ഐഎഫ്എഫ്ഐ വേദിയിൽ തിളങ്ങി മലയാളം വാമ്പയർ ചിത്രം ഹാഫ്. ചിത്രത്തിന്റെ ഏഷ്യൻ പ്രീമിയറാണ് പനാജിയിലെ പിവിആർ ഐനോക്സ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറിയത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെ.യും ചേർന്ന് നിർമിച്ച ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഫന്റാസ്റ്റിക് ഫെസ്റ്റ്, സിറ്റ്ജസ് ഫിലിം ഫെസ്റ്റിവൽ, ബിയോണ്ട് ഫെസ്റ്റ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ റെഡ് കാർപെറ്റ് ചടങ്ങിനും പ്രദർശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
നവംബർ 24ന് വൈകിട്ട് 5.30ന് നടന്ന റെഡ് കാർപെറ്റ് ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ രഞ്ജിത്ത് സജീവ്, അമല പോൾ, അബ്ബാസ്, ഐശ്വര്യ രാജ്, ശ്രീകാന്ത് മുരളി എന്നിവരും നിർമാതാവ് ആൻ സജീവും പങ്കെടുത്തു. വൈകിട്ട് ആറിന് ആരംഭിച്ച 110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനത്തിനം നടന്നത് നിറഞ്ഞ ഓഡിറ്റോറിയത്തിലാണ്. ചിത്രത്തിന്റെ പ്രമേയവും അവതരണശൈലിയും ആക്ഷൻ പശ്ചാത്തലവും ശ്രദ്ധനേടി. സിനിമയുടെ പ്രദർശനത്തിന് മുന്നോടിയായി താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത വാർത്താസമ്മേളനവും നടന്നു.
ടൊറന്റോ ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്‌നസ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. ഐഎഫ്എഫ്ഐയിലെ ഏഷ്യൻ പ്രീമിയറിലൂടെ ചിത്രം രാജ്യാന്തര ചലച്ചിത്രയാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.
ജനുവരിയിൽ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ‘ഹാഫി’ന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ സംജദും പ്രവീൺ വിശ്വനാഥുമാണ്. പാപ്പിനു ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈനർ. മിഥുൻ മുകുന്ദൻ സംഗീതവും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനിംഗും കൈകാര്യം ചെയ്തിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates