ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് പ്രേമലു. കേരളത്തിന് പുറത്തും ചിത്രം വലിയ വിജയമായി മാറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിലൂടെ മമിത ബൈജുവും നസ്ലനും വലിയ താരങ്ങളായി മാറി. പ്രേമലുവിലേക്ക് എത്തിയ കഥ പറയുകയാണ് സംവിധായകന്‍ ഗിരീഷ് എഡി.
സൂപ്പര്‍ ശരണ്യയില്‍ നിന്നാണ് പ്രേമലുവിലേക്ക് എത്തുന്നതെന്നാണ് ഗിരീഷ് എഡി പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് എഡി പ്രേമലുവിനെക്കുറിച്ച് സംസാരിച്ചത്. സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടാകുന്നതെന്നാണ് ഗിരീഷ് എഡി പറയുന്നത്.
''പ്രേമലുവില്‍ ആദ്യമുണ്ടാകുന്നത് റീനുവിന്റെ കഥാപാത്രമാണ്. സൂപ്പര്‍ ശരണ്യയുടെ രണ്ടാം ഭാഗം എന്ന നിലയിലാണ് ആലോചിച്ച് തുടങ്ങുന്നത്. രണ്ടാം ഭാഗം എടുക്കാനൊന്നുമല്ല. വെറുതെ രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും എന്ന് സ്പൂഫ് പോലെയാണ് ആലോചിച്ചത്. അവര്‍ ഉപരിപഠനത്തിനായി ഹൈദരബാദിലേക്ക് പോകുന്നതായിരുന്നു. സോന ഭയങ്കര പ്രൊട്ടക്ടീവും ഡോമിനേറ്റിങുമാണ്. പ്രേമിക്കുന്നവരെ അകറ്റാന്‍ നടത്തുന്നയാളാണ്. അവള്‍ക്കൊരു പ്രണയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചു'' എന്നാണ് ഗിരീഷ് എഡി പറയുന്നത്.
''അതില്‍ രസം തോന്നി. അവള്‍ക്ക് വളരെ തീവ്രമായൊരു പ്രണയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചപ്പോള്‍ രസം തോന്നി. അപ്പോള്‍ ശരണ്യയുടെ കഥാപാത്രത്തെ ഒഴിവാക്കി. അവരെ സൈഡ് ക്യാരക്ടര്‍ ആക്കാന്‍ പറ്റില്ലല്ലോ. സോന ഹൈദരാബാദിലേക്ക് പോകുന്നതായി. പിന്നെ സോന വേണ്ട പുതിയ കഥാപാത്രമാക്കാമെന്ന് കരുതി. അപ്പോഴും മമിത തന്നെയായിരുന്നു മനസില്‍'' എന്നും ഗിരീഷ് പറയുന്നു.
''അപ്പോഴാണ് കിരണ്‍ ജോസി വേറൊരു കഥ പറഞ്ഞത്. പണ്ടേ മനസിലുള്ളതാണ്. നാട്ടില്‍ നിന്നും രണ്ടു പേര്‍ ചെന്നൈയിലേക്ക് വരുന്നതായിട്ട്. ആ പിള്ളേരെ നേരെ ഹൈദരാബാദിലേക്ക് വിട്ടു. അവളും അവിടെ ജോലിയായിട്ടുണ്ട്. ഇവരെ എങ്ങനെയെങ്കിലും കണ്ടുമുട്ടിക്കാമെന്നായി. അങ്ങനെയാണ് കല്യാണം വരുന്നത്'' എന്നും ഗിരീഷ് എഡി പറയുന്നു. അതേസമയം ഗിരീഷ് എഡിയുടെ പുതിയ ചിത്രം ബെത്‌ലേഹം കുടുംബ യൂണിറ്റ് 300 കോടിയും കടന്ന് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates