തിരുവനന്തപുരം: ചില വ്ലോഗർമാർ തനിക്കെതിരെയും തന്റെ സിനിമയ്ക്കെതിരെയും ആസൂത്രിതമായി ഹേറ്റ് ക്യാംപെയ്ൻ നടത്തുന്നുവെന്ന് നടൻ മാധവ് സുരേഷ്. താൻ നായകനായെത്തിയ 'അങ്കം അട്ടഹാസം' എന്ന സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റീവ് പരാമർശങ്ങൾക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.
"എന്റെ സിനിമ മാത്രമല്ല, കുറച്ചു കാലങ്ങളായിട്ട് ഒരുപാട് പേർ കഷ്ടപ്പെട്ട് എടുക്കുന്ന സിനിമയെ ഒരു കാര്യവുമില്ലാതെ കാശ് വാങ്ങിയോ, കാശ് വാങ്ങാതെയോ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പേഴ്സണൽ അജണ്ട വച്ചിട്ടായിരിക്കും, അതിനെ വിമർശനമെന്നോ നെഗറ്റീവ് റിവ്യൂ എന്നോ പറയാനാകില്ല. ഭയങ്കരമായിട്ട് അവഹേളിക്കുന്നതു പോലെയാണ് പറഞ്ഞ് കളയുന്നത്.
അത് അത്ര നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നെഗറ്റീവ് പറയാം, പോസിറ്റീവ് പറയാം. അത് ഈയൊരു പ്രൊജക്ടിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. എനിക്കൊരു അവസരം തന്നത് ഒരു സ്വതന്ത്ര നിർമാതാവ് ആണ്. അതുപോലെ ഇനിയും ഒരുപാട് പേർക്ക് മലയാള സിനിമ നിർമിക്കാൻ പറ്റട്ടെ. അതിനുള്ള ഒരു അവസരം നമ്മൾ തന്നെ ഉണ്ടാക്കി കൊടുക്കുക എന്ന പ്രതീക്ഷയോടെ ഞാനിവിടെ ഇരിക്കുകയാണ്.
അവസാനമായി എനിക്ക് പറയാനുള്ളത് ഹേറ്റ് ക്യാംപെയ്നിങ്ങിനെ കുറിച്ചാണ്. ഞാൻ അതേക്കുറിച്ച് വീണ്ടും കൂടുതൽ വിശദീകരിക്കുന്നില്ല. അത്യാവശ്യം ഒരു ന്യൂട്രലായി കാര്യങ്ങൾ മനസിലാകുന്ന ഏതൊരു മനുഷ്യനും എന്തുകൊണ്ടായിരിക്കും എനിക്ക് കിട്ടുന്ന ഹേറ്റ് എന്ന് മനസിലാകും. ഞാനൊരിക്കലും പറഞ്ഞിട്ടില്ല, ഞാനൊരു വലിയ നടനാണെന്നോ പെർഫോമർ ആണെന്നോ ഒന്നും.
ഞാൻ ഈ മേഖലയിൽ പഠിച്ച് എന്റെ പണി നോക്കി പോകുന്ന ഒരാൾ ആണ്. ആ എന്റെ സിനിമയെ പോലും പല പല രീതിയിൽ സെൻസില്ലാത്ത രീതിയിൽ പറയുമ്പോൾ ഒരു പരിധി വരെ നമുക്ക് മനസിലാകും ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന്. രാഷ്ട്രീയപരമായിട്ടോ അല്ലെങ്കിൽ വേറെ കാരണം കൊണ്ടോ വ്യക്തിപരമായിട്ടോ ഒക്കെയായിരിക്കും. എന്നെ ഇങ്ങനെ പറയുമ്പോഴേക്കും എന്റെ ജോലിയെ മാത്രമല്ല അത് ബാധിക്കുന്നത്.
ഇതേപോലെ സ്വന്തം കാശ് മുടക്കി ഒരു സിനിമയെടുത്ത പ്രൊഡ്യൂസറിനെയും സംവിധായകനെയുമൊക്കെയാണ്. സിനിമ ഇറങ്ങി പിറ്റേദിവസം തന്നെ കാണാത്തവർ റിവ്യൂ ഇടുന്നു. അവരോട് ഈ കാണിക്കുന്നത് ശരിയല്ല. ഇതിൽ കൂടുതൽ സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു പിന്തുണയുമില്ലാതെ വരുന്നവർക്ക് ഒരു സപ്പോർട്ട് കിട്ടട്ടെ.
ഒരു നെപോ പ്രൊഡക്ട് ആണ് ഇവിടെയിരുന്ന് ഇത് പറയുന്നത്. എനിക്ക് എന്റെ കയ്യിൽ നിന്ന് എടുത്ത് സഹായിക്കാൻ പറ്റുന്ന ഒരു അവസ്ഥ പോലുമല്ല. പറയുകയാണെങ്കിൽ രാഷ്ട്രീയപരമായിട്ടും എന്നെ അക്രമിക്കുന്നുണ്ട്. എന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് എടുത്ത് നോക്കിക്കഴിഞ്ഞാൽ എന്നെ വിളിക്കുന്നത് എന്തൊക്കെയാണെന്ന് കാണാൻ പറ്റും. എന്റെ വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയുമൊക്കെ പറയുന്നുണ്ട്.
അച്ഛൻ പിന്നെ ഒരു പൊതുപ്രവർത്തകനാണ് പറഞ്ഞോട്ടെ. എന്റെ അമ്മയെയും ചേച്ചിമാരെയും അമ്മൂമ്മയെയും വരെ പറയുന്ന ആൾക്കാരുണ്ട്. എന്റെ അച്ഛൻ മന്ത്രിയായിരിക്കുന്ന അതേ പാർട്ടിയായിട്ട് എന്നെ ചേർത്ത് പറയുന്നുണ്ട്. ഞാൻ വളരെ ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുണ്ട്, എനിക്കൊരു രാഷ്ട്രീയപാർട്ടിയോടും പ്രത്യേകിച്ച് ഒരിഷ്ടിമില്ല.
നല്ല വ്യക്തികൾ ഏത് പാർട്ടിയിൽ വന്നാലും ഞാൻ സപ്പോർട്ട് ചെയ്യും. അത് ഏത് പാർട്ടിയാണെന്ന് എനിക്ക് നോക്കേണ്ട ആവശ്യമില്ല. എന്റെ സംസാരം എന്റെ രാജ്യമാണ് വരുന്നത്. പാർട്ടി വന്നാലെ പല കാര്യങ്ങളും നന്നാകൂ എന്നൊക്കെ അവർക്ക് പറയാൻ പല കാര്യങ്ങളും കാണും. ഞാനൊരു സാധാരണ പൗരനാ.
എനിക്ക് എന്റെ നാട് നന്നായാൽ മതി. അത്രയേ ഉള്ളൂ. അങ്ങനെയുള്ള എനിക്കെതിരെ വരെ രാഷ്ട്രീയപരമായി ഇങ്ങനെ വരുമ്പോൾ, അച്ഛനെ ടാർഗറ്റ് ചെയ്ത് വരുന്നതാകാമെന്ന് എനിക്ക് മനസിലാക്കാം. പക്ഷേ അതിപ്പോൾ എന്റെ കരിയറിനെ ബാധിക്കാൻ തുടങ്ങി. ഇത് ആരോട് എന്ത് പറയണമെന്ന് പോലും അറിയില്ല.
ഞാൻ നിങ്ങളോടാണ് ചോദിക്കുന്നത്, എന്താണ് ഇതിനുള്ള ഒരു പോംവഴി. സത്യസന്ധമായി മര്യാദയ്ക്ക് എന്റെ ജോലി ചെയ്ത് ജീവിച്ച് പോകാൻ നോക്കുന്ന ഒരാളാണ് ഞാൻ".- മാധവ് സുരേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates