തമിഴ് നടന്‍ അജിത്ത് കുമാറിന്റെ മോട്ടോർസ്പോർട്സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. അജിത്ത് കുമാർ എന്ന നടന് പുറമേ, അദ്ദേഹത്തിന്റെ പാഷനായ റേസിംഗിന്റെ ലോകത്തേക്കാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.
വ്യത്യസ്തമായൊരു ചുവടുവെപ്പെന്ന നിലയിൽ, ‘ഗ്ലാഡിയേറ്റേഴ്സ്’ന്റെ ട്രെയിലർ ആദ്യം തിയേറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ഡിജിറ്റൽ റിലീസിന് മുമ്പ് ട്രെയിലർ ബിഗ് സ്ക്രീനിലെത്തിക്കാനുള്ള ഈ തീരുമാനത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നും സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന തങ്ങളുടെ പ്രിയ താരത്തെ മറ്റൊരു മുഖത്തിൽ കാണാനുള്ള അവസരം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു.
‘ദൈവ തിരുമകൻ’, ‘സൈവം’, ‘തലൈവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് സംവിധാനം ചെയ്യുന്ന ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’, റേസിംഗ് ട്രാക്കിന്റെ ഗ്ലാമറിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഡോക്യുമെന്ററിയാണ്. മോട്ടോർസ്പോർട്സിനോടുള്ള അജിത്ത് കുമാറിന്റെ ആഴത്തിലുള്ള അഭിനിവേശം, അദ്ദേഹം ഏറ്റെടുത്ത വെല്ലുവിളികൾ, നേരിട്ട അപകടസാധ്യതകൾ, സ്വന്തം പരിധികളെ നിരന്തരം മറികടക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന അച്ചടക്കം എന്നിവയെല്ലാം ട്രെയിലറിൽ കാണാം.
തീവ്രമായ റേസിംഗ് ദൃശ്യങ്ങൾ, ബിടിഎസ് രംഗങ്ങൾ, അജിത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്നവരുടെ വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ട്രെയിലറിൽ കാണാം. സിനിമയ്ക്ക് പുറത്തുള്ള അജിത്തിന്റെ ജീവിതത്തിലേക്കും റേസിംഗിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിലേക്കും അപൂർവമായൊരു കാഴ്ചയാണ് ട്രെയിലർ നൽകുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ട്രെയിലറിലെ ഏറ്റവും വൈകാരികമായ ഭാഗങ്ങളിലൊന്നാണ് ശാലിനി അജിത്ത് കുമാറും മക്കളായ അനൗഷ്കയും ആദ്വിക്കും പങ്കുവയ്ക്കുന്ന അനുഭവങ്ങൾ. അജിത്തിന്റെ വ്യക്തിജീവിതത്തിലെ ആഴത്തിലുള്ള ഒരു വശമാണ് അവരുടെ വാക്കുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വെല്ലുവിളികളെ പിന്തുടരുക എന്നത് അജിത്തിന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായതിനാലാണ് അദ്ദേഹം പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു.
അജിത്തിന്റെ റേസിംഗ് ടീമിലെ അംഗങ്ങളും ഒരു പ്രൊഫഷണൽ റേസറായി അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചവരും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉയർന്ന തലത്തിലുള്ള എൻഡ്യൂറൻസ് റേസിംഗിൽ മത്സരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകളും സമ്മർദ്ദവും അച്ചടക്കവും നിശ്ചയദാർഢ്യവും സംബന്ധിച്ച ആധികാരികമായ കാഴ്ചപ്പാടാണ് ഇവരിലൂടെ ലഭിക്കുന്നത്. റേസിംഗ് ട്രാക്ക് മുതൽ പിറ്റ് ലെയിൻ വരെ, സ്വയം വെല്ലുവിളിച്ചുകൊണ്ട് നിരന്തരം പരിശ്രമത്തിലൂടെ മുന്നേറാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയും എന്ന ആശയത്തെ മുൻനിർത്തിയുള്ള യാത്രയാണ് ‘ഗ്ലാഡിയേറ്റേഴ്സ്’ പകർത്തുന്നത്.
ഗോൾഡൻ ട്രോഫി ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ ഷാലിനി അജിത്ത് കുമാർ നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം വിജയ് ആണ്. ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. നവംബർ 19ന് ഈ ഡോക്യുമെന്ററി റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് അജിത്ത് കുമാറിന്റെ ശ്രദ്ധേയമായ റേസിംഗ് യാത്ര ബിഗ് സ്ക്രീനിലൂടെ അടുത്തറിയാനുള്ള അവസരമായിരിക്കും ചിത്രം ഒരുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates