തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ എവിടെയും സൂപ്പർ സ്റ്റാർ വിജയ്‌യെ കുറിച്ചുള്ള ചർച്ചകളാണ്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി തൃഷയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ വിജയ്‌യും തൃഷയും മാത്രമല്ല, മറ്റൊരാൾ കൂടി അന്നേ ദിവസം ആരാധകർക്കിടയിൽ നിറഞ്ഞു നിന്നിരുന്നു.
അത് മറ്റാരുമല്ല, തമിഴ് നടൻ ജയ് ആണ്. സിനിമയിൽ വന്ന നാൾ മുതൽ തുടങ്ങിയ സൗഹൃദമാണ് ജയ്‌യും വിജയ്‌യും തമ്മിൽ. വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതിന് സാക്ഷ്യം വഹിച്ച് ജയ്‌യും വിജയ്ക്ക് അരികിൽ തന്നെയുണ്ടായിരുന്നു. ശരിക്കുമൊരു അണ്ണൻ തമ്പി ബന്ധം തന്നെയാണ് ഇരുവർക്കുമിടയിലുള്ളത്.
താൻ സിനിമയിൽ നിലനിൽക്കുന്നതിന് പ്രധാന കാരണം വിജയ് ആണെന്ന് ജയ് പറഞ്ഞു. വിജയ്‌യോടുള്ള കടപ്പാട് അറിയിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നും ജയ് പറഞ്ഞിരുന്നു. വിജയ് സ്വന്തമാക്കിയ ഈ വിജയം താൻ വളരെ മുൻപേ മനസിൽക്കണ്ടതായിരുന്നുവെന്നും ജയ് പറഞ്ഞു.
‘നമുക്കുള്ളിൽ ശക്തമായ ഒരു വിശ്വാസമുണ്ടാകുമല്ലോ. ജനങ്ങൾ പ്രതീക്ഷിക്കുന്നതുപോലൊരു ഭരണം അടുത്ത അഞ്ച് വർഷക്കാലം ഉണ്ടാകുമെന്നുറപ്പുണ്ട്. നെഗറ്റിവിറ്റിയെക്കുറിച്ചും പഴയ കാലത്തെക്കുറിച്ചും ഇപ്പോൾ പറയേണ്ടതില്ല. കാരണം അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റല്ലോ. ഇനിയെല്ലാം നല്ലതേ നടക്കൂ.
പറഞ്ഞതുപോലെ അദ്ദേഹം പ്രവർത്തിക്കും. പറയാത്തകാര്യം ചെയ്യില്ല. വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹം നിറവേറ്റും. എല്ലാവർക്കും നല്ല ആത്മവിശ്വാസത്തോടെ നിൽക്കാം. തമിഴ്നാട് നല്ല പാതയിലൂടെ നയിക്കപ്പെടും. വിജയം സുനിശ്ചിതം.’- ജയ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മരുതു വാനിലൈയുടെ പ്രീ റിലീസ് ഇവന്റിലും വിജയ്‌യോടുള്ള ജയ്‌യുടെ സ്നേഹം കാണാമായിരുന്നു.
വിജയ്‌യുടെ ഐക്കണിക് ഡയലോഗായ 'എൻ നെഞ്ചിൽ കുടിയിരിക്കും...' പറഞ്ഞു കൊണ്ടിയിരുന്നു ജയ് തന്റെ പ്രസംഗം ആരംഭിച്ചത്. കുറേ നാളുകളായി ഇത് ഒരു വേദിയിൽ പറയണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ജയ് പറഞ്ഞു.
അതേസമയം ഭഗവതി എന്ന ചിത്രത്തിലാണ് അണ്ണനും തമ്പിയുമായി വിജയ്‌യും ജയ്‌യുമെത്തിയത്. ടിവികെയുടെ പ്രചാരണ പരിപാടികളിലും ജയ് വളരെ സജീവമായിരുന്നു. ഇനി കുട്ടി ദളപതി നിങ്ങൾ ആണെന്നാണ് ജയ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ താഴെ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates