തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് നടി കീർത്തി സുരേഷ് ഇപ്പോൾ. 2024 ൽ പുറത്തിറങ്ങിയ 'ബേബി ജോൺ' എന്ന ചിത്രമാണ് കീർത്തി നായികയായി പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രം. ബോളിവുഡിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാലത് സ്വാഭാവികമായി തന്നെ സംഭവിക്കണമെന്നുണ്ടായിരുന്നുവെന്നും പറയുകയാണ് കീർത്തി.
തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസായ 'അക്ക'യുടെ പ്രൊമോഷന്റെ ഭാഗമായി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഒക്ടോബർ 30 നാണ് 'അക്ക' റിലീസിനെത്തുന്നത്. എപ്പോഴെങ്കിലും ഹിന്ദി സിനിമാ മേഖലയിലേക്ക് വരണമെന്ന് എനിക്ക് തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴത് സംഭവിക്കുകയും ചെയ്തു.
'അക്ക'യിലൂടെയാണ് ഞാൻ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ഇതിനിടെ 'ബേബി ജോൺ' വന്നു. അതിന് ശേഷം രാജ്കുമാർ റാവുവിനൊപ്പം 'റഫ്താർ' എന്നൊരു സിനിമയും ചെയ്തു. ഒരുപാട് സിനിമകൾ ചെയ്യണമെന്നൊന്നുമില്ല. അതൊരിക്കലും മത്സരത്തിന്റെ ഭാഗമായല്ല. എനിക്ക് ഇഷ്ടമുള്ള സിനിമകളാണ് ഞാൻ ചെയ്യുന്നത്.
അങ്ങനെ ഒടുവിൽ ഇതും സംഭവിച്ചു. ഇത് ഞാൻ അങ്ങോട്ട് ചാൻസ് ചോദിച്ച് കിട്ടിയ ഒന്നല്ല, എല്ലാം യാദൃച്ഛികമായി ഒത്തുവന്നതാണ്. ഇനി ഇതിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് ഞാൻ നോക്കട്ടെ". -കീർത്തി സുരേഷ് പറഞ്ഞു.
'സാനി കയിദം' എന്ന സിനിമയിലെ തന്റെ പെർഫോമൻസ് കണ്ടിട്ടാണ് 'അക്ക'യിലേക്ക് സംവിധായകൻ ധർമരാജ് ഷെട്ടി തന്നെ വിളിച്ചതെന്നും കീർത്തി പറഞ്ഞു. 'സാനി കയിദം' എന്ന എന്റെ സിനിമ ധർമ കണ്ടിരുന്നു. അതിലെ എൻ്റെ കഥാപാത്രം വളരെ ശക്തവും എന്നാൽ അതേസമയം ദുർബലതകളുള്ളതുമാണ്. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത് എനിക്ക് ഓർമയുണ്ട്.
'സാനിയെ കണ്ടു'വെന്നാണ് അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, 'ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിങ്ങൾ എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് എനിക്കിപ്പോൾ മനസിലായി'- എന്ന്". -കീർത്തി വ്യക്തമാക്കി. തന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'ഡൊറോത്തി' എന്ന ചിത്രത്തെക്കുറിച്ചും കീർത്തി സുരേഷ് സംസാരിച്ചു.
ലോകമെമ്പാടുനിന്നും 'ഡൊറോത്തി'ക്ക് ലഭിച്ച അംഗീകാരങ്ങളിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും കീർത്തി കൂട്ടിച്ചേർത്തു. "ഞങ്ങൾ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുത്തു, കൂടാതെ മറ്റ് പല അംഗീകാരങ്ങളും ഞങ്ങളെ തേടിയെത്തി.
എല്ലാത്തിനുമുപരിയായി, ആളുകൾ ഈ സിനിമയെ സ്വീകരിച്ചു എന്നതും, ഇതൊരു മാറ്റത്തിന് വഴിയൊരുക്കുന്ന സിനിമയായി മാറി എന്നതും വളരെ സംതൃപ്തി നൽകുന്ന കാര്യമാണ്. അതുകൊണ്ട്, ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്".- കീർത്തി പറഞ്ഞു. ഹിന്ദി സിനിമകളിലും തെന്നിന്ത്യൻ സിനിമകളിലും സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തോടും കീർത്തി പ്രതികരിച്ചു.
"എല്ലാ ഭാഷകളിലെയും സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് നടി പറഞ്ഞു. തുടക്കത്തിൽ ഞാൻ നായക പ്രാധാന്യമുള്ള, പുരുഷകേന്ദ്രീകൃതമായ സിനിമകളിലാണ് അഭിനയിച്ചത്. അത്തരം സിനിമകളിൽ സ്ത്രീകൾക്ക് വളരെ കുറച്ച് സ്പെയ്സ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ".- നടി പറഞ്ഞു.
തന്റെ കഴിവ് തെളിയിക്കാൻ ഒരൊറ്റ അവസരം മാത്രമാണ് തനിക്ക് വേണ്ടിയിരുന്നതെന്നും, നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അത് സാധ്യമായെന്നും നടി പറഞ്ഞു. "ഇപ്പോൾ എല്ലാ ഇൻഡസ്ട്രിയിലും നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും കാണാൻ പറ്റുന്നുണ്ട്.
അതുകൊണ്ട് എനിക്കൊന്നും വേർതിരിച്ച് കാണാനാകില്ല. അതായത്, തമിഴിൽ അങ്ങനെയുണ്ട്, മലയാളത്തിൽ ഇങ്ങനെയുണ്ട്... അങ്ങനെയൊന്നും പറയാനാകില്ല. എങ്കിലും, മൊത്തത്തിൽ നോക്കുകയാണെങ്കിൽ നമ്മൾ വലിയൊരു നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്". -കീർത്തി സുരേഷ് പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates