സിനിമയിലെത്തിയ ശേഷമാണ് കൃത്യമായ വർക്ക്ഔട്ട് ശീലമാക്കിയതെന്നും സിക്സ് പാക്ക് നിലനിർത്തുന്നത് അത്ര ആരോഗ്യകരമല്ലെന്ന് മനസ്സിലായതോടെ അതിൽനിന്ന് പിന്മാറിയെന്നും നടൻ ലുക്ക്മാൻ അവറാൻ. ‘തല്ലുമാല’ സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ജിമ്മിൽ പോയതെന്നും താരം പറഞ്ഞു. തന്റെ ഫിറ്റ്നസ് ശീലങ്ങളെക്കുറിച്ച് ക്ലബ് എഫ്എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിക്സ് പാക്ക് നേടുന്നതിനേക്കാൾ അത് നിലനിർത്തുന്നതാണ് പ്രയാസമെന്ന് ലുക്ക്മാൻ പറയുന്നു. ചിലർക്ക് ജന്മനാ മികച്ച ശരീരഘടന ലഭിക്കാറുണ്ട്. എന്നാൽ തന്റെ ശരീരം അത്തരത്തിലുള്ളതല്ലെന്നും സിക്സ് പാക്ക് നേടാൻ ഏറെ പരിശ്രമിക്കേണ്ടിവന്നെന്നും താരം വ്യക്തമാക്കി.
സിക്സ് പാക്ക് നിലനിർത്താൻ ഭക്ഷണത്തിലും വെള്ളം കുടിക്കുന്നതിലുമടക്കം കൃത്യമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. ഇത് ആരോഗ്യകരമായ രീതിയല്ലെന്ന് ഫിറ്റ്നസുമായി ബന്ധപ്പെട്ടവരിൽനിന്ന് മനസ്സിലായതോടെയാണ് ആ രീതി ഉപേക്ഷിച്ചത്.
എന്നാൽ വ്യായാമം പൂർണമായും നിർത്തിയിട്ടില്ല. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മുടങ്ങാതെ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ലുക്ക്മാൻ പറഞ്ഞു. ലുക്ക്മാൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഡിസ്കോ’. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് മനസുതുറന്നത്.
ലുക്ക്മാന്റെ വാക്കുകളിലേക്ക്:
സിക്സ് പാക്ക് മെയിന്റയിൻ ചെയ്യുന്നത് പ്രയാസമാണ്. ചിലർക്ക് അത് അങ്ങനെതന്നെ ഉണ്ടാകും. ജന്മനാ അത്തരം ബോഡിയൊക്കെ കിട്ടുന്ന ആളുകൾ ഉണ്ടാകും. ജസ്റ്റ് ഒന്ന് വർക്ക് ഔട്ട് ഒക്കെ ചെയ്ത് ഡയറ്റൊക്കെ പിടിച്ചാൽ സിക്സ് പാക്ക് വരും. എന്റേത് അങ്ങനെയുള്ള ബോഡിയല്ല. അതിലേക്കു വരാൻ കുറച്ച് പണിയെടുത്തു.
സിക്സ് പാക്ക് വന്നെങ്കിലും പിന്നീട് അതു മെയിന്റെയിൻ ചെയ്യുന്നത് അത്ര ആരോഗ്യകരമല്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും പറഞ്ഞുകേട്ടത്. വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം വളരെ പിടിച്ച് പിടിച്ച് ചെയ്യണം. അപ്പോൾ ഞാനത് വിട്ടു. അതിനർത്ഥം പൂർണമായും ഉപേക്ഷിച്ചു എന്നല്ല. ആഴ്ചയിൽ മൂന്നു ദിവസമൊക്കെ മുടങ്ങാതെ വർക്ക് ഔട്ട് ചെയ്യും.
ആ ലൈഫ്സ്റ്റൈലിലേക്ക് മാറി. വർക്ക് ഔട്ട്, ഹെൽത്ത് ബാൻഡ്, വൂപ്പ് ഒക്കെയായി. ഇപ്പോൾ അതാലോചിച്ച് ടെൻഷനടിക്കും. അയ്യോ ഇന്ന് ഉറങ്ങിയില്ലല്ലോ എന്നൊക്കെ. അല്ലായിരുന്നപ്പേൾ അത്തരമൊരു ചിന്തയുണ്ടായിരുന്നില്ല.
ഞാൻ സിനിമയിൽ വന്നതിനു ശേഷമാണ്, പ്രത്യേകിച്ചും തല്ലുമാലയിൽ വന്ന ശേഷമാണ് ഞാൻ ജിമ്മിൽ തന്നെ കയറിത്തുടങ്ങിയത്. അപ്പോൾ മുതലാണ് ഞാൻ വർക്ക് ഔട്ട് സ്റ്റാർട്ട് ചെയ്തത്. തല്ലുമാലയിൽ ഫൈറ്റും പരിപാടികളും ഉള്ളതുകൊണ്ട് ബോഡി സെറ്റാവാനായി വെയിറ്റ് കുറച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates