നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ സീതയായി വേഷമിടാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി കാണുന്നുവെന്ന് നടി സായി പല്ലവി. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ അർഹയാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിവ്യൂ നാഷനു നൽകിയ അഭിമുഖത്തിലാണ് സായി പല്ലവി മനസ്സുതുറന്നത്.
'എനിക്കിപ്പോഴും അറിയില്ല ഈ സിനിമയിൽ അഭിനയിക്കാൻ ഞാൻ അർഹയാണോ എന്ന്. പക്ഷേ, ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. സീതയുടെ വേഷം ചെയ്യാൻ കഴിഞ്ഞതിലൂടെ വ്യക്തിജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നാണ് കരുതുന്നത്. ഈ കഥാപാത്രം എന്റെ ജീവിതത്തിൽ വളരെ നിർണായകമായിരുന്നു. ഈ വേഷം ചെയ്യാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്' സായി പല്ലവി പറഞ്ഞു.
ആത്മീയതയിലേക്കുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. ആത്മീയതയെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും ജീവിതത്തെയും ആത്മീയതയെയും നോക്കിക്കാണുന്ന രീതിയിൽ വ്യക്തികൾക്കിടയിൽ വ്യത്യാസമുണ്ടെന്നും സായി പല്ലവി പറഞ്ഞു.
രാമന്റെയും രാവണന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനും വലിയ സമ്മർദമുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് രാവണന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടന് വലിയ ഉത്തരവാദിത്തമാണുള്ളത്. കാരണം, ചിത്രത്തിന്റെ അവസാനത്തോടെ പ്രേക്ഷകർ വെറുക്കാൻ ഇടയുള്ള കഥാപാത്രമാണത്.
സായിയുടെ ആത്മീയ വ്യക്തിത്വത്തെക്കുറിച്ച് സഹതാരങ്ങളായ രൺബീർ കപൂറും യഷും അഭിമുഖത്തിൽ സംസാരിച്ചിരുന്നു. താൻ കണ്ടുമുട്ടിയിട്ടുള്ളവരിൽ ഏറ്റവും ആത്മീയതയുള്ള വ്യക്തികളിലൊരാളാണ് സായി പല്ലവിയെന്നാണ് രൺബീർ പറഞ്ഞത്. സായിയുടെ വ്യക്തിത്വത്തിലും അവരുടെ ഓറയിലും ആത്മീയത നിറഞ്ഞുനിൽക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
താൻ ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഒരിക്കലും സ്വയം ഏറ്റെടുക്കാത്ത വ്യക്തിയാണ് സായിയെന്നും എല്ലാത്തിന്റെയും അംഗീകാരം ദൈവത്തിനോ പ്രപഞ്ചത്തിനോ നൽകുന്നയാളാണ് അവരെന്നും യഷും പറഞ്ഞു.
രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ യഷാണ് രാവണനെ അവതരിപ്പിക്കുന്നത്. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates