രേണുകാസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുത്ത് ഭാര്യ വിജയലക്ഷ്മി. ദർശന്റെ അഭാവത്തിൽ താനായിരിക്കും സോഷ്യൽ മീഡിയ പേജുകൾ ഹാൻഡിൽ ചെയ്യുകയെന്ന് വിജയലക്ഷ്മി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ദർശന്റെ ഒരു ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
"പ്രിയപ്പെട്ട ഡി-ബോസ് സെലിബ്രിറ്റികളേ, നിങ്ങളുടെ ചലഞ്ചിങ് സ്റ്റാർ നിങ്ങളെ ഓരോരുത്തരേയും ഹൃദയത്തിൽ സൂക്ഷിക്കുന്നു. അദ്ദേഹം നിങ്ങളുമായി നേരിട്ട് സംസാരിക്കാൻ തിരിച്ചെത്തുന്നതുവരെ, അദ്ദേഹത്തിന് വേണ്ടി സിനിമയുടെ വിവരങ്ങളും പ്രൊമോഷനുകളും പങ്കുവെക്കുന്നതിനായി ഞാനാണ് ഇനി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുക.
നിങ്ങൾ നൽകുന്ന സ്നേഹവും പ്രാർഥനകളും ക്ഷമയും അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും വലിയ ശക്തി നൽകുന്നു. നമുക്ക് ആ ഐക്യവും പോസിറ്റിവിറ്റിയും മുറുകെ പിടിക്കാം- നിങ്ങൾക്കറിയാവുന്ന അതേ സ്നേഹത്തോടും ഊർജ്ജത്തോടും കൂടി അദ്ദേഹം ഉടൻ മടങ്ങിവരും. നന്ദിയോടെയും സ്നേഹത്തോടെയും, വിജയലക്ഷ്മി ദർശൻ."- എന്നാണ് വിജയലക്ഷ്മി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് വിജയലക്ഷ്മിയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകുമെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. അതേസമയം അടുത്തിടെ ദർശൻ ജാമ്യത്തിലിറങ്ങുകയും ഡെവിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് സുപ്രീം കോടതി ദർശന്റെ ജാമ്യം റദ്ദാക്കി.
തുടർന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡെവിൽ എന്ന ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് മാറ്റുകയും ചെയ്തു. ഓഗസ്റ്റ് 15-നാണ് ഗാനം റിലീസ് ചെയ്യേണ്ടിയിരുന്നത്. ദർശന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിജയലക്ഷ്മി ഏറ്റെടുത്തത് ഡെവിലിന്റെ പ്രചാരണ പരിപാടികൾ നടത്താനാണെന്നാണ് ആരാധകർക്കിടയിലെ സംസാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates