അമ്മ ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം പഴിചാരല്‍ ഒക്കെയായി സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് താന്‍ രാജിവച്ചതെന്നാണ് ജോയ് മാത്യു പറയുന്നത്. വിവാദങ്ങള്‍ക്കിടെ ഇന്നലെയാണ് ജോയ് മാത്യു, ജയന്‍ ചേര്‍ത്തല, കൈലാഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവച്ചത്.
അമ്മയില്‍ ഭൂരിപക്ഷവും മണ്ടന്മാരാണെന്നും തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാജിയുടെ കാരണമായി ജോയ് മാത്യു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
''ഞാന്‍ രണ്ട് മാസം മുമ്പേ രാജിക്കത്ത് കൊടുത്തതാണ്. രാജി വെക്കരുത്, വാര്‍ത്തയാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഞാന്‍ കാരണം ഒരു പ്രശ്‌നം വേണ്ട. മുന്നോട്ട് പോവുകയാണെങ്കില്‍ പോവട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോള്‍ സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം പഴി ചാരല്‍, കോടതി, ഇങ്ങനെയൊക്കെയായിട്ട് ഈ സംഘടനയുടെ പ്രതിച്ഛായ തകര്‍ന്നു. രാജിവെക്കുന്നുവെന്ന് പറയുന്നു, പിന്നെ പറയുന്നു രാജി വച്ചില്ലെന്ന്. അങ്ങനെ, തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത സംഘത്തിന്റെ കൂടെ പോകാന്‍ എനിക്ക് ബുദ്ധിമുട്ടാണ്'' എന്നാണ് ജോയ് മാത്യു പറഞ്ഞത്.
ഞാന്‍ അതിലൊരു ന്യൂനപക്ഷമാണ്. എന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരേയുള്ളൂ. ഭൂരിപക്ഷം മണ്ടന്മാരും അത് അംഗീകരിക്കില്ല. എന്നിട്ട് മണ്ടത്തരം ചെയ്യും. ഈ ചെയ്ത മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും ജോയ് മാത്യു.
''ശ്വേത തന്നെയാണ് നിലവിലെ പ്രസിഡന്റ്. ജനറല്‍ ബോഡിയില്‍ ഞാന്‍ രാജി വെക്കുന്നുവെന്ന് ഇമോഷണല്‍ ആയി പറഞ്ഞാല്‍ ഡോക്യുമെന്റേഷന്‍ ആകില്ല. അഡ്‌ഹോക് കമ്മിറ്റിയ്ക്ക് യാതൊരു അസ്ഥിത്വവുമില്ല. കാരണം ബൈ ലോയില്‍ അങ്ങനൊരു കമ്മിറ്റിയെക്കുറിച്ച് പറയുന്നില്ല. അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരണമെങ്കില്‍ ജനറല്‍ ബോഡി തെരഞ്ഞെടുക്കുകയോ, രാജിവച്ചു പോയ ഭരണസമിതി തീരുമാനിക്കുകയോ വേണം. അല്ലാതെ നാലഞ്ച് പേര്‍ വന്ന് ഞങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിയാണെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?'' എന്നും ജോയ് മാത്യു ചോദിക്കുന്നു.
മോഹന്‍ലാല്‍ പ്രസിഡന്റായിരുന്നപ്പോള്‍ എതിര്‍ത്തു പറയേണ്ട ആവശ്യംപോലും വന്നിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരാണ്. തിലകന്റെ കാര്യത്തിലുള്‍പ്പടെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും സംഘടനയുടെ മറ്റ് കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നിട്ടില്ല. തിരുത്താന്‍ ശ്രമം നടക്കണമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates