ബോളിവുഡിലെ പ്രണയനായകനെന്ന വിശേഷണത്തിൽ നിന്ന് മാറി പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇനി താൽപര്യമെന്ന് നടൻ ഷാരൂഖ് ഖാൻ. തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞ നടിക്കൊപ്പം പ്രണയരംഗം ചിത്രീകരിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്.
തന്റെ പുതിയ ചിത്രമായ 'കിംഗ്'ലെ ഗാനമായ 'ഡാഡി കൂൾ' പുറത്തിറക്കുന്ന ചടങ്ങിൽ സംവിധായകൻ കരൺ ജോഹറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൾ സുഹാന ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമ കാണുന്ന പെൺകുട്ടികൾക്ക് 'എന്റെ അച്ഛനും ഇങ്ങനെയായിരിക്കണം' എന്ന് തോന്നണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ നടിക്കൊപ്പം പ്രണയം തുറന്നുപറയുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. എന്നാൽ രംഗത്തിനിടെ മനസിൽ തോന്നിയ കാര്യം മറ്റൊന്നായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.
'ഞാൻ അവളോട് പ്രണയം തുറന്നുപറയുന്ന രംഗമായിരുന്നു. അപ്പോൾ മനസിൽ വന്നത്, നാളെക്കുള്ള കണക്ക് ഹോംവർക്ക് ചെയ്തോ മോളേ എന്ന് ചോദിക്കാനാണ്' എന്നായിരുന്നു ഷാരൂഖിന്റെ തമാശ കലർന്ന പ്രതികരണം. ചിത്രത്തിന്റെയോ നായികയുടെയോ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
തന്നോടൊപ്പം അഭിനയിക്കുന്ന നായികമാരുമായുള്ള പ്രായവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാറ്റം വേണമെന്ന് തോന്നിയതെന്നും താരം പറഞ്ഞു. ഇപ്പോൾ 61 വയസായെന്നും അതിനാൽ സ്വന്തം പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും ഷാരൂഖ് വ്യക്തമാക്കി. 61 വയസുള്ള ഒരാൾക്ക് എത്രത്തോളം കൂളാകാൻ കഴിയുമോ അത്രത്തോളം കൂളായി തുടരാനാണ് താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ചിന്തയുടെ ഭാഗമായാണ് 'കിംഗ്' എന്ന ചിത്രത്തിൽ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും ഷാരൂഖ് പറഞ്ഞു. ചിത്രത്തിലെ തന്റെ സംഭാഷണങ്ങളും കഥാപാത്രത്തിന്റെ പെരുമാറ്റവും പ്രായവുമായി ചേർന്നുനിൽക്കണമെന്നാണ് ആഗ്രഹം.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്രോഫ്, അർഷദ് വാർസി, രാഘവ് ജുയാൽ, ജയ്ദീപ് അഹ്ലാവത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസംബർ 24നാണ് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates