Liju Krishna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഈ​ഗോയുടെ പുറത്ത് ​ഗീതു മോഹൻദാസ് കെട്ടിച്ചമച്ച കള്ളക്കേസ്'; ബലാത്സം​ഗക്കേസിൽ കുറ്റവിമുക്തനായി സംവിധായകൻ ലിജു കൃഷ്ണ

'അങ്ങനെ ആ അഭിപ്രായ വ്യത്യാസങ്ങൾ വളർന്ന് തർക്കങ്ങളായി മാറി'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: സംവിധായകയും നടിയുമായ ​ഗീതു മോഹൻദാസിനെതിരെ ​ഗുരുതര ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. വെറുമൊരു ഈ​ഗോയുടെ പുറത്ത് കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്ന് ലിജു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗ കേസിൽ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിജു കൃഷ്ണ.

എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊച്ചി സ്വദേശിനിയുടെ പരാതിയിലായിരുന്നു ലിജുവിനെതിരെയുള്ള കേസ്. 2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും ഹോട്ടലുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. കണ്ണൂരിലെ സിനിമാ സെറ്റിൽ വച്ചാണ് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ലിജു കൃഷ്ണ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു നിവിൻ പോളി നായകനായ ‘പടവെട്ട്’. സംവിധായകന്റെ അറസ്റ്റോടെ അന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു.

"സത്യം ജയിച്ചിരിക്കുകയാണ്. എനിക്കും എന്റെ കുടുംബത്തിനും എന്റെ കൂട്ടുകാർക്കുമൊക്കെ ഇന്ന് നീതി കിട്ടി. ഞങ്ങളുടെ ഭാ​ഗത്തുള്ള പൂർണമായ ശരികൾ കോടതിയുടെ മുൻപിൽ ബോധിപ്പിക്കാനായി. 2022 മാർച്ചിലാണ് ഇങ്ങനെയൊരു കള്ളക്കേസ് കൊടുത്ത് എന്നെ സിനിമയുടെ ലൊക്കേഷനിൽ വച്ച് അവസാന ദിവസത്തെ ഷൂട്ടിനിടയിൽ നിന്ന് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

അന്ന് തൊട്ട് ഈ അഞ്ച് വർഷക്കാലം വലിയ ദുരന്തങ്ങളാണ് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ നടന്നു കൊണ്ടിരുന്നത്. അച്ഛന് നാട്ടിലൊരു കടയുണ്ടായിരുന്നു. ഈ വാർത്ത അറിഞ്ഞ അന്ന് മുതൽ അച്ഛൻ വീട്ടിലിരിപ്പായതാണ്. പിന്നെ ഇതുവരെ കടയിലേക്ക് പോയിട്ടില്ല. വീട്ടിലോ നാട്ടിലോ ഉള്ള ഫങ്ഷനു പോലും ഇതുവരെ എന്റെ അച്ഛനും അമ്മയും പോയിട്ടില്ല, കഴിഞ്ഞ അഞ്ച് വർഷമായിട്ട്.

എന്റെ വീടിന്റെ മുൻവാതിൽ ഇതിന് ശേഷം ശരിക്കും അടഞ്ഞു കിടക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നും പ്രയാസമായിരുന്നു, അവർ പിന്നീട് രോ​ഗബാധിതരായി കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷക്കാലം എനിക്കെന്റെ തൊഴിൽ ചെയ്യാൻ പറ്റിയിട്ടില്ല. ഞാനൊരു കലാകാരനാണ്. കലാ-സാംസ്കാരിക രം​ഗത്തു നിന്ന് എന്നെ പൂർണമായും മാറ്റി നിർത്തി.

അങ്ങനെ ജീവിതത്തിൽ നമുക്കുണ്ടായിരുന്ന മനുഷ്യർ, ബന്ധങ്ങളെല്ലാം നമ്മളെ വിട്ടു പോവുകയാണ് ചെയ്യുന്നത്. എണ്ണിയാൽ തീരാത്തത്ര പ്രശ്നങ്ങളാണ് ഇങ്ങനെയൊരു കള്ളക്കേസിലൂടെ ജീവിതത്തിലുണ്ടായത്. ഈ ഒരു നിമിഷത്തിൽ ഞാനൊരു മത്സരത്തിനൊന്നുമില്ല. ഞാനൊരു പോരാട്ടത്തിനൊന്നുമില്ല.

പക്ഷേ ചില സത്യങ്ങൾ, ചില കാര്യങ്ങൾ തുറന്നുകാട്ടണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നുണ്ട്. എന്റെ ആദ്യത്തെ സിനിമയായിരുന്നു 'പടവെട്ട്'. ഈ പടത്തിന്റെ ക്രിയേറ്റീവ് ഡിസ്കഷന്റെ ഭാ​ഗമായിട്ട് മലയാളത്തിൽ തന്നെയുള്ള ഒരു സീനിയർ സംവിധായകയുമായിട്ട് ചില അഭിപ്രായവ്യത്യാസങ്ങൾ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ഉണ്ടായിരുന്നു. അങ്ങനെ ആ അഭിപ്രായ വ്യത്യാസങ്ങൾ വളർന്ന് തർക്കങ്ങളായി മാറി. അതിന്റെ വെറുമൊരു ഈ​ഗോയുടെ പുറത്ത് ഇതുപോലെയൊരു കള്ളക്കേസ് കെട്ടിച്ചമച്ച് സമ്മർദ്ദമുണ്ടാക്കി കള്ളക്കേസ് എടുപ്പിച്ച ഒരു നാൾവഴികളാണ് ഈ കേസിനുള്ളത്.

ഈ സംവിധായിക എന്ന് പറയുന്ന വ്യക്തിയുടെ പേര് ​ഗീതു മോഹൻദാസ് എന്നാണ്. വിചാരണക്കിടയിൽ ഇവരുടെ ഇടപെടലുകളുടെ കാര്യങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. എന്റെ അറസ്റ്റിന് ശേഷം അവർ പെട്ടെന്ന് ചെയ്യാൻ ശ്രമിച്ചത്, എന്റെ സിനിമയിൽ നിന്ന് എന്റെ പേര് എടുത്ത് കളയാനും സിനിമയുടെ റിലീസ് തടയാനുമായിരുന്നു. അതിന് വേണ്ടി കേരളത്തിലുള്ള ഒട്ടുമിക്ക സംഘടനകൾക്കും വക്കീൽ നോട്ടീസ്, ഫോൺകോളുകൾ, മെയിലുകൾ എല്ലാം നിരന്തരം അയച്ചു കൊണ്ടിരുന്നു.

ഇത് ഡബ്ല്യുസിസി എന്ന സംഘടനയുടെ അധികാരം ഉപയോ​ഗിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയോട് എനിക്കൊരെതിർപ്പുമില്ല. അവരുടെ ആശയങ്ങളെ ബഹുമാനമാണ്. അവരുടെ ആവശ്യം ഈ കാലഘട്ടത്തിൽ സിനിമയിൽ വളരെയധികം പ്രധാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഡബ്ല്യുസിസിയുടെ അംഗമായി നിന്നുകൊണ്ട് ഡബ്ല്യുസിസിയുടെ അധികാരം ദുർവിനിയോ​ഗം ചെയ്ത് എന്നെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ച ഒരു കേസായിരുന്നു സത്യത്തിൽ ഇത്.

ഇതുപോലെയുള്ള ഇടപെടലിലൂടെ യഥാർഥത്തിൽ പ്രയാസങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന പെൺകുട്ടികൾക്ക് ലഭിക്കേണ്ട നീതിയ്ക്കും വിശ്വാസ്യതയ്ക്കുമൊക്കെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകും. അങ്ങനെ വരരുതെന്ന് ഞാനാ​ഗ്രഹിക്കുന്ന കൊണ്ടാണ് ഈ കള്ളത്തരത്തെ ഞാൻ തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്". - ലിജു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Director Liju Krishna allegations against Geetu Mohandas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'

എറിഞ്ഞത് 276 പന്തുകള്‍; ഒരു വിക്കറ്റും വീഴ്ത്താതെ ബുംറ!

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് സര്‍ക്കാര്‍ 60 ലക്ഷം അനുവദിച്ചു

ജീവിതം മോഡേൺ ആകാം, പക്ഷെ അടുക്കളയിൽ ഇവ ഒരിക്കലും കാലിയാക്കരുത്

കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല; അറിയാം ഡിസംബറിലെ ബാങ്ക് അവധികള്‍