കല്യാണി പ്രിയദർശൻ നായികയായെത്തുന്ന സൂപ്പർ ഹീറോ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. ഓഗസ്റ്റ് 28 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രമെന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. തരംഗം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച അരുൺ ആണ് ലോക സംവിധാനം ചെയ്യുന്നത്.
കല്യാണിക്കൊപ്പം നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി താരങ്ങളാണ് ലോകയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ചിത്രത്തിൽ ഒരു സ്റ്റണ്ട് സീനൊഴികെ ബാക്കിയൊന്നും താൻ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് കല്യാണി മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ലോകയുടെ പോസ്റ്ററുകളും ടീസറുമൊക്കെ പുറത്തുവന്നതിന് പിന്നാലെ ചിത്രം ഹോളിവുഡ് സ്റ്റൈലിലാണ് ഒരുങ്ങുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു സൂപ്പർ ഹീറോ ചിത്രം ആയതു കൊണ്ട് തന്നെ ഹോളിവുഡ് സിനിമകളുമായി ചിത്രത്തെ താരതമ്യപ്പെടുത്തുന്നവരും കുറവല്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നായികയായ കല്യാണി.
അവഞ്ചേഴ്സ്, എക്സ്മെൻ, ഡ്യൂൺ തുടങ്ങിയ ചിത്രങ്ങൾ പോലെയല്ല ലോക എന്നാണ് കല്യാണി ഒരഭിമുഖത്തിൽ പറഞ്ഞത്. മലയാളത്തിൽ അങ്ങനെ കണ്ടിട്ടില്ലാത്ത എന്നാൽ മലയാളികൾക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ചിത്രമായിരിക്കും ലോക എന്നും കല്യാണി പറഞ്ഞു. "എല്ലാവരും ലോകയെ ആ സിനിമകളുമായി താരതമ്യപ്പെടുത്തുകയാണ്.
പക്ഷേ ലോക കുറച്ചൊക്കെ സൂപ്പർ ഹീറോ എലമെന്റുള്ള ഒരു മലയാള സിനിമയാണ്. മലയാളി പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു സിനിമ തന്നെയായിരിക്കും ലോക- ചാപ്റ്റർ വൺ: ചന്ദ്ര.- കല്യാണി പറഞ്ഞു. ഈ സിനിമയിൽ ഞാനൊരു വണ്ടർ വുമണോ, ഒരു ബ്ലാക്ക് വിഡോയോ, സ്കാർലറ്റ് വിച്ചോ അല്ല.
എന്റെ കഥാപാത്രം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. മലയാളികൾ അങ്ങനെ മലയാളത്തിൽ കണ്ട് ശീലിച്ചിട്ടില്ലാത്ത, നമ്മൾ മലയാളികൾക്ക് ഇഷ്ടമാകുന്ന സിനിമയായിരിക്കും ഇതെന്ന് ഉറപ്പാണ്".- കല്യാണി വ്യക്തമാക്കി. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.
നിമിഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് സംഗീതം. ചമൻ ചാക്കോ ആണ് എഡിറ്റിങ്. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രവും ഓണം റിലീസായെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates