ഒന്നര മണിക്കൂര്‍ മഴയൊന്ന് പെയ്തപ്പോഴേക്കും തലസ്ഥാന നഗരിയായ തിരുവനന്തപുരം വെള്ളത്തിലായി. അരമണിക്കൂരിലാണ് താമ്പാനൂര്‍ മുങ്ങിയത്. ഇതിന് പിന്നാലെ ട്രോള്‍ മഴയില്‍ മുങ്ങുകയാണ് നടി മല്ലിക സുകുമാരന്‍. നഗരത്തില്‍ വെള്ളക്കെട്ടില്ലെന്നും വൃത്തിയാക്കാന്‍ സംവിധാനമുണ്ടെന്നും മല്ലിക കഴിഞ്ഞ ദിവസം മേയര്‍ വിവി രാജേഷിനെ പുകഴ്ത്തിയിരുന്നു. പറഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ മഴയില്‍ തിരുവനന്തപുരം മുങ്ങിയതോടെയാണ് മല്ലികയ്‌ക്കെതിരെ ട്രോളുകള്‍ പെയ്തിറങ്ങിയത്.
കഴിഞ്ഞ ദിവസം മേയറിന്റെ ഓഫീസിലെത്തി കാര്‍ത്തിക ദീപം തെളിയിക്കലില്‍ മല്ലിക പങ്കെടുത്തിരുന്നു. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മല്ലിക മേയറെ പുകഴ്ത്തിയത്. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് പ്രശ്‌നം മേയറും കോര്‍പ്പറേഷനും ഇടപെട്ട് പരിഹരിച്ചുവെന്നായിരുന്നു മല്ലിക പറഞ്ഞത്. നഗരത്തില്‍ മുഴുവന്‍ വെള്ളക്കെട്ടായതോടെ ഈ വിഡിയോ ട്രോളുകള്‍ നേരിടുകയാണ്.
''നിങ്ങള്‍ അടക്കമുള്ളവര്‍ പറഞ്ഞു ഇപ്പോ തമ്പാനൂനെ വെള്ളം കുറയുന്നില്ല, പോകുന്നില്ല എന്നൊക്കെ. എന്തിനാ മോനെ ഈ നുണയൊക്കെ പറയുന്നത്. ഞാന്‍ എന്റെ സാരിയും പൊക്കിക്കൊണ്ട് അവിടെ എത്രയോ പ്രാവശ്യം നടന്നിരുന്നു. ഇപ്പോഴാണ് ആ വെള്ളം പോകാനുള്ള ഒരു സംവിധാനം ഉണ്ടായത്'' എന്നായിരുന്നു മല്ലിക പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിലെ മഴയില്‍ തന്നെ നഗരം വെള്ളത്തിലായി. റോഡുകള്‍ മുങ്ങി, റെയില്‍വെ സ്‌റ്റേഷനും ബസ് സ്റ്റാന്‍ഡിനും മുന്നിലെ റോഡുകളും വെള്ളത്തിലായി.
ഇതോടെയാണ് സോഷ്യല്‍ മീഡിയ മല്ലികയെ കളിയാക്കി രംഗത്തെത്തിയത്. 'പ്രകൃതിയ്ക്ക പോലും ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടട്ടില്ല, ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു, യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് വൈശാലി സിനിമയില്‍ കണ്ടിട്ടുണ്ട്, ആദ്യമായി ഒരാള് തള്ളി മഴ പെയ്യിക്കന്നത് കാണുന്നത്, മല്ലിക സുകുമാരന്റെ വാക്കും തിരുവനന്തപുരത്തെ വെള്ളപ്പൊക്കവും! നാക്കിന് ഇത്ര ശക്തിയോ?, സംഗതി മല്ലിക അമ്മച്ചി പഴയ ആര്‍ എസ് എസ്സുകാരി ആണെങ്കിലും, പറഞ്ഞാല്‍ അച്ചട്ടാ.എന്തൊരു കരിനാക്ക്, മുന്‍പ് പ്രളയം വന്നപ്പോള്‍ മോന്റെ ലംബോര്‍ഗിനി അല്ല നാട്ടുകാരുടെ ചേമ്പോര്‍ഗിനി ആണ് രക്ഷിച്ചത് ഓര്‍മ്മ വേണം' എന്നിങ്ങനെയാണ് കമന്റുകള്‍.
ഇന്നലെ ഉച്ചയ്ക്കു 12ന് തുടങ്ങിയ മഴയെത്തുടര്‍ന്നാണ് തമ്പാനൂരിലെ റോഡും നടപ്പാതയും തിരിച്ചറിയാനാകാത്തവിധം വെള്ളംനിറഞ്ഞത്. ഓടകളിലെ മാലിന്യം നീക്കംചെയ്യാത്തതും വെള്ളക്കെട്ടിനു കാരണമായി. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡിലൂടെ ഒഴുകി. മഴ ഒന്നരയോടെ അവസാനിച്ചെങ്കിലും വെള്ളക്കെട്ട് രണ്ടരയോടെയാണ് ഇറങ്ങിത്തുടങ്ങിയത്. അതേസമയം താന്‍ ഗോവയിലാണെന്നും മടങ്ങിയെത്തിയ ശേഷം വെള്ളക്കെട്ടിന്റെ കാരണം പരിശോധിക്കുെന്നും മേയര്‍ വിവി രാജേഷ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates