തെന്നിന്ത്യയൊട്ടാകെ സെൻസേഷനായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വെറും അഞ്ച് സിനിമകൾ കൊണ്ട് ഒരു ബ്രാൻഡ് തന്നെയായി മാറി ലോകേഷ്. ഇതിനോടകം തന്നെ തമിഴിലെ സൂപ്പർ സ്റ്റാറുകളെ വച്ച് സിനിമയും ഒരുക്കി കഴിഞ്ഞു ലോകേഷ്. വിജയ്, കമൽ ഹാസൻ എന്നിവർക്ക് ശേഷം രജനികാന്തിനൊപ്പമാണ് ലോകേഷ് തന്റെ പുതിയ ചിത്രം കൂലിയുമായി വരുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് കൂലിക്കായി അണിനിരക്കുന്നത്. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രത്തിന്റെ എഫർട്ടുകളെ പറ്റി പങ്കുവെയ്ക്കുകയാണ് സംവിധായകനായ ലോകേഷ് കനകരാജ്.
കൂലി എന്ന ഒരൊറ്റ സിനിമയ്ക്ക് വേണ്ടി രണ്ടു വർഷങ്ങൾ ചെലവായി എന്നും, തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞ രണ്ട് വർഷങ്ങൾ എവിടെപ്പോയെന്ന് തനിക്ക് യാതൊരു പിടിയുമില്ലെന്നും ലോകേഷ് കനകരാജ് പറഞ്ഞു. അടുത്തിടെ ഒരു കന്നഡ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലോകേഷ്.
സിനിമയല്ലാതെ മറ്റൊന്നും തന്റെ ചിന്തയിലില്ലായിരുന്നുവെന്നും രണ്ട് വർഷക്കാലയളവിൽ ഒരുപാട് കാര്യങ്ങൾ ഒഴിവാക്കേണ്ടി വന്നുവെന്നും ലോകേഷ് പറഞ്ഞു. ഫാമിലിയുമായോ സുഹൃത്തുക്കളുമായോ അധികം സമയം ചെലവഴിക്കാൻ സാധിച്ചിട്ടില്ലെന്നും ലോകേഷ് കനകരാജ് പറഞ്ഞു. എന്റെ ഈ 36-37 വർഷത്തെ ജീവിതത്തിനിടയിൽ കൂലിക്കായി ഞാൻ ചെലവഴിച്ച പരിശ്രമം വളരെ വലുതാണ്.
റിലീസിന് ശേഷം ഇത് പ്രേക്ഷകർ ഇഷ്ടമാണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു ഹൈ ഉണ്ട് ആ ഒരു കാര്യത്തിന് വേണ്ടിയാണ് ഈ എഫർട്ടുകളെന്ന് ലോകേഷ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ മോണിക്ക എന്ന ഗാനവും പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates