്യവുമൊക്കെയായി എത്തിയ ഗബ്ബർ സിങ് (അംജദ് ഖാൻ) ടിപ്പിക്കൽ വില്ലൻ സങ്കല്പങ്ങളെയെല്ലാം തകർത്തു.
അത് എനിക്കൊരു പ്രചോദനമായി. അങ്ങനെ ഈ കുട്ടി (മോഹൻലാൽ) സ്ത്രീകൾ ഉപയോഗിക്കുന്ന രീതിയിലുള്ള കുടയൊക്കെ കൈയിൽ പിടിച്ച് ഓഡിഷന് വന്നപ്പോൾ ഞങ്ങൾക്ക് അവനിൽ എന്തോ ഒരു പ്രത്യേകത തോന്നി. അതുകൊണ്ടാണ് ഞാനും ജിജോയും അവന് 90 മാര്‍ക്കിന് മുകളില്‍ നല്‍കിയത്. എന്നാൽ മറ്റുള്ളവർക്ക് ആ ഇമേജ് ആയിരുന്നില്ല. അതുകൊണ്ട് അവർ നൽകിയ മാർക്ക് വളരെ കുറവായിരുന്നു. പിന്നീട് ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തപ്പോൾ, അദ്ദേഹത്തിന് അപാരമായ കഴിവുണ്ടെന്ന് എനിക്ക് തോന്നി". - ഫാസിൽ പറഞ്ഞു.
മോഹൻലാലിന്റെ ഏറ്റവും വലിയ ഭാഗ്യം എന്തായിരുന്നുവെന്ന് വച്ചാൽ കാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് കുറച്ച് ദിവസം സെറ്റിൽ ഉണ്ടാകാൻ കഴിഞ്ഞു എന്നതാണ്. പുതുമുഖങ്ങളായിരുന്നതിനാൽ സീനുകൾ ക്രമത്തിനനുസരിച്ച് ഷൂട്ട് ചെയ്താൽ മതിയെന്ന് ഞാനാണ് നിർദേശിച്ചത്. അതിനാൽ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്ന മോഹൻലാൽ തുടക്കം മുതലേ സെറ്റിൽ ഉണ്ടാകേണ്ടി വന്നു. ഒരു ഷോട്ട് പോലും എടുക്കാതെ 18 ദിവസത്തോളം അദ്ദേഹം സെറ്റിൽ ചെലവഴിച്ചു.
ശങ്കറും പൂർണിമയും എങ്ങനെയാണ് അഭിനയിക്കുന്നതെന്നും അവരെങ്ങനെയാണ് കൂടുതൽ മെച്ചപ്പെടുത്തുന്നതെന്നുമൊക്കെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. അതെല്ലാം അദ്ദേഹം ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ ഊഴം വന്നപ്പോഴേക്കും എല്ലാത്തിനും അദ്ദേഹം തയ്യാറായിക്കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന് സിനിമ എന്താണെന്ന് മനസിലായി. എങ്ങനെ അഭിനയിക്കണമെന്ന കാര്യവും അദ്ദേഹത്തിന് അറിയാമായിരുന്നു. വളരെ മെയ്‌വഴക്കത്തോടെയും നാച്ചുറലായും അദ്ദേഹം അഭിനയിച്ചു. ഈ ഗുണങ്ങളാണ് അദ്ദേഹത്തെ ഇന്ന് നിർവചിക്കുന്നത്".- ഫാസിൽ പറഞ്ഞു.
Gabbar Singh character inspired me to cast Mohanlal in Manjil Virinja Pookkal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates